ടർബോ എൻജിൻ കരുത്തിൽ മികച്ച മൈലേജ്! മിഡ്-സൈസ് എസ്.യു.വി വിപണിയിലേക്ക് 'നിസാൻ ടെക്ടൻ' എത്തി
text_fieldsനിസാൻ ടെക്ടൻ
ഇന്ത്യൻ എസ്.യു.വി വിപണിയിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിസാൻ തങ്ങളുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്.യു.വി 'ടെക്ടൻ' (Tekton) അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകർഷകമായ പ്രാരംഭ വിലയിലാണ് വാഹനം വിപണിയിലെത്തുന്നത്. നിസാന്റെ ആഗോള എസ്.യു.വി നിരയിലെ ഐതിഹാസിക മോഡലായ 'പട്രോൾ' (Patrol) മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്ടൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യൻ നിരത്തുകളിൽ മികച്ച സാന്നിധ്യമായി ടെക്ടണിനെ മാറ്റുന്നത് വാഹനത്തിന്റെ ബോഡി ഡിസൈനാണ്. വിശാലമായ ഗ്രില്ല്, സി-ആകൃതിയിലുള്ള എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ (DRLs), മസ്കുലർ ബോണറ്റ് എന്നിവ വാഹനത്തിന് പരുക്കൻ ലുക്ക് നൽകുന്നു. ബോണറ്റിൽ നൽകിയിരിക്കുന്ന 'Tekton' ലെറ്ററിങ്ങും 18 ഇഞ്ച് അലോയ് വീലുകളും എസ്.യു.വിക്ക് പ്രീമിയം ലുക്ക് വർധിപ്പിക്കുന്നു. അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് 11 വ്യത്യസ്ത നിറങ്ങളിൽ (6 മോണോടോൺ, 5 ഡ്യുവൽ ടോൺ) വാഹനം തിരഞ്ഞെടുക്കാം.
രണ്ടുതരം ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് ടെക്ടൻ വിപണിയിൽ ലഭ്യമാകുക. ആദ്യ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 100 എച്ച്.പി കരുത്തും 166 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 163 എച്ച്.പി കരുത്തും 280 എൻ.എം ഉയർന്ന ടോർക്കും നൽകുന്നു. അതോടൊപ്പം ആദ്യ എൻജിൻ 19.4 കിലോമീറ്റർ റേഞ്ചും രണ്ടാമത്തെ എൻജിൻ 18.5 റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും, ഉയർന്ന വകഭേദങ്ങളിൽ 7-സ്പീഡ് ഡി.സി.ടി (DCT) ഓട്ടോമാറ്റിക് ഗിയർബോക്സും ടെക്ടൻ എസ്.യു.വിക്ക് ലഭ്യമാണ്.
വാഹന വിപണിയിലെ ട്രെൻഡ് അനുസരിച്ച് അത്യാധുനിക ഫീച്ചറുകളാണ് ടെക്ടണിൽ നിസാൻ സജ്ജീകരിച്ചിരിക്കുന്നത്. 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിട്ടുണ്ട്. കൂടാതെ, ഗൂഗ്‌ൾ ബിൽറ്റ്-ഇൻ, ഗൂഗ്‌ൾ മാപ്സ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-സോൺ എസി, വയർലെസ് ചാർജർ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളും ഈ ബജറ്റ് ഫ്രണ്ട്‌ലി എസ്.യു.വിയിൽ നിസാൻ നൽകിയിട്ടുണ്ട്.
ഉയർന്ന മൈലേജ് എന്ന ചിന്താഗതിയിൽ നിന്നും മാറി സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്കായി ഭാരത് എൻ.സി.എ.പി (BNCAP) ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയാണ് ടെക്ടൻ വിപണിയിൽ എത്തിയത്. കൂടാതെ, ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയും, ഇ.എസ്.പി (ESP), ട്രാക്ഷൻ കൺട്രോൾ, 360-ഡിഗ്രി കാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ലെവൽ-2 ADAS സാങ്കേതികവിദ്യ എന്നിവ വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു.
വേരിയന്റ് തിരിച്ചുള്ള വില (എക്സ്-ഷോറൂം)
- നിസാൻ ടെക്ടൻ വിസിയ (Visia) T160 MT - 10,49,000
- നിസാൻ ടെക്ടൻ വിസിയ+ (Visia+) T160 MT - 11,14,000
- നിസാൻ ടെക്ടൻ അസെന്റ (Acenta) T160 MT - 11,79,000
- നിസാൻ ടെക്ടൻ എൻ-കണക്റ്റ (N-Connecta) T160 MT - 13,69,000
- നിസാൻ ടെക്ടൻ ടെക്ന (Tekna) T160 MT - 15,39,000
- നിസാൻ ടെക്ടൻ ടെക്ന+ (Tekna+) T160 MT - 16,49,000
- നിസാൻ ടെക്ടൻ അസെന്റ (Acenta) T280 DCT - 14,99,000
- നിസാൻ ടെക്ടൻ എൻ-കണക്റ്റ (N-Connecta) T280 MT - 14,99,000
- നിസാൻ ടെക്ടൻ എൻ-കണക്റ്റ (N-Connecta) T280 DCT - 16,49,000
- നിസാൻ ടെക്ടൻ ടെക്ന (Tekna) T280 MT - 16,39,000
- നിസാൻ ടെക്ടൻ ടെക്ന (Tekna) T280 DCT - 17,79,000
- നിസാൻ ടെക്ടൻ ടെക്ന+ (Tekna+) T280 DCT - 18,59,000
നിസാൻ ടെക്ടൻ വിപണിയിൽ സജീവമാകുന്നതോടെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, ടാറ്റ സിയറ, മാരുതി സുസുക്കി വിക്ടറിസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ പ്രമുഖ മോഡലുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ എസ്.യു.വിക്ക് കഴിയും. വിജയകരമായി ബുക്കിങ് പൂർത്തിയാക്കിയവർക്ക് ജൂലൈ 20 മുതൽ വാഹനം ഡെലിവറി ചെയ്ത് തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

