Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് ശസ്ത്രക്രിയകൾ, രണ്ടര വർഷത്തെ ചികിത്സ; അപൂർവ തലയോട്ടി ക്ഷയരോഗത്തിൽനിന്ന് 53കാരന് മോചനം

text_fields
bookmark_border
ആറ് ശസ്ത്രക്രിയകൾ, രണ്ടര വർഷത്തെ ചികിത്സ; അപൂർവ തലയോട്ടി ക്ഷയരോഗത്തിൽനിന്ന് 53കാരന് മോചനം
cancel

ന്യൂഡൽഹി: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അർധബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച 53കാരൻ രണ്ടര വർഷത്തെ സങ്കീർണ ചികിത്സക്കൊടുവിൽ സാധാരണ ജീവിതത്തിലേക്ക്. ഒമ്പത് തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആറ് ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും ചെയ്ത ശേഷമാണ് രോഗി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് ഡൽഹി ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

പെട്ടെന്ന് ബോധം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ മസ്തിഷ്കത്തിൽ ഗുരുതരമായ വീക്കത്തിന് കാരണമായ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. രക്തസ്രാവസംബന്ധമായ തകരാറും പ്ലേറ്റ്ലെറ്റ് കുറവും ഹൃദയസംബന്ധമായ അസുഖത്തിന് ഇക്കോസ്പിരിൻ കഴിച്ചിരുന്നതും ശസ്ത്രക്രിയ അപകടകരമാക്കി. രക്തക്കട്ട നീക്കം ചെയ്യാൻ അടിയന്തര ഡീകംപ്രസീവ് ബ്രെയിൻ ശസ്ത്രക്രിയ നടത്തി. വീക്കം കുറക്കുന്നതിനായി തലയോട്ടിയുടെ ഒരു ഭാഗം താൽക്കാലികമായി മാറ്റിവെച്ചു. തുടർന്ന് വെന്റിലേറ്റർ സഹായവും ട്രക്കിയോസ്ടമിയും ആവശ്യമായി വന്നു.

പിന്നീട് അപസ്മാരം ഉണ്ടായതിനെ തുടർന്ന് തലയോട്ടിയിലെ അസ്ഥി പുനഃസ്ഥാപിച്ചു. എന്നാൽ അസ്ഥിക്കടിയിൽ വീണ്ടും രക്തക്കട്ട രൂപപ്പെട്ടതോടെ മറ്റൊരു മസ്തിഷ്ക ശസ്ത്രക്രിയ വേണ്ടിവന്നു.

മാസങ്ങൾക്കുശേഷം ശസ്ത്രക്രിയാ മുറിവിൽനിന്ന് ദ്രവം പുറത്തുവന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിയിലെ അസ്ഥിയിൽ ക്ഷയരോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച അസ്ഥി നീക്കം ചെയ്ത് ക്ഷയരോഗ ചികിത്സ ആരംഭിച്ചു. പിന്നീട് തലച്ചോറിലും നട്ടെല്ലിലും ക്ഷയരോഗബാധയുണ്ടെന്നും കണ്ടെത്തി.

തുടർന്ന് ആവർത്തിച്ചുള്ള നാഡീസംബന്ധമായ പ്രശ്നങ്ങളും അണുബാധകളും ഉണ്ടായതോടെ നിരവധി തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇതിനിടെ വീഴ്ചയിൽ തുടയെല്ല് പൊട്ടുകയും ചെയ്തു. പൊട്ടൽ പരിഹരിക്കുന്നതിനൊപ്പം രോഗിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പോളിതർ ഈതർ കെറ്റോൺ ക്രാനിയൽ ഇംപ്ലാന്റ് ഉപയോഗിച്ച് തലയോട്ടി പുനർനിർമിക്കുകയും ചെയ്തു.

ചികിത്സയുടെ അവസാനഘട്ടത്തിൽ ക്ഷയരോഗ മരുന്നിന്റെ പാർശ്വഫലമായി ഒപ്റ്റിക് ന്യൂറൈറ്റിസ് ഉണ്ടായി. ഇതോടെ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. ഇത് നേരത്തെ കണ്ടെത്തി ചികിത്സയിൽ മാറ്റം വരുത്തുകയും പുനരധിവാസം തുടരുകയും ചെയ്തു.

ന്യൂറോസർജറി, ഓർത്തോപീഡിക്സ്, ഇൻഫെക്ഷ്യസ് ഡിസീസസ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപിത ചികിത്സയാണ് രണ്ടര വർഷം നീണ്ടത്. തലയോട്ടിയിലെ അസ്ഥിയിൽ ശസ്ത്രക്രിയക്ക് ശേഷം ക്ഷയരോഗബാധ ഉണ്ടാകുന്നത് വളരെ അപൂർവമാണെന്ന് ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ. സോണൽ ഗുപ്ത പറഞ്ഞു. ഇത്തരം അണുബാധകളിൽ ഭൂരിഭാഗവും ബാക്ടീരിയ മൂലമുള്ളതാണെന്നും ക്ഷയരോഗബാധയുള്ള കേസുകൾ വളരെ കുറച്ചുമാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rare Skull Tuberculosis Patient Recovers
Next Story