ഇ റിക്ഷകൾക്ക് നിയന്ത്രണം, നഗരത്തിൽ പരമാവധി 2.5 ലക്ഷം വരെ; ഡൽഹിയിൽ പുതിയ നയം പുറത്തിറക്കി സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഇ-റിക്ഷകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാൻ സർക്കാർ നീക്കം. ഉടമസ്ഥാവകാശത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ പരമാവധി 2.5 ലക്ഷം ഇ-റിക്ഷകൾ മാത്രം അനുവദിക്കാനും ഒരാൾക്ക് അഞ്ച് വാഹനങ്ങൾ വരെ സ്വന്തമാക്കാമെന്ന വ്യവസ്ഥ കൊണ്ടുവരാനുമുള്ള കരട് നയമാണ് പുതിയ നിയന്ത്രണങ്ങൾക്ക് വഴിതുറക്കുന്നത്.
പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയ ഡൽഹി ഇ-റിക്ഷ (രജിസ്ട്രേഷൻ ആൻഡ് ഓപ്പറേഷൻ) പദ്ധതി 2026 പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി സർക്കാർ പ്രസിദ്ധീകരിച്ചു. 30 ദിവസത്തിനകം നിർദേശങ്ങളിലും വ്യവസ്ഥകളിലും അഭിപ്രായം അറിയിക്കാം.
ഡൽഹിയിൽ സർവിസ് നടത്തുന്ന ഓരോ ഇ-റിക്ഷക്കും സാധുവായ രജിസ്ട്രേഷനും ഇ-റിക്ഷ കംപ്ലയൻസ് സർട്ടിഫിക്കറ്റും (ഇ.സി.സി) നിർബന്ധമാക്കും. നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാകാൻ 90 ദിവസമെടുക്കും. 2.5 ലക്ഷം വാഹനങ്ങൾ അനുവദിച്ചുകഴിഞ്ഞാൽ സർക്കാർ പരിധി പുതുക്കുന്നതുവരെ പുതിയ സർട്ടിഫിക്കറ്റുകൾ അനുവദിക്കില്ല.
ഓരോ വ്യക്തിക്കും അഞ്ച് ഇ-റിക്ഷകൾ വരെ സ്വന്തമാക്കാം. എന്നാൽ ഉടമ ഡൽഹി നിവാസിയായിരിക്കണം. കമ്പനികൾ, സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് പരമാവധി 100 വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതി നൽകാനാണ് നിർദേശം.
സർവിസിനായി ഉടമ, അംഗീകൃത ഡ്രൈവർ, രജിസ്ട്രേഷൻ വിവരങ്ങൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ രേഖകളുമായി ബന്ധിപ്പിച്ച ഇ.സി.സി ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റിന് രണ്ട് വർഷമായിരിക്കും കാലാവധി. നിബന്ധനകൾ ലംഘിച്ചാൽ സർട്ടിഫിക്കറ്റ് റദ്ദാക്കാനോ സസ്പെൻഡ് ചെയ്യാനോ വ്യവസ്ഥയുണ്ട്. ഡ്രൈവർമാർക്ക് സാധുവായ ഇ-റിക്ഷ ഡ്രൈവിങ് ലൈസൻസും പബ്ലിക് സർവിസ് വെഹിക്കിൾ (പി.എസ്.വി) ബാഡ്ജും നിർബന്ധമാക്കും.
ഇതോടൊപ്പം ബാറ്ററി സുരക്ഷക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രത്യേക നിർദേശങ്ങളുണ്ട്. ഉപയോഗിച്ച ബാറ്ററികൾ അംഗീകൃത റീസൈക്ലിങ് കേന്ദ്രങ്ങൾ വഴി മാത്രമേ സംസ്കരിക്കാവൂ. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഉടമയെ ബന്ധപ്പെടാനുള്ള വിവരങ്ങൾ വാഹനത്തിൽ പ്രദർശിപ്പിക്കണം. റിഫ്ലക്ടീവ് മാർക്കിങ്ങുകളും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകളും നിർബന്ധമാക്കും. ബുൾ ബാറുകൾക്കും മുൻവശത്തെ ക്രാഷ് ഗാർഡുകൾക്കും വിലക്കേർപ്പെടുത്താനും നിർദേശമുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർക്ക് പുറമെ പരമാവധി നാല് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. 40 കിലോ വരെയായിരിക്കും അനുവദനീയമായ ഭാരപരിധി.
രജിസ്ട്രേഷനോ ആവശ്യമായ സർട്ടിഫിക്കറ്റോ ഇല്ലാതെ സർവിസ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും കർശന നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. രജിസ്ട്രേഷനില്ലാത്ത ഇ-റിക്ഷകൾ പിടിച്ചെടുത്താൽ നിശ്ചിത നടപടിക്രമങ്ങൾ പ്രകാരം പൊളിച്ചുനീക്കാനും ലേലം ചെയ്യാനും ഉത്തരവിടും. ബാറ്ററിയും ഇതിന്റെ പരിധിയിൽ വരും.
നഗരത്തിലെ ഗതാഗതക്കുരുക്ക്, റോഡ് അപകടസാധ്യത, വായു-ശബ്ദ മലിനീകരണം, അനിയന്ത്രിതമായ ഇ-റിക്ഷകളുടെ വർധന എന്നിവ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് കരട് നയത്തിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ടവരിൽനിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

