പുതിയ ഹൈഡ്രേജൻ എസ്.യു.വിയുമായി ഹ്യൂണ്ടായ്; 700 കിലോമീറ്റർ മൈലേജ്
text_fieldsപുതിയ നെക്സോ
ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് ഹൈഡ്രജൻ പവർട്രെയിനിയിൽ രണ്ടാം തലമുറയിലെ നെക്സോ എസ്.യു.വി പ്രദർശിപ്പിച്ചു. 2024ൽ അവതരിപ്പിച്ച പ്രൊഡക്ഷൻ മോഡലാണിത്. ഇത് ആദ്യ ജനറേഷൻ നെക്സോയെ അപേക്ഷിച്ച് 40 ബി.എച്ച് .പി അധിക കരുത്തോടെ 204 ബി.എച്ച്.പി പവറും 45 എൻ.എം അധിക ടോർക്കോട് കൂടെ 350 എൻ.എം പീക് ടോർക്കും ഉല്പാദിപ്പിക്കുന്നതോടൊപ്പം 700 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 7.8 സെക്കന്റ് മാത്രമാണ് വാഹനമെടുക്കുന്നത്. ആദ്യ മോഡലിന് ഇത് 9.2 സെക്കന്റായിരുന്നു. വാഹനത്തിൽ 6.69 കിലോഗ്രാമിന്റെ ഒരു ഹൈഡ്രജൻ ടാങ്കും സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച മോഡലിൽ തന്നെയാണ് പുതിയ പ്രൊഡക്ഷൻ മോഡലും. എച്ച്.ടി.ഡബ്ല്യു.ഒ (ഹൈഡ്രജൻ ഫോർ ഹ്യൂമാനിറ്റി) മുൻ, പിൻ ലൈറ്റുകൾ നൽകിയിരിക്കുന്നു. കൂടാതെ 'എച്ച്' ആകൃതിയുള്ള പാനലുകളുള്ള ബംബറാണ് വാഹനത്തിന്, അതിൽ സിൽവർ ഫിനിഷും നൽകിയിരിക്കുന്നു. ഒ.ആർ.വി.എമ്മിന്റെ സ്ഥാനത്ത് കാമറകളാണ് നൽകിയിരിക്കുന്നത്. 18 ഇഞ്ചിന്റെ ഒരു അടിപൊളി അലോയ്വീലും വാഹനത്തിനുണ്ട്. ആറ് നിറങ്ങളിൽ ലഭ്യാമാകുന്ന വാഹനത്തിന് മൂന്ന് കോട്ട് പെയിന്റ് നൽകിയിട്ടുണ്ട്. വീൽബേസിലും വാഹനത്തിന്റെ ഉയരത്തിലും മാത്രമാണ് ആദ്യ തലമുറയോട് കൂട്ട്പിടിക്കുന്നത്.
ഹ്യൂണ്ടായ് യുടെ തന്നെ ഐയോണിക് ഇ.വിയിലെ 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈയിമെൻറ് സിസ്റ്റമാണ് നെക്സോയിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഒരു ഹെഡ് അപ്പ് ഡിസ്പ്ലേ, വയർലെസ്സ് ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, ഒ.ടി.എ അപ്ഡേറ്റ് എന്നിവയും, അതോടൊപ്പം 14 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റവും വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്.
സുരക്ഷയുടെ കാര്യത്തിലും പുതിയ തലമുറയിലെ നെക്സോ ഒട്ടും പിറകിലല്ല. എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാറുകൾ നേടിയ വാഹനത്തിൽ സ്റ്റാൻഡേർഡ് ആയി 9 എയർബാഗുകളാണ് ഉള്ളത്. ഈ എയർബാഗുകൾ യാത്രക്കാരെ കൂടാതെ ഹൈഡ്രജൻ ടാങ്കുകളെയും സംരക്ഷിക്കും. വാഹനത്തിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റവും (എ.ഡി.എ.എസ്) സജ്ജീകരിച്ചിട്ടുണ്ട്.

