പ്രഖ്യാപനങ്ങൾക്കൊടുവിൽ പുതിയ എം.പി.വിയുമായി നിസാൻ; 'ഗ്രാവൈറ്റ്' അടുത്ത വർഷം ആദ്യം വിപണിയിൽ
text_fieldsനിസാൻ ഗ്രാവൈറ്റ്
കോംപാക്ട് എം.പി.വി സെഗ്‌മെന്റിൽ വിപണിയിൽ എത്തുന്ന നിസാൻ മോട്ടോഴ്സിന്റെ പുതിയ 'ഗ്രാവൈറ്റ്' അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ജനുവരി മാസത്തിൽ വിപണിയിൽ അവതരിപ്പിക്കുന്ന വാഹനം മാർച്ച് മാസത്തോടെ നിരത്തുകളിൽ എത്തും. റെനോ ട്രൈബറിന്റെ സി.എം.എഫ്-എ+ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് നിസാൻ ഗ്രാവൈറ്റ് നിർമിച്ചിട്ടുള്ളത്. അതിനാൽ തന്നെ ട്രൈബറിന്റെ പവർട്രെയിൻ അതേപടി ഗ്രാവൈറ്റ് പിന്തുടരാൻ സാധ്യതയുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തുന്ന നിസാൻ മോട്ടോഴ്സിന്റെ മാഗ്‌നൈറ്റ് എസ്.യു.വിയുടെ താഴെവരുന്ന വാഹനത്തിന്റെ പ്രധാന എതിരാളി റെനോ ട്രൈബർ തന്നെയാകും. തികച്ചും താങ്ങാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഗ്രാവൈറ്റിൽ ട്രൈബറിന്റെ അതേ ഫീച്ചറുകളും, അൽപ്പം മാറ്റവും പ്രതീക്ഷിക്കാം.
എന്നാൽ പുറത്തുവന്ന ചിത്രങ്ങളുമായി ഗ്രാവൈറ്റിനെ താരതമ്യം ചെയ്യുമ്പോൾ ട്രൈബറിന്റെ ഡിസൈനുമായി ഏറെ വ്യത്യാസം പങ്കിടുന്നുണ്ട്. വളരെ ബോൾഡായ ഷോൾഡർ ലൈനുകളും ബോണറ്റ് ഹുഡിനുമൊപ്പം ബോണറ്റിൽ ഗ്രാവൈറ്റ് എന്ന വലിയ ബ്രാൻഡിങ്ങും ഈ എം.പി.വിക്കുണ്ട്. ഹെഡ് ലാമ്പുകൾ ട്രൈബറിനോട് സാമ്യമുണ്ടെങ്കിലും പുതിയ ലൈറ്റിങ് ഘടകങ്ങളും പുതിയ ഡിസൈനുള്ള അലോയ്-വീലുകൾ ഗ്രാവൈറ്റിന് ലഭിക്കുന്നുണ്ട്. ഇതോടപ്പം പിൻവശത്ത് മാറ്റങ്ങൾ വരുത്തിയ ബമ്പറും പുതിയ ടൈൽ-ലാമ്പും എം.പി.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റീരിയർ ഡിസൈനിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നിരുന്നാലും ട്രൈബറിലെ 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ്, വയർലെസ് ഫോൺ ചാർജിങ്, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, രണ്ട്, മൂന്ന് നിരകളിൽ മാനുവൽ എ.സി വെന്റുകൾ തുടങ്ങിയ ഫീച്ചറുകൾക്ക് പുറമെ സുരക്ഷ ഫീച്ചറുകളായി സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസർ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ വ്യൂ കാമറ എന്നിവയും ഗ്രാവൈറ്റിൽ പ്രതീക്ഷിക്കാം.
76 എച്ച്.പി കരുത്തും 95 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ പെട്രോൾ എൻജിൻ തന്നെയാകും ഗ്രാവൈറ്റിനെ വേഗത്തിൽ ചലിപ്പിക്കുന്നത്. ഇതേ എൻജിൻ റെനോ ട്രൈബറിലും താഴ്ന്ന വകഭേദങ്ങളായ നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ മോഡലിലും ഉപയോഗിച്ചിട്ടുണ്ട്. ഈ എൻജിന് 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ഗിയർബോക്സുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

