കഴുത്തിൽ വേദനയില്ലാത്ത മുഴകളാണോ? അവഗണിക്കരുത്, വേദനയുള്ളതിനേക്കാൾ അപകടമായേക്കാം
text_fieldsകോഴിക്കോട്: കഴുത്തിലുണ്ടാകുന്ന വേദനയില്ലാത്ത മുഴകൾ തൈറോയ്ഡ് ക്യാൻസറിന്റെ ലക്ഷണമാകാമെന്നും അവ അവഗണിക്കരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റ് ശാരീരിക അസ്വസ്ഥതകളോ വേദനയോ പ്രകടിപ്പിക്കാത്തതിനാൽ പലപ്പോഴും ഇത്തരം മുഴകൾ തൈറോയ്ഡ് ക്യാൻസറിന്റെ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാകുന്ന അസ്വാഭാവികമായ വളർച്ചയാണ് പിന്നീട് മാരകമായ രോഗമായി മാറുന്നത്.
വേദനയില്ലാത്ത മുഴകൾക്കൊപ്പം ശബ്ദത്തിലുണ്ടാകുന്ന മാറ്റം, പരുക്കൻ ശബ്ദം, ആഹാരം ഇറക്കാൻ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, കഴുത്തിലെ ഗ്രന്ഥികളിൽ രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന വീക്കം എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ പരിശോധന തേടണമെന്ന് ഓങ്കോളജിസ്റ്റായ ഡോ. നിഖിൽ ഘട്യാൽപാട്ടീൽ നിർദ്ദേശിക്കുന്നു. അൾട്രാസൗണ്ട് സ്‌കാനിങ്, എഫ്.എൻ.എ.സി പരിശോധന, രക്തപരിശോധന എന്നിവയിലൂടെ രോഗം നേരത്തെ കണ്ടെത്താനാകും.
മെഡുലറി തൈറോയ്ഡ് ക്യാൻസർ പോലുള്ള വിഭാഗങ്ങളിൽ ജനിതക ഘടകങ്ങൾ പ്രധാനമായതിനാൽ പാരമ്പര്യമായി ഇത്തരം അസുഖങ്ങളുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ ശസ്ത്രക്രിയയിലൂടെയോ റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പിയിലൂടെയോ തൈറോയ്ഡ് ക്യാൻസർ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. വേദനയില്ലാത്തതിനാൽ അപകടമില്ലെന്ന് കരുതരുതെന്നും പുതിയതായി കാണുന്ന മുഴകൾ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണണമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

