ജോൺ അബ്രഹാമിന്റെ ഥാർ റോക്സിന് ശേഷം റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന 'ഷോർട്ഗൺ 650'; സ്വന്തമാക്കിയത് ഹർഷ വർധൻ റാണെ
text_fieldsസനം തേരി കസം എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹർഷ വർധൻ റാണെ. തെലുങ്ക് ചിത്രങ്ങളിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം. സനം തേരി കസം 2016ൽ റിലീസ് ചെയ്തപ്പോൾ പരാജയമായിരുന്നെങ്കിലും ഈയടുത്തിടെ റീ റിലീസ് ചെയ്തപ്പോൾ 50 കോടി രൂപയാണ് വാരികൂട്ടിയത്. സിനിമ വലിയ കളക്ഷൻ നേടിയതോടെ വിജയമാഘോഷിക്കാനായി താരം പുതിയൊരു ബൈക്കും സ്വന്തമാക്കി കഴിഞ്ഞു. ബൈക്ക് സ്വന്തമാക്കിയ വിവരം ഇൻസ്റ്റാഗ്രാം വഴിയാണ് താരം അറിയിച്ചത്.
ബ്രിട്ടീഷ് വാഹനനിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ 'ഷോർട്ട്ഗൺ 650' ബൈക്കാണ് താരം സ്വന്തമാക്കിയത്. അതും ഹർഷ വർധൻ റാണെയുടെ താൽപര്യ പ്രകാരം കസ്റ്റമൈസ് ചെയ്താണ് കൈമാറിയിരിക്കുന്നത്. അലൂമിനിയം കൊണ്ട് ബോഡി നിർമ്മിച്ചിട്ടുള്ള വാഹനത്തിന്റെ ഹാൻഡിലിൽ ഹർഷ വർധൻ റാണെ എന്നെഴുതിയിട്ടുണ്ട്. 2024 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലായ റോയൽ എൻഫീൽഡ് രാജ്യത്ത് വിൽക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വാഹനമാണ്. 3.59 ലക്ഷം മുതൽ 3.73 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. കസ്റ്റം ചെയ്‌തെടുക്കുന്ന ഷോർട്ട്ഗണ്ണിന് 4.52 ലക്ഷം രൂപവരെ വിലവരാറുണ്ട്. എന്നാൽ അലുമിനിയത്തിൽ ചെയ്തെടുത്ത ബൈക്കിന് ചെലവായ തുക ഇതുവരെയും ഹർഷ വർധൻ റാണെ പുറത്തുവിട്ടിട്ടില്ല.
649 സി.സി എയർ ആൻഡ് ഓയിൽ കൂൾഡ് പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ഷോർട്ട്ഗണിന്റെ കരുത്ത്. ഇത് 47 ബി.എച്ച്.പി പവറും 52 എൻ.എം പീക് ടോർക്കും ഉൽപാദിപ്പിക്കും. ബൈക്കിന് 6 സ്പീഡ് ഗിയർ ബോക്‌സാണ് നൽകിയിരിക്കുന്നത്. 2021ലെ കോവിഡ് സമയത്ത് ആശുപത്രികൾക്ക് ഓക്സിജൻ സിലിണ്ടർ വാങ്ങിക്കാൻ തന്റെ പക്കലുണ്ടായിരുന്ന റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി 535 താരം വിറ്റിരുന്നു.

