രുചിക്കൊപ്പം ആരോഗ്യവും; മില്ലറ്റ് കഫേ വിജയത്തിലേക്ക്
text_fieldsഏറ്റുമാനൂർ കിസ്മത്ത്പടിയിൽ പ്രവർത്തിക്കുന്ന മില്ലറ്റ് കഫേ
കോട്ടയം: ചെറുകിട സംരംഭകർക്കുള്ള സർക്കാർ പിന്തുണയുടെ സാക്ഷ്യമായി ആരോഗ്യകരമായ വിജയവഴിയിൽ ഏറ്റുമാനൂരിലെ അർച്ചനാസ് മില്ലറ്റ് കഫേ. ചെറു ധാന്യങ്ങൾ കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളുമായി പുതിയൊരു ആരോഗ്യശീലത്തിനും വഴിയൊരുക്കുകയാണ് ഏറ്റുമാനൂർ കിസ്മത് പടിയിലുള്ള കഫേ.
കാർഷിക-കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ കഴിഞ്ഞ ജൂലൈയിലാണ് അർച്ചന വിമൻസ് സെന്റർ നേതൃത്വത്തിൽ മില്ലറ്റ് കഫേ ആരംഭിച്ചത്. അഞ്ചുലക്ഷം രൂപയാണ് കൃഷിവകുപ്പ് സഹായമായി നൽകിയത്. വകുപ്പിന്റെ പിന്തുണയോടെ ജില്ലയിൽ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ ആറുമാസം കൊണ്ടു കൈവരിച്ച ലാഭം ആറു ലക്ഷം രൂപയാണ്.
ചോറും കഞ്ഞിയും ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടെ പോഷകസമൃദ്ധവും വൈവിധ്യവുമാർന്ന മില്ലറ്റ് വിഭവങ്ങളാണ് കഫേ ഒരുക്കുന്നത്. മില്ലറ്റ് ചോറ്, ഉപ്പുമാവ്, കഞ്ഞി, മില്ലറ്റ് ഷെയ്ക്ക്, മില്ലറ്റ് റോൾ, സ്പ്രിങ് റോൾ, കട്ട്‌ലറ്റ്, സമൂസ, മോമോസ്, റാഗി അട, കൊഴുക്കട്ട, റാഗി നെയ്യപ്പം, മില്ലറ്റ് പായസം എന്നിവയാണ് മെനുവിലുള്ളത്. പായസത്തിനും കഞ്ഞിക്കുമാണ് ആവശ്യക്കാരേറെ. റാഗി, മണിചോളം, ചാമ, കമ്പ്, തിന, വരഗ്, പനിവരഗ്, തിരവാലി, മലഞ്ചാമ, കുതിരവാൽ തുടങ്ങിയ ചെറുധാന്യങ്ങളുപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്.
മില്ലറ്റ് കഞ്ഞിക്ക് 70 രൂപയും പായസത്തിന് കപ്പ് ഒന്നിന് 40 രൂപയും ചെറുകടികൾക്ക് 15 മുതൽ 30 രൂപ വരെയുമാണ് വില. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനം. ഇത് രാത്രി 10 വരെയാക്കാനും, അഞ്ച് കിലോമീറ്റർ പരിധിയിൽ ഹോം ഡെലിവറി സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്.എല്ലാ സഹായവും നിർദേശങ്ങളും നൽകി ഏറ്റുമാനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതിയും കൃഷി ഓഫിസർ ജ്യോത്സന കുര്യനും ഒപ്പമുണ്ട്.
ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം പാരമ്പര്യധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയും കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് ജില്ല കൃഷി ഓഫിസർ സി. ജോ ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

