ഇലക്ട്രിക് വിപണിയിൽ മേധാവിത്വം നേടാൻ ഹ്യുണ്ടായ്; കുറഞ്ഞവിലയിൽ കുഞ്ഞൻ ഇ.വികൾ പുറത്തിറക്കും
text_fieldsപ്രതീകാത്മക ചിത്രം
രാജ്യത്തെ വാഹന വിപണിയിൽ ദിനംപ്രതി മാറ്റങ്ങൾ സംഭവിക്കുകയാണ്. കടുത്ത മത്സരത്തിൽ വാഹന വിപണി മുന്നോട്ട് പോകുമ്പോഴും പുതിയ പരീക്ഷണങ്ങളുമായി നിർമാണ കമ്പനികൾ രംഗത്തെത്തുന്നുണ്ട്. ഫോസിൽ ഇന്ധന വാഹനങ്ങൾക്ക് കൂടുതൽ ഡിമാൻഡ് നേരിട്ടിരുന്ന വിപണിയിൽ പതിയെ ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും മേധാവിത്വം ഉറപ്പിക്കാൻ തുടങ്ങി. ഈ അടുത്തായി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങളോട് ഒപ്പമെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ത്യൻ ഇലക്ട്രിക് വിപണി പിടിക്കാൻ കുറഞ്ഞ ചെലവിൽ കുഞ്ഞൻ ഇ.വികൾ നിരത്തുകളിൽ എത്തിക്കാൻ ഹ്യുണ്ടായ് ശ്രമിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്തുവരുന്നത്.
നിലവിൽ ടാറ്റ മോട്ടോർസ്, എം.ജി മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ വാഹനനിർമാതാക്കളാണ് ഇലക്ട്രിക് വിപണിയിലെ വിൽപ്പന നിയന്ത്രിക്കുന്നത്. അതിനാൽ തന്നെ ഹ്യുണ്ടായ് പുറത്തിറക്കുന്ന കുഞ്ഞൻ ഇ.വികളുടെ പ്രധാന എതിരാളികൾ ഈ വാഹന കമ്പനികളാകും. യൂറോപ്യൻ വിപണികളിൽ ഹ്യുണ്ടായ് അവതരിപ്പിച്ച 'ഇൻസ്റ്റർ ഇ.വി' അടിസ്ഥാനമാക്കിയാകും ഇന്ത്യയിലെത്താൻ പോകുന്ന കുഞ്ഞൻ എസ്.യു.വികൾ എന്നാണ് റിപ്പോർട്ട്. ഈ മോഡലിൽ ഒന്നിലധികം ബാറ്ററി ഓപ്ഷനുകൾ ഉണ്ടായേക്കാം. 300-350 കിലോമീറ്റർ റേഞ്ചാണ് ഇത്തരം ഇ.വികളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ പഞ്ച് ഇ.വി, എം.ജി മോട്ടോഴ്സിന്റെ കോമറ്റ് എന്നിവയായിട്ടാകും വരാൻപോകുന്ന ഹ്യുണ്ടായ് ഇ.വികൾ മത്സരിക്കുന്നത്.
സുരക്ഷക്ക് മുൻഗണന നൽകിയാകും വാഹനങ്ങൾ നിർമിക്കുക. അതിനാൽ തന്നെ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം), 360 ഡിഗ്രി കാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. കൂടാതെ വെന്റിലേഷൻ സൗകര്യത്തോട് കൂടെയുള്ള സീറ്റുകൾ, വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരാമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. 2027 അവസാനത്തോടെയാകും വാഹനത്തിന്റെ വിപണി പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

