Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ നിരോധനാജ്ഞയും ഗതാഗത നിയന്ത്രണവും; 11 മെട്രോ സ്റ്റേഷനുകൾ അടച്ചു

text_fields
bookmark_border
ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ നിരോധനാജ്ഞയും ഗതാഗത നിയന്ത്രണവും; 11 മെട്രോ സ്റ്റേഷനുകൾ അടച്ചു
cancel

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ എസ്. ഐ.ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തർമന്തറിൽ നടക്കാനിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ.

പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമായി നിയന്ത്രിക്കുന്നതിനുമായി ന്യൂഡൽഹി ജില്ലയിൽ നിരോധനാജ്ഞ നിലവിലുണ്ട്. മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത്, ഘോഷയാത്രകൾ, പ്രകടനങ്ങൾ, ധർണകൾ, മുദ്രാവാക്യം വിളിക്കൽ, പ്രസംഗങ്ങൾ എന്നിവക്ക് നിയന്ത്രണമുണ്ട്. ആയുധങ്ങൾ, ബാനറുകൾ, പ്ലക്കാർഡുകൾ, വടികൾ തുടങ്ങിയവ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിയമനടപടിയുണ്ടാകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

പ്രതിഷേധത്തിന് വലിയ ജനക്കൂട്ടം എത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന പ്രവേശനപാതകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തും അവിടേക്കുള്ള റോഡുകളിലും വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) സുപ്രധാന അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജൻപത്, പട്ടേൽ ചോക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചോക്ക്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐ.എൻ.എ, ചൗരി ബസാർ, രാമകൃഷ്ണ ആശ്രമ മാർഗ്, ന്യൂഡൽഹി, സേവ തീർത്ഥ് എന്നീ 11 മെട്രോ സ്റ്റേഷനുകൾ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ പൂർണമായും നിർത്തിവച്ചു. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് രാജ്ഘട്ട്, വിജയ് ഘട്ട് എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളുടെ സുരക്ഷ കൂടി മുൻനിർത്തിയാണ് ഈ നടപടി.

യാത്രക്കാർക്കായി ബരാഖംബ റോഡ്, ശിവാജി സ്റ്റേഡിയം, ചന്ദ്‌നി ചൗക്ക് തുടങ്ങിയ ഇതര മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. യാത്രാസമയം കൂടുമെന്നതിനാൽ യാത്രക്കാർ മുൻകൂട്ടി പദ്ധതികൾ തയാറാക്കണമെന്നും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ബദൽ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കണമെന്നും ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.

വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ആണ് വെള്ളിയാഴ്ച ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

ഇന്ത്യൻ യൂത്ത് കോൺഗ്രസും ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതായി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെയും എസ്.ഐ.ആർ നടപടികളെയും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി നേതാക്കളായ അതിഷി, സഞ്ജയ് സിങ്, മനീഷ് സിസോദിയ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 11 metro stations shut in Delhi ahead of protests against CEC Gyanesh Kumar
Next Story