നിയന്ത്രണമില്ലാതെ ശബ്ദമുണ്ടാക്കുന്ന അവസ്ഥ, 'ഹിച്കി'യിൽ റാണി മുഖർജിക്കുണ്ടായത്; ‘ടുറട്ടേ സിൻഡ്രത്തെ’ക്കുറിച്ച് അറിയാം
text_fieldsറാണി മുഖർജിയുടെ 'ഹിച്ച്കി' എന്ന സിനിമ കണ്ടവരാരും അതിലെ അധ്യാപികയുടെ അവസ്ഥ മറക്കാനിടയില്ല. നിയന്ത്രണമില്ലാതെ ഇടക്കിടെ ശബ്ദമുണ്ടാക്കുകയും വിചിത്രമായ ചലനങ്ങൾ കാണിക്കുകയും ചെയ്യുന്ന ആ അവസ്ഥ വെറുമൊരു സിനിമക്കഥയല്ല. 'ടുറട്ടേ സിൻഡ്രം' (Tourette Syndrome) എന്ന ഈ നാഡീസംബന്ധമായ അവസ്ഥ ഇന്ന് ഒട്ടേറെ ആളുകളിൽ കണ്ടുവരുന്നുണ്ട്.
'ഹിച്ച്കി' കേവലം ഒരു സിനിമ എന്നതിലുപരി, സാമൂഹികമായ വലിയൊരു സന്ദേശം നൽകുന്ന ഒരു ചലച്ചിത്രമാണ്. 2018ലാണ് സിദ്ധാർത്ഥ് പി. മൽഹോത്രയുടെ സംവിധാനത്തിൽ ഈ ചിത്രം പുറത്തിറങ്ങിയത്. ബ്രൂസ് വെയ്‌നിന്റെ 'Front of the Class' എന്ന പുസ്തകത്തെയും അതേ പേരിലുള്ള സിനിമയെയും ആസ്പദമാക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്. ടുററ്റേ സിൻഡ്രം ബാധിച്ച നൈന മാത്തൂർ എന്ന യുവതിയുടെ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അധ്യാപികയാകാൻ ആഗ്രഹിക്കുന്ന നൈനക്ക് തന്റെ ശാരീരിക അവസ്ഥ കാരണം പല സ്കൂളുകളിൽ നിന്നും തിരിച്ചടി നേരിടുന്നു. ഒടുവിൽ നഗരത്തിലെ ഒരു പ്രമുഖ സ്കൂളിൽ അവൾക്ക് ജോലി ലഭിക്കുന്നുണ്ടെങ്കിലും, അവിടെയുള്ള വികൃതികളായ ഒരു കൂട്ടം കുട്ടികളെ പഠിപ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് അവൾക്ക് മുന്നിലെത്തുന്നത്.
എന്താണ് ടുറട്ടേ സിൻഡ്രം?
മസ്തിഷ്കത്തിലെ ചില പ്രത്യേക ഭാഗങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഒരാൾക്ക് നിയന്ത്രണമില്ലാതെ ചില ചലനങ്ങളോ ശബ്ദങ്ങളോ പുറപ്പെടുവിക്കേണ്ടി വരുന്ന അവസ്ഥയാണിത്. ഇതിനെ 'ടിക്സ്' (Tics) എന്ന് വിളിക്കുന്നു. ടുറട്ടേ സിൻഡ്രത്തെ പ്രധാനമായും രണ്ടായി തിരിക്കാം.
മോട്ടോർ ടിക്സ്: ശരീരത്തിന്‍റെ ചലനങ്ങളെയാണ് ഇത് ബാധിക്കുന്നത്. കണ്ണ് ചിമ്മുക, മുഖം വക്രിക്കുക, തോളോ തലയോ വെട്ടിക്കുക എന്നിവ ഇതിന്‍റെ ഭാഗമാണ്.
വോക്കൽ ടിക്സ്: നിയന്ത്രണമില്ലാതെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന അവസ്ഥ. തൊണ്ട ശരിയാക്കുന്നതുപോലെ ശബ്ദമുണ്ടാക്കുക, മൂളുക, ചില വാക്കുകൾ അറിയാതെ ആവർത്തിച്ചു പറയുക എന്നിവ ഇതിൽ പെടുന്നു.
അറിയേണ്ട വസ്തുതകൾ
അനിയന്ത്രിതമായ അവസ്ഥ: തുമ്മലോ കണ്ണുചിമ്മലോ പോലെ ഒരാൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത സ്വാഭാവികമായ പ്രതികരണമാണിത്.
മാനസികാവസ്ഥയും ടിക്സുകളും: സ്ട്രെസ്, അമിതമായ സന്തോഷം, ടെൻഷൻ എന്നിവ അനുഭവപ്പെടുമ്പോൾ ഇത്തരം ടിക്സുകൾ കൂടാൻ സാധ്യതയുണ്ട്.
ബുദ്ധിശക്തിയെ ബാധിക്കില്ല: ഈ രോഗമുള്ളവർക്ക് ബുദ്ധിശക്തിക്കോ മറ്റു പ്രവർത്തനങ്ങൾക്കോ യാതൊരു കുറവും ഉണ്ടാകില്ല. ഇവർക്ക് ഏത് മേഖലയിലും പ്രവർത്തിക്കാൻ സാധിക്കും.
ചികിത്സയും പിന്തുണയും
ഇതൊരു മാറാരോഗമല്ലെങ്കിലും പൂർണ്ണമായും ഭേദമാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ ബിഹേവിയറൽ തെറാപ്പി, കൗൺസിലിങ് എന്നിവയിലൂടെ ഇത് വലിയൊരു പരിധിവരെ നിയന്ത്രിക്കാം. പലരിലും പ്രായം കൂടുന്തോറും ലക്ഷണങ്ങൾ കുറഞ്ഞുവരാറുണ്ട്. ടുറട്ടേ സിൻഡ്രം ഉള്ളവരെ കളിയാക്കുന്നതോ അവരെ നോക്കി അത്ഭുതപ്പെടുന്നതോ അവർക്ക് മാനസിക വിഷമമുണ്ടാക്കും. പകരം അവർക്ക് പരിഗണനയും പിന്തുണയും നൽകുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

