മലപ്പുറത്ത് ഷിഗല്ല ബാധിച്ച് സ്ത്രീ മരിച്ചു, 105 പേർക്ക് ഡെങ്കിപ്പനി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചതെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ടിൽ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 105 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് കൂടുതൽ പേർ. 32 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് പുത്തൻതോപ്പ്, പൂന്തുറ എന്നിവിടങ്ങളിലും കൊല്ലത്ത് അഴീക്കലിലും രോഗം സ്ഥിരീകരിച്ചു. എറണാകുളം മൂലംകുഴി, തൃശ്ശൂർ അരിമ്പൂർ, മലപ്പുറത്ത് അരീക്കോട്, തൃക്കലങ്ങോട്, മമ്പാട്, കോഴിക്കോട് തലക്കുളത്തൂർ കണ്ണൂർ കൂത്തുപറമ്പ് എന്നിവിടങ്ങളിലും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട്, ആലപ്പുഴ, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലും ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.
12,000 പനി ബാധിതർ
സംസ്ഥാനത്ത് ഇന്ന് മാത്രം 12,191 പേർ പനി ബാധിച്ച് ഒപിയിൽ ചികിത്സ തേടി. ഇതിൽ 113 പേരെ അഡ്മിറ്റ് ചെയ്തു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ, 2222 പേർ. സംസ്ഥാനത്ത് ഇന്ന് 105 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 313 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 43 വയസ്സുള്ള അട്ടശ്ശേരി സ്വദേശിയും 71 വയസ്സുള്ള പട്ടാമ്പി സ്വദേശിയുമാണ് മരിച്ചത്. വയനാട് വാളാട് സ്വദേശിനി (22) വയറിളക്കത്തെ തുടർന്ന് മരിച്ചു.
ഇന്ന് 19 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ തമിഴ്‌നാട് സ്വദേശിയായ ഒരാൾക്ക് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ചു. ചിക്കൻപോക്സ് (122 കേസുകൾ), മലേറിയ (ഒന്ന്), ഹെപ്പറ്റൈറ്റിസ് എ (18 കേസുകൾ) എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

