Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightകാൻസറിനെ ഭയക്കേണ്ട;...

കാൻസറിനെ ഭയക്കേണ്ട; ചിലത് തടയാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

text_fields
bookmark_border
world cancer day
cancel

ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്ന രോഗമാണ് കാൻസർ അഥവാ അർബുദം. ഇന്ത്യയിൽ ഒമ്പതിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് കാൻസർ വരാനുള്ള സാധ്യതയുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ രോഗനിർണയം നടത്തുന്ന പത്ത് കാൻസറുകളിൽ നാലെണ്ണവും തടയാൻ കഴിയുന്നവയാണ്.

പുരുഷന്മാരിലെ ഓറൽ കാൻസർ, ശ്വാസകോശത്തിലുള്ള കാൻസർ, ആമാശയ കാൻസറുകളാണ് തടയാൻ സാധിക്കുന്നത്. സ്ത്രീകളിൽ ​ഗർഭാശയത്തിലുണ്ടാകുന്ന കാൻസർ, സ്തനാർബുദം, ഓറൽ കാവിറ്റി എന്നീ കാൻസറുകളും പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. ചില കാൻസറുകൾ തടയാൻ സാധിക്കുന്നതാണെന്ന് നേച്ചർ മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. പണ്ടുള്ളതിനേക്കാൾ അപേക്ഷിച്ച് ഇന്ന് അർബുദത്തെ നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗ്ഗങ്ങൾ വൈദ്യശാസ്ത്രത്തിലുണ്ട്.

എന്താണ് കാൻസർ

ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ. ഇത് അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കും. കാൻസർ കോശങ്ങൾ എന്നറിയപ്പെടുന്ന ഇവ ശരീരത്തിലെ ഏത് അവയവത്തെയും ബാധിക്കാം.

നിലവിൽ പലതരം കാൻസറുകൾ കണ്ടെത്തിയിട്ടുണ്ട്. ഗർഭാശയ കാൻസർ, സ്തനാർബുദം, സെർവിക്കൽ കാൻസർ, ശ്വാസകോശാർബുദം, ആമാശയ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, തൈറോയ്ഡ് കാൻസർ, വായിലും തൊണ്ടയിലും ഉണ്ടാകുന്ന കാൻസർ, ബ്ലഡ് ക്യാൻസർ തുടങ്ങിയവ കാൻസറിന്റെ വിവിധ തരങ്ങളാണ്.

ഓറൽ കാൻസർ: തടയാൻ സാധിക്കുന്ന കാൻസറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഓറൽ കാൻസർ. പുരുഷന്മാരിൽ 85,000ത്തിലധികം കേസുകളും സ്ത്രീകളിൽ 20,000ത്തിലധികം കേസുകളും തടയാൻ സാധിക്കും. വായിലും തൊണ്ടയിലും ഉണ്ടാകുന്ന ഇത്തരം കാൻസറുകൾ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് ഒരുപരിധി വരെ തടയാൻ സാധിക്കുന്നതാണ്. ഈ കാൻസറുകളിൽ 90 ശതമാനത്തിലധികവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ച് ഗുട്ട്ക, ഖൈനി, വെറ്റില എന്നിവ പോലുള്ള പുകയില്ലാത്ത രൂപങ്ങൾ ഇത്തരം കാൻസറിന്റെ പ്രധാന ഘടകമാണ്.

ശ്വാസകോശ അർബുദം: രാജ്യത്തെ നാലാമത്തെ ഏറ്റവും സാധാരണമായ കാൻസറാണ് ശ്വാസകോശ അർബുദം. 2022ൽ ഇന്ത്യയിൽ 80,000ത്തിലധികം ശ്വാസകോശ അർബുദ കേസുകളും 75,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുകവലിയും ഇന്ത്യയിലെ വായു മലിനീകരണവുമാണ് ഇതിന് കാരണം. പുകവലി ഒഴിവാക്കുന്നതിലൂടെയും മികച്ച വായു ശ്വസിക്കുന്നതിലൂടെയും ഇവ തടയാൻ പറ്റും.

സ്തനാർബുദം: ഇന്ത്യൻ സ്ത്രീകളിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ കാൻസറാണ് സ്തനാർബുദം. 2022ൽ ഏകദേശം രണ്ട് ലക്ഷം പുതിയ കേസുകളും 98,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട ശാരീരിക പ്രവർത്തനങ്ങളിലൂടെയും ആരോഗ്യകരമായ ശരീരഭാരത്തിലൂടെയും 25,000ത്തിലധികം കേസുകൾ തടയാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന വിശകലനം ചെയ്യുന്നുണ്ട്. പെൺകുട്ടികളിലെ പൊണ്ണത്തടി, വൈകിയുള്ള ഗർഭധാരണം, വന്ധ്യത, മുലയൂട്ടലിന്റെ അഭാവം എന്നിവ സ്തനാർബുദത്തിന്റെ ഘടകങ്ങളാണ്.

സെർവിക്കൽ കാൻസർ: ഇന്ത്യൻ സ്ത്രീകളിൽ സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ കാൻസർ. 2022ൽ 1.27 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് എന്ന അണുബാധ മൂലമാണ് ഇവ ഉണ്ടാകുന്നത്. ഇവയിൽ മിക്കതും തടയാൻ കഴിയുമെന്ന് കണക്കാക്കുന്നു.

ആമാശയ കാൻസർ: തടയാൻ കഴിയുന്ന കാൻസറുകളിൽ ആമാശയ കാൻസറും ഉണ്ട്. 2022 ഇന്ത്യയിൽ 64,000ത്തിലധികം കേസുകളും 57,000 മരണങ്ങളും ആമാശയ കാൻസറിൽ നിന്ന് റിപ്പോർട്ട് ചെയ്തതാണ്. ഇതിൽ 31,000ത്തിലധികം കേസുകൾ തടയാൻ കഴിയുമെന്നും ഗ്യാസ്ട്രൈറ്റിസ്, പെപ്റ്റിക് അൾസർ, വിട്ടുമാറാത്ത വയറുവേദന, ദഹനക്കേട് എന്നിവക്ക് കാരണമാകുന്ന പ്രധാന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറിനെ തടയാനാകുമെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന ഈ ബാക്ടീരിയ ഇന്ത്യയിലെ മുതിർന്നവരിൽ ഏകദേശം 80 ശതമാനം ആളുകളുടെയും വയറ്റിൽ കാണപ്പെടും. ഇത്തരത്തിൽ വിട്ടുമാറാത്ത അണുബാധ ദീർഘകാല വീക്കത്തിനും അർബുദത്തിന് മുമ്പുള്ള മാറ്റങ്ങൾക്കും കാരണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthCancerwhoworld cancer day
News Summary - Which cancers in India are preventable? WHO has the answers
Next Story