Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകാർ വിപണിയിൽ...

കാർ വിപണിയിൽ യുവാക്കളുടെ തള്ളിക്കയറ്റം; കാരണങ്ങൾ പലതെന്ന്​ പഠനങ്ങൾ

text_fields
bookmark_border
Indian automobile market shifts from functionality to aspiration
cancel

ഒരു കാർ വാങ്ങുക എന്നത്​ എല്ലാ മനുഷ്യരുടേയും സ്വപ്നമാണ്​. എന്നാലീ സ്വപ്നം സാക്ഷാത്​കരിക്കണമെങ്കിൽ പണം വേണം. ഇന്ത്യ പോലൊരു രാജ്യത്ത്​ ഒരാൾക്ക്​ കാർ വാങ്ങാനാവശ്യമായ പണം ഉണ്ടാകണമെങ്കിൽ കുറഞ്ഞത്​ 40 വയസ്​ കഴിയണം എന്നതായിരുന്നു അവസ്ഥ. ബെൻസും ബി.എം.ഡബ്ല്യുവും പോലുള്ള ആഡംബര വാഹനങ്ങൾ വാങ്ങണമെങ്കിൽ പിന്നേയും കാത്തിരിക്കണം. എന്നാലീ ട്രെൻഡ്​ മാറുന്നതായാണ്​ പുതിയ സ്​ഥിതി വിവരക്കണക്കുകൾ കാണിക്കുന്നത്​.

മാറുന്ന വിപണി

ഇന്ത്യയിൽ കാർ വിപണി കൂടുതൽ യുവത്വമാർജ്ജിക്കുന്നതായി വാഹന നിർമാതാക്കളെല്ലാം ഒരുപോലെ സമ്മതിക്കുന്നുണ്ട്​. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുകയും കൂടുതൽ സാമ്പത്തിക സൗകര്യങ്ങൾ ലഭിക്കുകയും ചെയ്തതോടെ അവർ ചെറുപ്രായത്തിൽതന്നെ വാഹനം സ്വന്തമാക്കാൻ തുടങ്ങിയിട്ടുണ്ട്​. പല യുവ വാങ്ങലുകാരും തങ്ങളുടെ ആദ്യ വാഹനമായി ഇരുചക്രവാഹനത്തേക്കാൾ ഫോർ വീലറാണ് ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.


കാർ നിർമ്മാതാക്കൾക്കും പരസ്യദാതാക്കൾക്കും ഇത് പുതിയ വെല്ലുവിളിയാണ്​. മുൻകാലങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ രീതികളിൽ തങ്ങളുടെ പരസ്യ കാമ്പയിനുകൾ നടപ്പാക്കാൻ ഇവർ നിർബന്ധിതരാണ്​. യുവാക്കളെക്കൂടി ആകർഷിക്കാൻ കഴിയുന്ന പരസ്യ ചിത്രങ്ങളും മോഡലുകളും ഇറക്കുകയാണ്​ ഇന്ന്​ വാഹന നിർമാതാക്കൾക്ക്​ മുന്നിലെ പ്രധാന വെല്ലുവിളി.

‘ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി പ്രവർത്തനക്ഷമതയിൽ നിന്ന് അഭിലാഷപൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്’ എന്നാണ്​ ഇതേക്കുറിച്ച്​ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ സി.ഒ.ഒ തരുൺ ഗാർഗ് പറയുന്നത്​. ‘നേരത്തെ, കുറഞ്ഞ വിലയിലും ഉയർന്ന ഇന്ധനക്ഷമതയിലും പോയിന്റ് എയിൽ നിന്ന് പോയിന്റ് ബിയിലേക്ക് പോകുന്നതിനെക്കുറിച്ചുമായിരുന്നു ആളുകൾ ചിന്തിച്ചിരുന്നത്​. എന്നാലിപ്പോൾ ഉപഭോക്താക്കൾക്ക് ഒരു വാഹനത്തിൽ ഒരുപാട് കാര്യങ്ങൾ വേണം. സുരക്ഷ, ഫീച്ചറുകൾ, ഡിസൈൻ, സാങ്കേതികവിദ്യ എന്നിവയ്ക്കായി യുവാക്കൾ ആഗ്രഹിക്കുന്നു’- അദ്ദേഹം പറഞ്ഞു.

‘ഹ്യുണ്ടായ് കാർ വാങ്ങുന്നവരുടെ ശരാശരി പ്രായം 2018-ൽ 43 വയസ്സായിരുന്നു. 2023-ൽ ഇത്​ 38 വയസ്സായി കുറഞ്ഞു. 2018ൽ വെറും 12 ശതമാനം കസ്റ്റമർമാരായിരുന്നു 30 വയസ്സിന് താഴെയുള്ളവർ. ഇ​പ്പോഴത്​ 27 ശതമാനം ആയതായും തരുൺ ഗാർഗ് പറഞ്ഞു.


ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു. യുവാക്കളിൽ ബെൻസ് സ്വന്തമാക്കാനുള്ള ആഗ്രഹം വർധിച്ചുവരികയാണെന്ന് ബെൻസ് ഇന്ത്യയുടെ മാനേജിങ്​ ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. ‘ഞങ്ങളുടെ ഉപഭോക്താക്കൾ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ ബ്രാൻഡിലേക്ക് പ്രൊഫഷണലുകളുടെയും ശമ്പളമുള്ള വ്യക്തികളുടെയും കടന്നുകയറ്റമുണ്ട്​. ഒരു ബെൻസ്​ എസ്-ക്ലാസ് ഉപഭോക്താവിന്റെ ശരാശരി പ്രായം ഇപ്പോൾ വെറും 38 വയസ്സാണ്.യുവാക്കൾ എസ്-ക്ലാസ്, മെയ്ബാക്ക് പോലുള്ള ഞങ്ങളുടെ ഹൈ-എൻഡ് പോർട്ട്‌ഫോളിയോ തിരഞ്ഞെടുക്കുന്നുണ്ട്​’-സന്തോഷ് അയ്യർ പറഞ്ഞു. ടാറ്റ മോട്ടോഴ്‌സും സമാനമായ ട്രെൻഡ്​ ശരിവയ്ക്കുന്നു. യുവതലമുറയിൽ കാറുകൾ കേവലം അവശ്യവസ്തുക്കൾ എന്നതിൽ നിന്ന് അഭിലാഷ ചിഹ്നങ്ങളായി മാറിയിരിക്കുന്നു എന്ന്​ ടാറ്റ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ തലവൻ വിവേക് ശ്രീവത്സ പറയുന്നു.

തിരഞ്ഞെടുപ്പിലെ വ്യത്യാസം

യുവാക്കളുടെ വാഹന തിരഞ്ഞെടുപ്പിലും കാര്യമായ വ്യത്യാസമുണ്ട്​. അവർ ഫീച്ചറുകളാൽ സമ്പന്നമായ മോഡലുകളാണ്​ തിരയുന്നത്​. മികച്ച കണക്റ്റിവിറ്റി, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS), സൺറൂഫ് തുടങ്ങിയ സവിശേഷതകൾക്കായി യുവാക്കൾ ആഗ്രഹിക്കുന്നുണ്ട്​.


‘ഇത് മൊബൈൽ തലമുറയാണ്​. അവർ പരസ്പരമുള്ള ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. കണക്‌റ്റഡ് കാറുകളുടെ വിപണി വളരുകയാണ്​. 2019ൽ ഹ്യുണ്ടായിക്ക് കണക്ട്ഡ്​ കാർ വിപണി 5 ശതമാനം മാത്രമായിരുന്നു. 2023ൽ ഇത് 30 ശതമാനമാണ്. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലുള്ള എല്ലാ കാറുകളിലും സൺറൂഫ് ഇല്ലെങ്കിലും, അത്തരം കാറുകളുടെ വിപണി വിഹിതം 2019 ൽ 17 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർന്നതായും’ തരുൺ ഗാർഗ് പറഞ്ഞു. കമ്പനിയുടെ വിൽപ്പനയുടെ 60 ശതമാനവും ഇപ്പോൾ എസ്‌.യു.വികളാണെന്നും അദ്ദേഹം പറഞ്ഞു.

നിറത്തിലും മാറ്റം

ഉപഭോക്താക്കൾ ചെറുപ്പമാകുന്നതിനാൽ വാഹനങ്ങളുടെ നിറങ്ങളുടെ മുൻഗണനകളിലും കമ്പനികൾ മാറ്റം വരുത്തുന്നുണ്ട്​. നേരത്തെ പരമ്പരാഗത നിറങ്ങളായി കരുതിയിരുന്ന വെള്ളയും സിൽവറും ഏറ്റവും ജനപ്രിയമായിരുന്നു. ഇത്​ ഇപ്പോൾ കറുപ്പ്, നീല, കാക്കി നിറങ്ങളിലേക്ക് മാറിയിട്ടുണ്ട്​. 2018ൽ ഹ്യുണ്ടായ്​ ക്രെറ്റയുടെ ബ്ലാക്ക് വേരിയന്റ് ഒമ്പത്​ ശതമാനമാണ്​ വിറ്റിരുന്നത്​. 2023-ൽ ഇത്​ 32 ശതമാനമായി വളർന്നു. അതുപോലെ, വെർനയിൽ, ബ്ലാക്ക് വേരിയന്റിന്റെ വിൽപ്പന 26 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. പുതിയ മോഡലായ എക്‌സ്‌റ്ററിനെ സംബന്ധിച്ചിടത്തോളം, വിൽപ്പനയുടെ 30 ശതമാനവും വരുന്നത് യുവാക്കൾക്കിടയിൽ ഹിറ്റായ 'കാക്കി' നിറത്തിൽ നിന്നാണ്.

കാറുകളുടെ ഉപഭോക്താക്കൾ ചെറുപ്പക്കാരും സമ്പന്നരും ആയിത്തീർന്നിരിക്കുന്നുവെന്നത്​ വ്യക്തമാണെന്ന്​ മാരുതി സുസുകി ഇന്ത്യ മാർക്കറ്റിങ്​ ആൻഡ്​ സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവയും സമ്മതിക്കുന്നു. അഞ്ച് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇന്ന് ഉപഭോക്തൃ സ്വഭാവത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. നേരത്തെ വാഹനം വാങ്ങുന്നവരുടെ പ്രതീക്ഷകൾ എയർ കണ്ടീഷനിങ്​, പവർ വിൻഡോകൾ തുടങ്ങിയ ഫീച്ചറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന്, ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ, വോയ്‌സ് റെക്കഗ്നിഷൻ, നാവിഗേഷൻ സിസ്റ്റങ്ങൾ തുടങ്ങിയ കൂടുതൽ നൂതനവും കണക്റ്റഡുമായ ഫീച്ചറുകൾ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്​.

ഉപഭോക്​താവും മാറുന്നു

ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ ( ICE) ഉപഭോക്താക്കളും ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഉപഭോക്താക്കളും തമ്മിലും മാറ്റമുണ്ടെന്ന്​ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു​. പരമ്പരാഗത ഐ.സി.ഇ ഉപഭോക്താവ് വാഹന നിർമാതാക്കളുമായി കുറഞ്ഞ ബന്ധവും ഇടപെടലും ഇഷ്ടപ്പെടുന്ന ആളാണ്. വാഹനത്തിന് തകരാർ ഉണ്ടാകുമ്പോഴോ വാഹനം നവീകരിക്കാൻ ആഗ്രഹിക്കുമ്പോഴോ മാത്രമേ അവർ കമ്പനിയുമായി ബന്ധപ്പെടാറുള്ളൂ.


എന്നാൽ ഒരു ഇ.വി ഉപഭോക്താവ് നിർമാതാക്കളുമായി സജീവമായി ഇടപെടാനുള്ള അവസരങ്ങൾ തേടുകയും പതിവ് ആശയവിനിമയത്തിനുള്ള വഴികൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്​. ‘ഒരു ഇ.വി ഉപഭോക്താവ് തനിക്ക് ചുറ്റും തന്റെ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുകയും ഉപയോഗിക്കുന്ന ബ്രാൻഡിന്‍റെ അംബാസഡറായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്​. ഇത് ഇലക്ട്രോണിക്സ് മേഖലയിലെ ഉപഭോക്തൃ പെരുമാറ്റവുമായി വളരെ സാമ്യമുള്ളതാണ്’-അദ്ദേഹം പറഞ്ഞു.

പ്രീമിയം ഫീച്ചറുകൾ, ഉയർന്ന ചിലവ്

2018-ൽ മാരുതി സുസുകി വാഹനം വാങ്ങുന്നവർ നൽകുന്ന ശരാശരി വില 9.3 ലക്ഷം രൂപയായിരുന്നു. 2022-ൽ ഇത്​ 11.9 ലക്ഷം രൂപയായി ഉയർന്നു. ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം, 2019 ൽ വിൽപ്പനയുടെ 21 ശതമാനം​ 10 ലക്ഷത്തിലധികം വിലയുള്ള കാറുകളായിരുന്നു. ഇപ്പോൾ വിൽപ്പനയുടെ 50 ശതമാനവും ഇത്തരം വാഹനങ്ങളാണ്​.

2018-19 സമയത്ത്​ മാരുതിയിൽ വിൽപ്പനയുടെ 15 ശതമാനം മാത്രമായിരുന്നു 10 ലക്ഷത്തിലധികം വിലയുള്ള വാഹനങ്ങൾ ഉണ്ടായിരുന്നത്​. 2022-23 ൽ 40 ശതമാനമായി വളർന്നു.രാജ്യത്ത്​ പ്രതിവർഷം 5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം 2010 ൽ 51 ദശലക്ഷത്തിൽ നിന്ന് 2020 ൽ 95 ദശലക്ഷമായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.

പഠനങ്ങൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയാണ് ഇന്ത്യയിലുള്ളത്. ജനസംഖ്യയുടെ 66 ശതമാനവും 35 വയസ്സിൽ താഴെയുള്ളവരാണ്. അതിൽ 24 ശതമാനവും 15-29 പ്രായ വിഭാഗത്തിൽപ്പെടുന്നവരാണ്​. 2030-ലും ഇന്ത്യ താരതമ്യേന 'യുവ' രാജ്യമായി തുടരുമെന്നും ഇത്​ ഇപ്പോഴത്തെ ട്രെൻഡ്​ നിലനിർത്തുമെന്നുമാണ്​ വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maruti suzukiyouthcar
News Summary - As car buyers get younger, richer, Indian automobile market shifts from functionality to aspiration
Next Story