പുടിന് ഡൽഹിയിൽ സഞ്ചരിക്കാൻ സ്വന്തം കാർ; റഷ്യൻ പ്രസിഡന്‍റിന്‍റെ അത്യാധുനിക 'ഔറസ് സെനാറ്റ്' കാറിന്‍റെ പ്രത്യേകതകൾ
text_fieldsന്യൂഡൽഹി: 18ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഡെൽഹിയിലെത്തിയപ്പോൾ ശ്രദ്ധാകേന്ദ്രമായത് അദ്ദേഹത്തിന്റെ അതീവ സുരക്ഷാ സജ്ജീകരണങ്ങളും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നുമായ 'ഔറസ് സെനാറ്റ്' ലിമോസിനുമാണ്. വിദേശയാത്രകളിൽ സ്വന്തം വിമാനത്തിനൊപ്പം സ്വന്തം കാറും ഒപ്പം കൂട്ടുന്ന ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളാണ് പുടിൻ. റഷ്യയുടെ ലക്ഷ്വറി ലിമോസിൻ എന്നും "റഷ്യൻ റോൾസ്-റോയ്‌സ്" എന്നും അറിയപ്പെടുന്ന സെനാറ്റ്, സായുധ സംരക്ഷണവും നൂതന സാങ്കേതികവിദ്യയും പ്രീമിയം കംഫർട്ടും സംയോജിപ്പിക്കുന്നു.
പൂർണമായി സായുധവും റഷ്യയിൽ നിർമിച്ചതുമായ ഔദ്യോഗിക വാഹനങ്ങൾ നിർമിക്കുന്നതിനായി മോസ്കോയുടെ കോർട്ടെഷ് പ്രോജക്റ്റിന് കീഴിൽ വികസിപ്പിച്ചെടുത്ത വാഹനമാണിത്. പുടിന്റെ മുൻ മെഴ്‌സിഡീസ്-ബെൻസ് എസ് 600 ഗാർഡ് പുൾമാന്റെ പിൻഗാമിയായാണ് സെനാറ്റ് എത്തിയത്. റഷ്യൻ സ്റ്റേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായ 'നാമി'യും സോല്ലേഴ്‌സും യു.എ.ഇയുടെ തവാസുൻ ഹോൾഡിങും ചേർന്ന് രൂപീകരിച്ച 'ഔറസ് മോട്ടോഴ്‌സ്' നിർമ്മിച്ച ഈ വാഹനം അജയ്യമായ കാവൽക്കോട്ട എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സോവിയറ്റ് കാലഘട്ടത്തിലെ ZIS-110 ലിമോസിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻപ് പുടിനൊപ്പം ഈ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്.
ബുള്ളറ്റുകളെയും സ്ഫോടനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ വാഹനം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രസിഡൻഷ്യൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 ഹൈബ്രിഡ് എൻജിനാണ് ഇതിലുള്ളത്. ഇത് 598 ഹോഴ്സ്പവറും 880 Nm ടോർക്കും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്നു. 5,630 മില്ലിമീറ്റർ നീളവും 2,000 മില്ലിമീറ്റർ വീതിയുമുള്ള ഈ കാറിന് മണിക്കൂറിൽ ഏകദേശം 160 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും ഒമ്പത് സെക്കൻഡ് മതി. ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ എന്നിവ ഇതിലുണ്ട്. ഉന്നത നിലവാരമുള്ള ലെതർ സീറ്റുകളും തടിയുടെ അലങ്കാരങ്ങളും അത്യാധുനിക ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കൊണ്ടുസമൃദ്ധമാണ് ഇതിന്റെ അകത്തളം. കഠിനമായ കാലാവസ്ഥകളെയും അതിജീവിക്കാൻ ഈ വാഹനത്തിന് സാധിക്കും. ഈ കാറിന്റെ സാധാരണ പതിപ്പ് റഷ്യയിൽ വിപണിയിലുണ്ടെങ്കിലും, പ്രതിവർഷം 120 യൂനിറ്റുകൾ മാത്രമാണ് നിർമ്മിക്കുന്നത്. ഏകദേശം 18 ദശലക്ഷം റൂബിളാണ് (ഏകദേശം 2.5 കോടി രൂപ) ഇതിന്റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

