ഡൽഹിയിൽ വോട്ടുവെട്ടിയ നടപടി; സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) 47 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് വെട്ടിമാറ്റിയ നടപടി ചോദ്യം ചെയ്തുള്ള ഹരജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. എസ്.ഐ.ആറുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും അടുത്തയാഴ്ച പരിഗണനക്ക് വരും.
ഡൽഹിയിൽ 47 ലക്ഷം പേരെയാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ഹരജിക്കാരായ അഞ്ജലി ഭരദ്വാജിനും അമൃത ജോഹ്‌രിക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി. അതിൽ 33 ലക്ഷം പേർക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ, അവരുടെ പേരുവിവരങ്ങളോ കാരണമോ തെരഞ്ഞെടുപ്പ് കമീഷൻ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഹരജിക്കാർ ഉന്നയിക്കുന്ന ആക്ഷേപം. യുക്തിപരമായ പൊരുത്തക്കേടിന്‍റെ നിർവചനവും മാർഗനിർദേശവും ഉൾപ്പെടെ വിശദവിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് ആവശ്യം. ചിലർക്ക് നോട്ടീസ് ലഭിച്ചപ്പോൾ മറ്റു ചിലർക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു. ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്ന് 32ാം വകുപ്പിന് കീഴിൽ സമർപ്പിച്ച ഹരജി വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

