തകർപ്പൻ ഓഫ്‌റോഡ് സജ്ജീകരണം, മികച്ച ആഡംബര ഫീച്ചറുകൾ; ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളിയായി എം.ജി മജസ്റ്റർ
text_fieldsഎം.ജി മജസ്റ്റർ, ടൊയോട്ട ഫോർച്യൂണർ
1924ൽ സെസിൽ കിംബർ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ സ്ഥാപിച്ച ഓട്ടോമോട്ടീവ് കമ്പനിയാണ് മോറിസ് ഗാരേജ്. റേസിങ് പാരമ്പര്യത്തിൽ രണ്ട് സീറ്റുകളുള്ള സ്‌പോർട്ടി കാറുകളുടെ നിർമാണത്തിൽ ഏറെ പ്രശസ്തമായ കമ്പനി നീണ്ട ഒരിടവേളക്ക് ശേഷം ചൈനീസ് ഭീമന്മാരായ എസ്.എ.ഐ.സി (ഷാങ്ഹായ് ഓട്ടോമൊബൈൽ ഇൻഡസ്ട്രി കോർപ്പറേഷൻ) മോട്ടോർസ് 2007ൽ വിപണിയിലെ ഷെയർ സ്വന്തമാക്കിയതിയോടെ കമ്പനിയുടെ റേഞ്ച് തന്നെ മാറ്റിമറിക്കപ്പെട്ടു. 2019 ജൂണിൽ, എം.ജി ആദ്യമായി ഇന്ത്യയിൽ പുറത്തിറക്കിയ ഹെക്ടർ മിഡ് സൈസ് എസ്.യു.വി വലിയ മുന്നേറ്റമാണ് വിപണിയിൽ സൃഷ്ട്ടിച്ചത്. ഇന്ത്യയിൽ എസ്.എ.ഐ.സി മോട്ടോർസ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുമായി കൈകോർത്താണ് വാഹനം വിപണിയിൽ എത്തിച്ചത്. തുടർന്ന് ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ ഐ.സി.ഇ പ്ലാറ്റ്‌ഫോം വാഹനങ്ങൾക്ക് പുറമെ ഇലക്ട്രിക് മോഡലുകളായ കോമറ്റ്, ആസ്റ്റർ. MG ZS, വിൻഡ്സർ തുടങ്ങിയവയും നിരത്തുകളിൽ എത്തിച്ചു.
എം.ജി വാഹനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായതോടെ 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കരുത്തനായ 7 സീറ്റർ എം.ജി മജസ്റ്റർ 2026 ഏപ്രിലിൽ രാജ്യത്ത് പുറത്തിറക്കി. നിരവധി പ്രത്യേകതകളോടെയെത്തുന്ന എസ്.യു.വി ടൊയോട്ടയുടെ ഏറ്റവും കരുത്തുറ്റ ഫോർച്യൂണറിന് വെല്ലുവിളിയുമായാണ് എത്തുന്നത്.
എം.ജിയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്ലോസ്റ്ററിന് മുകളിലായി പ്രീമിയം ഫുൾ-സൈസ് ബോഡി-ഓൺ-ഫ്രെയിം എസ്.യു.വിയായിട്ടാണ് മജസ്റ്റർ നിരത്തുകളിൽ എത്തുന്നത്. 2.8 ലിറ്റർ ടർബോ ഡീസൽ (+ 48V മൈൽഡ്-ഹൈബ്രിഡ്) എൻജിൻ ഫോർച്യൂണറിന് കരുത്തേകുമ്പോൾ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ മജസ്റ്ററിനെ കൂടുതൽ കരുത്തിൽ ചലിപ്പിക്കും. ഫോർച്യൂണറിനെ അപേക്ഷിച്ച് 11.5 പി.എസ് കൂടുതൽ പവറും 58.5 എൻ.എം ടോർക്കും മജസ്റ്ററിനുണ്ട്. എന്നാൽ ഓട്ടോമാറ്റിക് വേരിയന്റിൽ 21.5 അധിക ടോർക് ഫോർച്യൂണറിനുണ്ട്.
4,795 എം.എം നീളവും 1,855 എം.എം വീതിയും 1,835 എം.എം ഉയരവുമായി ഫോർച്യൂണർ വിപണിയിൽ എത്തുമ്പോൾ 5,046 എം.എം നീളവും 2,016 എം.എം വീതിയും 1,876 എം.എം ഉയരവുമായി ഫോർച്യൂണറിനേക്കാൾ ഭീമനായാണ് മജസ്റ്റർ ഇന്ത്യയിൽ എത്തുന്നത്. വീൽ ബേസിലും ഫോർച്യൂണറിനേക്കാൾ 203 എം.എം അളവിൽ 2,950 എം.എമിൽ മജസ്റ്റർ ആധിപത്യം പുലർത്തുന്നുണ്ട്. കഴിഞ്ഞ പ്രളയസമയത്ത് ഓഫ്‌റോഡ് വാഹനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫോർച്യൂണറിനെ പ്രാപ്തമാക്കിയത് 700 എം.എം വാട്ടർ വേഡിങ് കപ്പാസിറ്റിയാണ്. എന്നാൽ അതിനേക്കാൾ 110 എം.എം കൂടുതലായി 810 എം.എമിന്റെ ഉയർന്ന വാട്ടർ വേഡിങ് കപ്പാസിറ്റിയോടെയാണ് മജസ്റ്റർ നിരത്തുകളിൽ പ്രകടനം കാഴ്ചവെക്കാൻ പോകുന്നത്.
മുകളിൽ സൂചിപ്പിച്ചതുപോലെ ഓഫ്‌റോഡിങ്ങിന് പ്രാപ്തമായ ഇരു വാഹങ്ങളും 4x4 സിസ്റ്റത്തോടെയാണ് വിപണിയിൽ എത്തുന്നത്. എന്നാൽ ഇരു മോഡലുകളിലും ഓഫ്‌റോഡ് കപ്പാസിറ്റി വ്യത്യസ്തമാണ്. ടൊയോട്ട ഫോർച്യൂണറിൽ സാധാരണയായി ഉപയോഗിക്കുന്ന ആക്റ്റീവ് ട്രാക്ഷൻ കോൺട്രോളോട് കൂടിയ റിയർ-ലോക്ക് സെറ്റപ്പിൽ എത്തുമ്പോൾ മൂന്ന് ഡിഫറെൻഷൽ (ഫ്രണ്ട്, സെന്റർ, റിയർ) ലോക്‌സുമായാണ് എം.ജി മജസ്റ്റർ എത്തുന്നത്. ഇത് വാഹനത്തിന്റെ ടയറുകൾക്ക് കൂടുതൽ ഗ്രിപ് നൽകുന്നതോടൊപ്പം അങ്ങേയറ്റത്തെ ട്രാക്ഷൻ കണ്ട്രോളും നൽകുന്നു. കൂടാതെ സാൻഡ്, റോക്ക്, മഡ്, സ്നോ എന്നിങ്ങനെയുള്ള പ്രതലങ്ങളിൽ ഉപയോഗിക്കാവുന്ന പത്ത് ഓഫ്‌റോഡ് മോഡുകളും എം.ജി മജസ്റ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതെല്ലം തന്നെ ഇലക്ട്രോണികലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നവയാണ്.
ഈ ഫീച്ചറുകൾക്ക് പുറമെ ക്രാൾ കൺട്രോൾ (സി.സി.ഒ) എന്നൊരു പുതിയ ഫീച്ചറും എം.ജി മജസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫ്-റോഡ് ക്രൂയിസ് കൺട്രോൾ വളരെ കുറഞ്ഞ വേഗതയിൽ ആക്സിലറേറ്ററും ബ്രേക്കിങ്ങും നിയന്ത്രിച്ച് തടസ്സങ്ങളിലൂടെ ഡ്രൈവർക്ക് സ്റ്റിയറിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനത്തെ മുമ്പോട്ട് ചലിപ്പിക്കാൻ സഹായിക്കും.
ഉപഭോക്താക്കൾക്കായി ഷാർപ് 4x2 (7 സീറ്റർ), സവ്വ്യ 4x2 (7 സീറ്റർ), സവ്വ്യ 4x2 (6 സീറ്റർ), സവ്വ്യ 4x4 (7 സീറ്റർ) എന്നീ നാല് വേരിയന്റുകളിൽ മജസ്റ്റർ സ്വന്തമാക്കാം. കൂടാതെ വിശാലമായ ഇന്റീരിയർ സജ്ജീകരണത്തോടെ വിപണിയിൽ എത്തുന്ന വാഹനത്തിൽ 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടൈന്മെന്റ് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സുരക്ഷാ സംവിധാനം, മസാജ് ഫങ്ഷനോട് കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12 സ്പീക്കറുകളുള്ള ജെ.ബി.എൽ ഓഡിയോ സിസ്റ്റം, ജെസ്റ്റർ കൺട്രോൾ വഴി പ്രവർത്തിപ്പിക്കാവുന്ന ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും എസ്.യു.വിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ടൊയോട്ട വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും വിറ്റുവരവുള്ളതുമായ ഫോർച്യൂണറിന് 33.43 ലക്ഷം മുതൽ 51.44 ലക്ഷം വരെയാണ് എക്സ് ഷോറൂം വില വരുന്നത്. എന്നാൽ 39.50 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയിൽ ആരംഭിച്ച് 43.25 ലക്ഷം രൂപ ടോപ് എൻഡ് മോഡലിന് എക്സ് ഷോറൂം വില വരുന്ന എം.ജി മജസ്റ്ററിനെ ഇന്ത്യൻ വാഹന പ്രേമികൾ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

