ജെ.എസ്.ഡബ്ല്യു മോട്ടോഴ്സിന്റെ 'പ്ലഗ്-ഇൻ ഹൈബ്രിഡ്' എസ്.യു.വികൾ ഉടൻ!
text_fieldsപ്രതീകാത്മക ചിത്രം
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ മാറുമ്പോൾ പ്രീമിയം വാഹന ശ്രേണിയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുകയാണ് ജെ.എസ്.ഡബ്ല്യു മോട്ടോർസ്. വിപണിയിൽ മികച്ച വിൽപ്പന രേഖപ്പെടുത്തുന്ന എം.ജിയുടെ വാഹനനിരയിലേക്ക് കമ്പനിയുടെ ആദ്യ 'പ്ലഗ്-ഇൻ ഹൈബ്രിഡ്' (PHEV) എസ്.യു.വി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജെ.എസ്.ഡബ്ല്യു. എം.ജി. ഉപഭോക്താക്കൾക്ക് തീർത്തും താങ്ങാവുന്ന വിലയിലായിരിക്കും ഈ വാഹനം വിപണിയിൽ എത്തുന്നത്.
2026 ജൂൺ മാസത്തിൽ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള (ഔറംഗബാദ്) പുതിയ അത്യാധുനിക പ്ലാന്റിലാകും വാഹനത്തിന്റെ നിർമാണം. ഏകദേശം 45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.
നിലവിൽ രാജ്യത്ത് പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ ലഭ്യമാണെങ്കിലും പ്രീമിയം വാഹനങ്ങൾ സ്വന്തമാക്കാൻ കോടികൾ മുടക്കേണ്ട അവസ്ഥയാണ്. പ്രീമിയം സെഗ്‌മെന്റിൽ മെഴ്‌സിഡസ് ബെൻസ് AMG C63 S E പെർഫോമൻസ്, ബി.എം.ഡബ്ല്യു M5 തുടങ്ങിയവയാണ് ആഡംബര കാറുകളുടെ നിരയിൽ ലഭ്യമാകുന്നത്. എന്നാൽ ജെ.എസ്.ഡബ്ല്യു മോട്ടോർ 45 ലക്ഷം രൂപ നിരക്കിൽ ഈ സൗകര്യം എത്തിക്കുന്നതോടെ, സാധാരണ ഹൈബ്രിഡ് കാറുകളേക്കാൾ കൂടുതൽ ദൂരം വൈദ്യുതിയിൽ മാത്രം ഓടിക്കാവുന്ന പ്രീമിയം വാഹനങ്ങൾ സാധാരണക്കാർക്കും ലഭ്യമാകും.
ഈ നൂതന സംരംഭത്തിനായി അന്താരാഷ്ട്ര വാഹന നിർമാതാക്കളുമായി ജെ.എസ്.ഡബ്ല്യു ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ അന്തിമ കരാർ വരും ആഴ്ചകളിൽ തന്നെ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം സെഗ്‌മെന്റിൽ ഒരു പുതിയ ബ്രാൻഡ് എന്ന നിലയിൽ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ടാറ്റ മോട്ടോഴ്‌സും ഹ്യുണ്ടായിയും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മാരുതി സുസുക്കിയും ടൊയോട്ടയും 'സ്‌ട്രോങ്ങ് ഹൈബ്രിഡ്' സാങ്കേതികവിദ്യയ്ക്കാണ് മുൻഗണന നൽകുന്നത്. ഇതിനിടയിലേക്കാണ് ഇലക്ട്രിക് കരുത്തും ഇന്ധനക്ഷമതയും ഒരുപോലെ നൽകുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുമായി ജെ.എസ്.ഡബ്ല്യു എത്തുന്നത്.
2026ഓടെ ഹൈബ്രിഡ് മോഡലിലൂടെ ഞങ്ങൾ ഇന്ത്യൻ വിപണിയിൽ ചുവടുവെക്കും. ഛത്രപതി സംഭാജിനഗറിലെ പ്ലാന്റ് ഇതിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്ന് ജെ.എസ്.ഡബ്ല്യു മോട്ടോർ സി.ഇ.ഒ രഞ്ജൻ നായിക് പറഞ്ഞു. വരും മാസങ്ങളിൽ വാഹനത്തിന്റെ കൂടുതൽ ഫീച്ചറുകളും സാങ്കേതിക വിവരങ്ങളും കമ്പനി പുറത്തുവിടും. പ്രീമിയം വാഹന പ്രേമികൾക്കും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ആഗ്രഹിക്കുന്നവർക്കും ഇതൊരു സന്തോഷ വാർത്തയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

