ദുബൈ ഫിറ്റ്നസ് ചലഞ്ചിനൊരുങ്ങി നഗരം
text_fieldsദുബൈ: നഗരവാസികൾക്കിടയിൽ ആരോഗ്യ ശീലം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 2017ൽ പ്രഖ്യാപിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഒമ്പതാമത് എഡിഷൻ നംബർ ഒന്നിന് തുടങ്ങും. കായിക പ്രവർത്തനങ്ങൾക്കായി ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് മാറ്റിവെക്കുന്നതാണ് പരിപാടി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു മാസക്കാലം വിവിധ ഫിറ്റ്നസ്, ഹെല്‍ത്ത്, വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നഗരത്തിലുടനീളം സംഘടിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അണിനിരക്കുന്ന ദുബൈ റൺ ആണ് ഇതിൽ ഏറ്റവും ആകർഷണീയമായ ഒന്ന്. നവംബർ 23ന് ആണ് ദുബൈ റൺ.
ശൈഖ് സായിദ് റോഡിൽ നടക്കുന്ന പരിപാടിയിൽ യു.എ.ഇയിലെ ഭരണാധികാരികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. ഫ്യൂച്ചർ മ്യൂസിയം, എമിറേറ്റ്സ് ടവർ, ദുബൈ ഒപേര, ബുർജ് ഖലീഫ എന്നിവിടങ്ങളിലൂടെയാണ് ദുബൈ റൺ കടന്നുപോകുക. രണ്ട് റൂട്ടുകളിലായി ഓട്ടത്തിൽ പങ്കെടുക്കാം. ദീർഘദൂരം ഓടാൻ ആഗ്രഹിക്കുന്നവർക്ക് 10 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുക്കാം. കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതാണ് അഞ്ച് കിലോമീറ്റർ ഓട്ടം.
ദുബൈ റണ്ണിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഓട്ടം ആരംഭിക്കുന്ന സമയവും തെരഞ്ഞെടുക്കാം. പുലർച്ചെ നാലു മണിക്കും 6.30നുമാണ് സമയം. എട്ട് മണിക്ക് അവസാനിക്കും. ശൈഖ് സായിദ് റോഡിൽ ഫ്യൂച്ചർ മ്യൂസിയത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ബുർജ് ഖലീഫ, ദുബൈ ഒപേര എന്നിവിടങ്ങളിലൂടെ കടന്നുപോയി ദുബൈ മാളിന് സമീപം അവസാനിക്കുന്നതാണ് അഞ്ച് കിലോമീറ്റർ റൂട്ട്. 10 കിലോമീറ്റർ റൂട്ട് ഫ്യൂച്ചർ മ്യൂസിയത്തിൽ നിന്ന് ആരംഭിച്ച് ദുബൈ കനാൽ പാലത്തിലൂടെ കടന്നപോയി ശൈഖ് സായിദ് റോഡിൽ ഡി.ഐ.എഫ്.സി ഗേറ്റിൽ അവസാനിക്കും. ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

