ദിവസം ഒരു പേരക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
text_fieldsദിവസവും ഒരു പേരക്ക കഴിച്ചാൽ നമ്മുടെ ശരീരത്തിൽ എന്ത് മാറ്റമാണുണ്ടാകുക? ചെന്നൈയിലെ ശ്രീ ബാലാജി മെഡിക്കൽ സെന്ററിലെ ഡയറ്റീഷ്യൻ ദീപലക്ഷ്മി പറയുന്നതു നോക്കാം. ‘പേരക്ക വിറ്റാമിൻ സിയുടെ കേന്ദ്രമാണ്. ഇതു പ്രതിരോധശേഷി വർധിപ്പിക്കുന്നു. തൊലി, എല്ലുകൾ, പേശികൾ എന്നിവയെ സമ്പുഷ്ടപ്പെടുത്തുന്ന വിറ്റമിനായ കൊളാജൻ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്നു, ചർമത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
പേരക്കയിലെ ഉയർന്ന നാരുകളുടെ അളവ് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗമുള്ളവർക്ക് പേരക്ക മികച്ചതാണ്’, അവർ പറഞ്ഞു. ദീപലക്ഷ്മിയുടെ അഭിപ്രായത്തിൽ, ഈ പഴം ദിവസവും കഴിക്കുന്നത് രക്തസമ്മർദവും കൊളസ്ട്രോളും കുറക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.
അതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ലയിക്കുന്ന നാരുകളുമാണ് ഇതിനു കാരണം. കുറഞ്ഞ കലോറി അടങ്ങിയിട്ടുണ്ടെങ്കിലും പേരക്ക വിശപ്പ് കുറക്കാൻ സഹായിക്കുന്നു. അതുമൂലം ശരീരഭാരം നിയന്ത്രിക്കുന്നതിന് കാരണമാകുമെന്നും അവർ പറഞ്ഞു. ചർമ്മത്തിന്റെ വാർധക്യത്തെ മന്ദഗതിയിലാക്കുന്നതിനും പേരക്ക സഹായിക്കുന്നു. എന്നാൽ, പേരക്ക വളരെ പോഷകസമൃദ്ധമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, മലബന്ധം എന്നിവക്ക് കാരണമാകുമെന്ന് ദീപലക്ഷ്മി മുന്നറിയിപ്പ് നൽകി.
പേരക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുതൽ കുറക്കും. പ്രമേഹരോഗികൾ ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതാണ്. അപൂർവ സന്ദർഭങ്ങളിൽ പേരക്ക ഓറൽ അലർജി സിൻഡ്രോമിന് കാരണമാകുമെന്നും ഇത് വായിലും തൊണ്ടയിലും ചൊറിച്ചിലോ വീക്കമോ ഉണ്ടാക്കുമെന്നും ദീപലക്ഷ്മി പറയുന്നു. സന്തുലിതാവസ്ഥ കൈവരിക്കാൻ പ്രതിദിനം ഒരു ഇടത്തരം പേരക്ക കഴിക്കുന്നത് വഴി സാധ്യമാകുമെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.