വേനൽക്കാല രോഗങ്ങൾ
text_fieldsഗൾഫ് രാജ്യങ്ങളിലടക്കം നിലവിൽ ദിനേന ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. സമ്മർ സീസൺ ആരംഭിച്ചെങ്കിലും പലരും വേണ്ടത്ര ശ്രദ്ധയോടെയല്ല ചൂടിനെയും വെയിലിനെയും പരിഗണിക്കുന്നത്. 40 മുതൽ 50 വരെയോ അതിലധികമോ ഡിഗ്രി ഡെൽഷ്യസിലാണ് ഈ കാലയളവിൽ താപനിലയുണ്ടാവുക. നേരിട്ട് സൂര്യകിരണങ്ങളേൽക്കുന്നത് വലിയ അപകടമാണ്. നിരവധി രോഗങ്ങളാണ് ഇക്കാലയളവിൽ നമ്മെ തേടിയെത്തുക. അതിനായി നമുക്ക് വേണ്ടത് ജാഗ്രതയാണ്. ചൂടിനെ അറിഞ്ഞുകൊണ്ട് നമ്മുടെ ശരീരത്തെ ക്രമീകരിക്കുമ്പോഴാണ് നമ്മൾ സുരക്ഷിതരാവുന്നത്. ചൂടുകാലത്ത് വരാൻ സാധ്യതയുള്ള ചില രോഗങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഹീറ്റ് സ്ട്രെസ്സ്
ഹീറ്റ് സ്ട്രെസ്സ് എന്നത് ചൂട് കാലാവസ്ഥയിൽ ശരീരം അമിതമായി ചൂടാകുന്ന അവസ്ഥയാണ്. ഉയർന്ന അന്തരീക്ഷ ഊഷ്മാവും ഈർപ്പവും കാരണം ശരീരത്തിന് തണുക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ക്ഷീണം, തലകറക്കം, തലവേദന, പേശിവേദന, ഓക്കാനം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോഫി പോലെയുള്ളവ ഒഴിവാക്കാൻ ശ്രമിക്കുക, ശരീരത്തെ തണുപ്പിക്കാൻ ശ്രമിക്കണം, ഇറുകിയ വസ്ത്രങ്ങൾ ഇടാതിരിക്കാൻ ശ്രമിക്കുക, സൺ ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. വെള്ളം കുടിക്കുക
ഹീറ്റ് എഡിമ
ഉയർന്ന ചൂടുള്ള സാഹചര്യങ്ങളിൽ, ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് കാരണം കൈകാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും നീർക്കെട്ടുണ്ടാകുന്ന അവസ്ഥയാണ് ഹീറ്റ് എഡിമ. ഇത് സാധാരണയായി കാലുകളിലും കണങ്കാലുകളിലും പാദങ്ങളിലുമാണ് കാണപ്പെടാറുള്ളത്.
ലക്ഷണങ്ങൾ
കാലുകളിലും കണങ്കാലുകളിലും പാദങ്ങളിലും വീക്കം ഉണ്ടാകുന്നത് പ്രധാന ലക്ഷണം. തിളക്കമുള്ള ചർമമായിരിക്കും. ചിലപ്പോൾ ചെറിയ വേദന അനുഭവപ്പെടാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂടുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക, തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലങ്ങളിൽ വിശ്രമിക്കുക, കാലുകളും കൈകളും ഉയർത്തിവെക്കുക, നന്നായി വെള്ളം കുടിക്കുക, ഉപ്പ് കുറയ്ക്കുക, വ്യായാമം ചെയ്യുക, കൂടുതൽ നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യാതിരിക്കുക, മെല്ലെ മസാജ് ചെയ്യുക.
ചൂടുകുരു
ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികൾ അടഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന ഒരു ചർമ പ്രശ്നമാണ് ഹീറ്റ് റാഷ് അഥവാ ചൂടുകുരു. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ഇത് സാധാരണയായി കണ്ടുവരുന്നു. വിയർപ്പ് ചർമത്തിന് പുറത്തേക്ക് വരാതെ ചർമത്തിനടിയിൽ കെട്ടിക്കിടക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് ചെറിയ കുരുക്കളോ തടിപ്പോ ആയി പ്രത്യക്ഷപ്പെടുകയും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും.
ലക്ഷണങ്ങൾ
ചെറിയ ചുവന്ന കുരുക്കൾ കാണപ്പെടാം. ചൊറിച്ചിൽ/തരിപ്പ്, ചർമത്തിലെ ചുവപ്പ്, വേദന എന്നിവ അനുഭവപ്പെടാം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണുത്തതും വായുസഞ്ചാരമുള്ളതുമായ മുറികളിൽ കഴിയാൻ ശ്രമിക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുകയോ തണുത്ത വെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് കുരുക്കളുള്ള ഭാഗം തുടയ്ക്കുകയോ ചെയ്യുക. ഐസ് നേരിട്ട് വെക്കുന്നത് ഒഴിവാക്കുക, ഇത് ചർമത്തിന് കേടുപാടുകൾ വരുത്താം.
അയഞ്ഞതും കോട്ടൺപോലുള്ള പ്രകൃതിദത്തമായ തുണിത്തരങ്ങൾ കൊണ്ടുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, ചൂടുകുരു ഉള്ള ഭാഗത്ത് ചൊറിയുന്നത് ഒഴിവാക്കുക. ഇത് അണുബാധക്ക് കാരണമാകും. ദിവസവും രണ്ടോ മൂന്നോ തവണ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ അഴുക്കും വിയർപ്പും നീക്കം ചെയ്യാനും ചൂടുകുരു കുറയ്ക്കാനും സഹായിക്കും.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

