Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവേഗതയുടെ രാജകുമാരൻ

വേഗതയുടെ രാജകുമാരൻ

text_fields
bookmark_border
വേഗതയുടെ രാജകുമാരൻ
cancel

ലക്കാടന്‍ ഗ്രാമീണതയുടെ പച്ചപ്പുകള്‍ ജീവിതത്തില്‍ നിറയുമ്പോഴും ആരും കാണാത്ത വഴികളിലൂടെ സഞ്ചാരപഥം തിരഞ്ഞെടുക്കുകയായിരുന്നു ഫാബിദ് അഹ്മര്‍. മൂന്നു തവണ ഐ.എന്‍.ആര്‍.സി ചാമ്പ്യനും ഖത്തര്‍ ഇന്റർനാഷനല്‍ റാലിയില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനും മലയാളിയുമായ ഫാബിദ് അഹ്മറിനെ കുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ ഏറെയുണ്ട് ഓരോ മല‍യാളിക്കും.

ബംഗളൂരു ആസ്ഥാനമായ ടി.എസ്.ഐയുടെ ഭാഗമാണ് ഫാബിദ്. 2007ല്‍ സ്ഥാപിതമായ ടി.എസ്.ഐ 2008 മുതല്‍ ലോക റാലി ചാമ്പ്യൻഷിപ്പിൽ പി.ഡബ്ല്യു.ആര്‍.സി വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ടീമായി മാറി. ഫ്രാന്‍സില്‍ നടക്കുന്ന മത്സരത്തിന് തയാറെടുക്കുന്ന ഫാബിദ് അഹ്മര്‍ പുതിയ ചരിത്രം കുറിക്കാനുള്ള യാത്ര തുടങ്ങുകയാണ്. വേഗതയെ പ്രണയിച്ച ഫാബിദിന് ചെറുപ്പം മുതലേ വാഹനങ്ങളോടായിരുന്നു കമ്പം. പിതാവിന്‍റെ ജ്യേഷ്ഠൻ മുഹമ്മദ് കാസിമിന്‍റെ ബൈക്ക് റാലികള്‍ വഴിതിരിച്ചുവിട്ടത് മോട്ടോര്‍ സ്പോർട്സ് റാലിയെന്ന വലിയ സ്വപ്നത്തിലേക്കായിരുന്നു. നാഷനല്‍ ലെവല്‍ മത്സരങ്ങളില്‍ സ്ഥിരം പങ്കാളിയായ കാസിമിന്‍റെ പിന്‍ഗാമിയാകാന്‍ നിയോഗം ഫാബിദിനായിരുന്നു. ബൈക്ക് റേസിങ് ആയിരുന്നു തുടക്കത്തില്‍ താല്‍പര്യം. അപകട സാധ്യത കൂടുതലായതിനാല്‍ വീട്ടുകാര്‍ റേസിങ്ങിന് ആദ്യം തടസ്സം നിന്നിരുന്നു. പിന്നീട് ഫാബിദിന്‍റെ അടങ്ങാത്ത ആവേശത്തിനുമുന്നില്‍ കുടുംബം മുട്ടുമടക്കി.

റേസിങ് ട്രാക്കിൽ

പഠനത്തിന്‍റെയും എതിര്‍പ്പിന്‍റെയും കാലത്ത് ബൈക്ക് റേസിങ്ങിന് തല്‍ക്കാലിക വിരാമം നല്‍കിയെങ്കിലും ബംഗളൂരുവിലെ ഡിഗ്രി കാലഘട്ടത്തിലാണ് റേസിങ് പാഷന്‍ പൂര്‍വാധികം ശക്തിപ്രാപിച്ചത്. അമ്മാവന്‍ ബൈക്ക് റാലികളില്‍ അപ്പോഴും സജീവ സാന്നിധ്യമായി ഉണ്ടായിരുന്നതിനാല്‍ മുഖ്യ ഉപദേശകനും വഴികാട്ടിയും അദ്ദേഹമായിരുന്നുവെന്ന് ഫാബിദ് പറയുന്നു. പ്രഫഷനൽ റാലി ഡ്രൈവറും ഇന്ത്യൻ മോട്ടോർ സ്പോർട്സ് അത്‌ലറ്റുമായ ഗൗരവ് ഗിൽ ആണ് ഈ മേഖലയില്‍ ഫാബിത്തിന്‍റെ ഗുരു. ഗൗരവില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ചാമ്പ്യൻഷിപ്പുകളില്‍ മത്സരിക്കാന്‍ തുടങ്ങുന്നത്. 2015ലെ റാലി ഓഫ് ചിക്കമഗളൂരുവിലാണ് ആദ്യപ്രകടനം കാഴ്ചവെച്ചത്. അത് ഫിനിഷ് ചെയ്യാന്‍ സാധിച്ചതോടെ ആത്മവിശ്വസം വര്‍ധിച്ചു. അന്ന് കോ ഡ്രൈവറായി കൂടെയുണ്ടായിരുന്നത് റിച്ചി തോമസ് ആയിരുന്നു. തുടര്‍ന്നു പങ്കെടുത്ത ചാമ്പ്യൻഷിപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മോട്ടോര്‍ സ്പോർട്സ് മേഖലയിലെ മലയാളി സാന്നിധ്യമായി ഫാബിദ് മാറുകയായിരുന്നു. സ്പോണ്‍സര്‍മാര്‍ ഫാബിദിനെ തേടിയെത്താന്‍ തുടങ്ങി. തുടര്‍ച്ചയായുള്ള വിജയങ്ങളിലൂടെ തന്‍റെ മേഖല ഇതാണെന്ന് ഫാബിദ് തിരിച്ചറിഞ്ഞു.

50ലധികം മത്സരത്തില്‍ പങ്കെടുത്ത ഫാബിദിന്‍റെ വിജയങ്ങളിലെല്ലാം സഹ സാരഥി ബാല്യകാല സുഹൃത്തും നാട്ടുകാരനുമായ സനത് ആണ്. മത്സരത്തില്‍ മാനസിക ഐക്യം എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ കൂട്ടുകെട്ട്. കോട്ടയം സ്വദേശിയായ മിലന്‍ സാരഥിയായി കൂടെ വന്നപ്പോഴും ഇതേ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ചെറുചിരിയോടെ ഫാബിദ് പറഞ്ഞു.

റാലികളിലെ ചാമ്പ്യൻ

ഇന്ത്യന്‍ നാഷനല്‍ റാലി ചാമ്പ്യൻഷിപ്പുകളില്‍ 2019, 2020, 2021 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച വിജയം നേടിയതോടെ അടുത്ത ലക്ഷ്യം ഇന്‍റര്‍നാഷനല്‍ റാലിയായി. തുടര്‍ന്ന് ദുബൈയിലെ സുഹൃത്തുക്കള്‍ മുഖേന റേസിങ്ങിനുള്ള വണ്ടി സംഘടിപ്പിക്കുകയും ഒരു മാസം ദുബൈയില്‍ പോയി പരിശീലനം നടത്തുകയും ചെയ്തു. 2024ല്‍ ഖത്തര്‍ ഇന്റർ നാഷനല്‍ റാലിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമായി ഫാബിദ് മാറി. ആറാം സ്ഥാനക്കാരനായാണ് അന്ന് ഫിനിഷ് ചെയ്തത്.

ഫാബ് റാലി സ്കൂള്‍

മോട്ടോര്‍ റാലി സ്പോര്‍ട്സിനെ ജീവശ്വാസമായി കൊണ്ടുനടക്കുമ്പോഴും പുതുതലമുറയെക്കൂടി ഈ മേഖലയില്‍ ചുവടുറപ്പിക്കാനുള്ള വഴികളും ഫാബിദ് ഒരുക്കുന്നുണ്ട്. ‘ഫാബ് റാലി സ്കൂള്‍’ എന്ന ആശയം അങ്ങനെയാണ് പ്രാവർത്തികമാകുന്നത്. പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും മികച്ച കരിയര്‍ ഡെവലപ് ചെയ്യാനുള്ള അവസരമാണ് ഫാബ് റാലി സ്കൂള്‍ ഒരുക്കിക്കൊടുക്കുന്നത്. കോയമ്പത്തൂരില്‍ 2015ല്‍ ആരംഭിച്ച ഫാബ് റാലി സ്കൂള്‍ കുറഞ്ഞ കാലയളവില്‍ 200ഓളം വിദ്യാര്‍ഥികള്‍ക്ക് മോട്ടോർ സ്പോർട്സ് മേഖലയിലെ ബാലപാഠം നല്‍കിക്കഴിഞ്ഞു. ഇവിടെ നിന്നും പഠിച്ചിറങ്ങിയ 10ഓളം പേര്‍ ഇന്ന് ഇന്‍റര്‍നാഷനല്‍ മത്സരങ്ങളില്‍ മാറ്റുരക്കുന്നുണ്ട്.

ചെറിയ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഫാബിദ് പറയുന്നു. ഫാബ് റാലി സ്കൂള്‍ ആരംഭിച്ചപ്പോള്‍ കാറുകള്‍ മറ്റ് ടീമുകളുടേതാണ് ഉപയോഗിച്ചത്. അതിന്‍റെ ബുദ്ധിമുട്ടുകള്‍ ഒരുപാട് ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ വേണ്ടി ‘വിഷന്‍ ഫോര്‍’ ആരംഭിച്ചു. 2025ല്‍ രഘുറാം, റിയാസ്, നജീബ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനിയാണ് വിഷന്‍ ഫോര്‍ മോട്ടോര്‍ സ്പോര്‍ട് സൊല്യൂഷന്‍. ഫാബ് റാലി സ്കൂളിനുള്ള റാലി കാറുകള്‍ ഇവിടെ നിർമിച്ചെടുക്കും. വിഷന്‍ ഫോറിന് കീഴില്‍ ഇപ്പോൾ ചാമ്പ്യൻഷിപ്പും നടക്കുന്നുണ്ട്.

റാലി കാറുകൾ

മത്സരത്തിനായി നിർമിച്ച റാലി കാറുകള്‍ക്ക് പ്രത്യേകതകൾ ഏറെയാണെന്ന് ഫാബിദ് പറയുന്നു. കാറില്‍ റോള്‍ കേജ് ഉള്ളതിനാല്‍ വണ്ടി മറിഞ്ഞാലും ഇടിച്ചാലും ബോഡിയുടെ ഷേപ് മാറില്ല. സാധാരണ കാറുകളില്‍ ത്രീ പോയന്‍റ് സീറ്റ് ബെല്‍റ്റ് ആണ്. അതിനുപകരം സിക്സ് പോയന്‍റ് സീറ്റ് ബെല്‍റ്റ് ആണ് റാലി കാറുകളില്‍. നല്ല രീതിയില്‍ ടൈറ്റാക്കി ഇട്ടാല്‍ വാഹനം എത്ര സ്പീഡില്‍ ഇടിച്ചാലും സീറ്റില്‍ നിന്നും അനങ്ങില്ല. നാല് ലക്ഷത്തോളം വില വരുന്ന കോമ്പോസിറ്റ് ഷെല്‍ ഹെല്‍മറ്റുകള്‍ ആണ് ഫാബിദ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. സ്യൂട്ട്, ഇന്നര്‍ വിയര്‍, ഗ്ലൗസ്, ഷൂ എല്ലാം റാലികള്‍ക്കായി പ്രത്യേകം തയാറാക്കിയതാണ്. തീപിടിക്കാത്തതും അഞ്ചോ പത്തോ സെക്കൻഡിനുള്ളില്‍ വസ്ത്രം ഊരിക്കളഞ്ഞാല്‍ പൊള്ളലേല്‍ക്കാത്തതുമാണ് ഇവ. സെന്‍ട്രലൈസ്ഡ് ഫയര്‍ എക്സ്റ്റിൻഗ്വിഷർ കാറിന്‍റെ പ്രത്യേകതയാണ്.

റോഡില്‍ ഓടിക്കുന്നതിനേക്കാളും എത്രയോ സുരക്ഷിതമാണ് റാലി കാര്‍ എന്ന് ഫാബിദ് ആത്മവിശ്വാസത്തോടെ പറയുന്നു. ക്രാഷ് ആയാലും മുറിവുണ്ടാകാനുള്ള സാധ്യതയും കുറവാണ്. എങ്കിലും ചെറിയ തോതില്‍ അപകടങ്ങള്‍ ഉണ്ടാവാറുണ്ട്. 2016ലാണ് അത്തരത്തില്‍ ഒരപകടം നടന്നത്. വഴുവഴുപ്പുള്ള റോഡായതിനാല്‍ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കൊക്കയിലേക്ക് പോകേണ്ടതായിരുന്നെങ്കിലും അടുത്തുള്ള പാറയില്‍ തങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

ശാരീരിക ക്ഷമത

റാലികളില്‍ ഫിറ്റ്നസ് പ്രധാനമാണെന്ന് ഫാബിദ് പറയുന്നു. മാരത്തണ്‍ ഓട്ടക്കാരനെ പോലെ മത്സരങ്ങളില്‍ റാലി കാര്‍ ഓടിക്കുമ്പോള്‍ ഹാര്‍ട്ട് റേറ്റ് വര്‍ധിക്കും. അത് നിലനിര്‍ത്തി പെര്‍ഫോം ചെയ്യണമെങ്കില്‍ ഡ്രൈവര്‍ക്ക് അത്രയും സ്റ്റാമിന ഉണ്ടാവണം. അതിനായി ഫിറ്റ്നസ് എപ്പോഴും നിലനിര്‍ത്തണം. അതിലുപരി മാനസിക തയാറെടുപ്പ് അനിവാര്യമാണ്. ഓരോ മത്സരത്തിനും റോഡിന്‍റെ അവസ്ഥകള്‍ വിഭിന്നമായിരിക്കും. ചിലത് സ്മൂത്ത് ആയിരിക്കും, ചിലത് വഴുവഴുപ്പ് ആയിരിക്കും, മറ്റുചിലത് ചളി ആയിരിക്കും. പരിശീലനത്തിനായി വീട്ടിലും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാലി കാര്‍ ഓടിക്കുന്നപോലെ കമ്പ്യൂട്ടറില്‍ ചെയ്യാന്‍ സാധിക്കും. അത് പരിശീലിക്കുന്നുണ്ട്. മത്സരത്തിന്‍റെ മര്‍മ്മമായ പേജ് നോട്സ് നല്ല രീതിയില്‍ എഴുതി പ്രാക്ടീസ് ചെയ്യും. മത്സരത്തിനുമുമ്പ് ഒന്നോ രണ്ടോ തവണ മത്സരവഴിയിലൂടെ കാര്‍ ഓടിക്കാന്‍ സാധിക്കും. അപ്പോള്‍ തയാറാക്കുന്ന പേജ് നോട്ടുകളാണ് യാത്രയെ നയിക്കുന്നത്. ഡ്രൈവര്‍ പറയുന്നതനുസരിച്ച് കോ ഡ്രൈവര്‍ വഴികള്‍ എഴുതിയെടുക്കും. ആവശ്യമായ കറക്ഷന്‍ പിന്നീട് നടത്തും. ഓരോ മത്സരത്തിനും വഴികള്‍ കൃത്യമായി പറയാനും പ്രാക്ടീസ് അനിവാര്യമാണ്. മത്സരത്തില്‍ അല്ലെങ്കില്‍ പോലും ഈ കാര്യങ്ങള്‍ എല്ലാം ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ മാത്രമാണ് വിജയം കൈവരുകയെന്നും ഫാബിദ് പറയുന്നു.

എന്നും ആവേശം

ഇന്ത്യന്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ് മൂന്നുതവണ നേടിയപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ആവേശം കൂടിയെന്നും ഫാബിദ് പറയുന്നു. ‘ഒരു തവണ ജയിച്ചുകഴിഞ്ഞാല്‍ രണ്ടാം തവണ ജയിക്കല്‍ നിര്‍ബന്ധമാണ്. ഭാഗ്യം കൊണ്ടല്ല ആദ്യ തവണത്തെ വിജയം എന്നു തെളിയിക്കാന്‍ കൂടിയാണിത്. ഓരോ വിജയവും കൂടുതല്‍ പെര്‍ഫോം ചെയ്യാനുള്ള അവസരമാണ് തുറന്നുതരുന്നത്. ഏഴു വര്‍ഷത്തോളം ഫോക്സ് വാഗണ്‍ പോളോ ആയിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞ നാല് റാലിയില്‍ ഹ്യുണ്ടായി ഐ20യാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം ചിലപ്പോള്‍ ഈ വണ്ടിയോ ഇംപോര്‍ട്ട് ചെയ്യുന്ന വണ്ടിയോ ഉപയോഗിക്കും. സ്പോണ്‍സര്‍മാര്‍ ആണ് ഓരോ മത്സര‍ത്തിനും വണ്ടി തീരുമാനിക്കുന്നത്’-ഫാബിദ് കൂട്ടിച്ചേർക്കുന്നു.

കാര്‍ റാലിയില്‍ ഇതിഹാസം കുറിക്കാന്‍ ഒരുങ്ങുമ്പോഴും വക്കീലായ പിതാവ് അബ്ദുല്ലയുടെ പാതയില്‍ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷനലില്‍ അഡ്വക്കറ്റായി ജോലി ചെയ്യുകയാണ് ഈ പാലക്കാട്ടുകാരന്‍. മാതാവ് സഫിയയും ഭാര്യ റെറ്റിഷയും ചേട്ടന്‍ സിയാദുമെല്ലാം സാഹസികതയുടെ പിറകെ പോകുന്ന ഫാബിദിന് പൂർണ പിന്തുണ നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ ബി.ടെക്കും സി‌.എം‌.ആര്‍ കോളജില്‍ നിന്നും എല്‍എല്‍.ബിയും പൂര്‍ത്തിയാക്കിയ ഫാബിദ് 50 ലധികം കാര്‍ റാലികളില്‍ പങ്കെടുത്ത ശേഷം ബംഗളൂരു ആസ്ഥാനമാക്കിയുള്ള ടി.എസ്.ഐയോടൊപ്പമാണ് ഇപ്പോള്‍.

ഫ്രാന്‍സില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പിന്‍റെ മുന്നോടിയായി തയാറെടുപ്പിലാണ് ഈ ചെറുപ്പക്കാരന്‍. കോട്ടയം സ്വദേശി മിലന്‍ ജോർജ് ആണ് മത്സരത്തില്‍ കോ ഡ്രൈവര്‍. പി.എച്ച് സ്പോര്‍ട്ട് ടീം ആണ് ട്രെയിനിങ് നല്‍കുന്നത്. അതോടൊപ്പം ഇന്ത്യയില്‍ നാഷനല്‍ ലെവല്‍ ചാമ്പ്യൻഷിപ് തുടരുമെന്ന് പറയുമ്പോഴും വേഗതയുടെ കൂട്ടുകാരന് കീഴടക്കാനുള്ള ദൂരങ്ങള്‍ അകലെയല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RacingcarBike Racing
News Summary - racer habid ahmer
Next Story