Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightകാൻസർ പ്രതിരോധം...

കാൻസർ പ്രതിരോധം ഭക്ഷണത്തിലൂടെ...

text_fields
bookmark_border
Cancer
cancel

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ശരിയായി നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം, കാൻസർ വരാനുളള സാധ്യത കുറക്കുന്നു. കണ്ടുപിടിക്കപ്പെടുന്ന 20 കാൻസറുകളിൽ ഒരെണ്ണം അമിതവണ്ണം മൂലമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

നമ്മുടെ സമൂഹത്തിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന സ്തനാർബുദം, കുടൽ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ എന്നിവക്കൊപ്പം ചികിത്സിക്കാൻ പ്രയാസമുള്ള പാൻക്രിയാസ് കാൻസർ, അന്നനാള കാൻസർ, പിത്തസഞ്ചി കാൻസർ എന്നിവക്കും അമിതവണ്ണം ഒരു കാരണമാകുന്നുണ്ട്.


കാൻസർ തടയുന്നതിന് ഭക്ഷണക്രമീകരണം വളരെ പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും കൊണ്ട് സമ്പുഷ്ടവും, സമീകൃതവുമാകണം ഭക്ഷണക്രമം. ആൻറി ഓക്സിഡൻറുകൾ, അവശ്യ വിറ്റാമിനുകൾ, നാരുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

നിങ്ങളുടെ ഭക്ഷണത്തിൻ്റെ പകുതി അളവ് സാലഡുകൾക്കോ, പച്ചക്കറികൾക്കോ ആയി മാറ്റി വെക്കാം. ഭക്ഷണത്തിൽ ‘ബ്രൗൺ റൈസ്’ (തവിടുള്ള അരി), ഓട്‌സ്, തവിടോടു കൂടിയ ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് മുതലായവയും ധാരാളം ഉൾപ്പെടുത്തണം. തവിടോടു കൂടിയ ധാന്യങ്ങൾ സ്വാഭാവികമായും കൂടുതൽ പോഷകഗുണമുള്ളതും, മൈദ മാവിനേക്കാൾ നാരുകൾ അടങ്ങിയതുമാണ്.


നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വൻകുടലിലെ അർബുദ സാധ്യത കുറയ്ക്കുകയും, മലബന്ധം തടയുകയും ചെയ്യുന്നു. നിത്യേനയുളള ഭക്ഷണത്തിലൂടെ കുറഞ്ഞത് 30 ഗ്രാം നാരുകൾ എങ്കിലും, ഒരു വ്യക്തിയുടെ ശരീരത്തിന് ലഭിക്കണമെന്നാണ് ആരോഗ്യവിദ്ഗധർ ശിപാർശ ചെയ്യുന്നത്.

പ്രോട്ടീനുകൾ കൂടുതലായി ഉൾപ്പെട്ടിട്ടുളള പയറുവർഗ്ഗങ്ങൾ , മുട്ട, മീൻ, ശുദ്ധമായ കോഴി ഇറച്ചി എന്നിവയും ഭക്ഷണത്തിൻ്റെ ഭാഗമാക്കാം. ഒപ്പം അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തിരിച്ചറിയുകയും അവ മാറ്റുകയും വേണം.

ഉദാഹരണത്തിന്, വളരെയധികം മധുരമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത്, അല്ലെങ്കിൽ കലോറി കൂടുതലുള്ള ഭക്ഷണം (ഫാസ്റ്റ് ഫുഡ്ഉൾപ്പെടെ) ശരീരഭാരം വർധിക്കാനും കാൻസർ സാധ്യത കൂട്ടുന്നതിനും കാരണമാകും. ഭക്ഷണത്തിൻ്റെ അളവ് ശരീരത്തിന് ആവശ്യമായ രീതിയിൽ പരിമിതപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്.

നൈട്രോസാമിനോ സംയുക്തങ്ങൾ അടങ്ങിയിട്ടുളള ഭക്ഷണ സാധനങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സംസ്കരിച്ച മാംസ പദാർത്ഥങ്ങൾ (പാക്കറ്റുകളിൽ ലഭിക്കുന്ന സംസ്കരിച്ച ഇറച്ചി, ഉണക്കമീനുകൾ) അമിതമായി കഴിക്കുന്നത് വയറിലെ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.


അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ചുവന്ന മാംസം (ബീഫ്, പന്നി, ആട്ടിറച്ചി) കൂടുതലായി കഴിക്കുന്നതും കുടൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. എണ്ണയിൽ വറുത്ത സാധനങ്ങൾ പരമാവധി കുറക്കുന്നതും നല്ലതാണ്, വറുക്കാൻ ഉപയോഗിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കണം. പഞ്ചസാര, ഉപ്പ്, ചുവന്ന മാംസം, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ മിതമായി ഉപയോഗിക്കുക.

കാൻസർ രോഗം തടഞ്ഞ് നിർത്താൻ ആഹാരത്തിൽ മാറ്റം വരുത്തുന്നത് പോലെ ജീവിതശൈലിയിലും മാറ്റങ്ങൾ അനിവാര്യമാണ് .പതിവ് വ്യായാമം പ്രതിരോധശേഷി വർധിപ്പിക്കുകയും, ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. മദ്യത്തിൻ്റെയും പുകവലിയുടെയും ഉപയോഗം ഒന്നിലധികം തരത്തിലുള്ള കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ പൂർണമായി ഒഴിവാക്കുക എന്നതല്ലാതെ, ഇതിന് സുരക്ഷിതമായ ഒരു പരിധിയില്ല...

തയ്യാറാക്കിയത് : ഡോ.അശ്വിൻ ജോയ് ( ആലുവാ രാജഗിരി ആശുപത്രി മെഡിക്കൽ ഓങ്കോളജി )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer
News Summary - Cancer Prevention through Food
Next Story