നാവ് നോക്കി മനസിലാക്കാം ഈ ആറ് രോഗ ലക്ഷണങ്ങൾ
text_fieldsരോഗ നിർണയത്തിൽ പലപ്പോഴും നാവ് പ്രകടമാക്കുന്ന ലക്ഷണങ്ങൾ നാം കാര്യമായി എടുക്കാറില്ല. നാവിന്‍റെ നിറം, ആകൃതി തുടങ്ങിയവ നോക്കി നമുക്ക് രോഗ നിർണയം നടത്താൻ കഴിയും.
വെളുത്ത ആവരണം
ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് നാക്കിൽ വെളുത്ത നിറത്തിലുള്ള ആവരണം ഉണ്ടാകാറുണ്ട്. പല്ല് തേക്കുമ്പോഴോ അല്ലെങ്കിൽ വെള്ളം കുടിക്കുമ്പോഴോ അത് അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ ഈ ആവരണത്തിന്‍റെ കട്ടി കൂടുന്നത് രോഗത്തിന്‍റെ ലക്ഷണമാകാം.
വായ വൃത്തിയായി സൂക്ഷിക്കാത്തതു മൂലം കാൻഡിഡ എന്ന യീസ്റ്റ് ഉണ്ടാകുന്നതാണ് വെളുത്ത ആവരണത്തിന് കാരണം. പ്രമേഹം, ദുർബലമായ പ്രതിരോധ ശേഷി എന്നിവയുള്ളവരിൽ നാവിൽ ഈ പൂപ്പൽ ഉണ്ടാകാറുണ്ട്. വായ വൃത്തിയായി സൂക്ഷിച്ചിട്ടും ഇത് ഉണ്ടായാൽ വേഗം വിദഗ്ദ പരിശോധനക്ക് വിധേയമാകണം.
സ്ട്രോബറി ടങ്ക്
പോഷകാഹാര കുറവുള്ളവരിൽ നാവ് ചുമന്ന നിറത്തിൽ കാണാറുണ്ട്. വൈറ്റമിൻ ബി12ന്‍റെയോ ഫോളിക് ആസിഡിന്‍റെയോ അഭാവമാണ് ഇതിന് പ്രധാന കാരണം.
നാക്കിലെ വിള്ളൽ
നാക്കിലുണ്ടാകുന്ന വിള്ളലുകൾ പോഷകാഹാരക്കുറവിന്‍റെ ലക്ഷണമാകാം. ഭക്ഷണ പദാർഥങ്ങൾ ഇവക്കുള്ളിൽ കുടുങ്ങി വായ്നാറ്റത്തിന് കാരണമാകാറുണ്ട്. ദിവസവും നാവ് വൃത്തിയായി സൂക്ഷിക്കുന്നത് വിള്ളലുകൾ വരാതിരിക്കാൻ സഹായിക്കും.
നാവിലെ അൾസർ
വായിലെ അൾസർ സാധാരണ ഗതിയിൽ ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് ഉണങ്ങും. എന്നാൽ നാവിൽ ഉണങ്ങാതെ ഏറെ നാൾ നീണ്ടു നിൽക്കുന്ന മുറിവുകൾ ശ്രദ്ധിക്കണം. ചിലപ്പോൾ കാൻസറിന്‍റെ ലക്ഷണമാകാം ഇത്.
വിളറിയ നാവ്
നാവിലെ നിറം മാറ്റം രക്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. അനീമിയ ഉള്ളവരിൽ വിളറിയ നാവ് കണ്ടുവരുന്നു. ഇരുമ്പിന്‍റെ അംശം കുറയുന്നത് അനീമിയക്ക് കാരണമാകും.
മഞ്ഞ നിറം
നാവിലെ മഞ്ഞ നിറം പലപ്പോഴും ദഹന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. നിർജലീകരണം, പുകവലി, ദഹന പ്രശ്നങ്ങൾ എന്നിവ മഞ്ഞ ആവരണം സൃഷ്ടിക്കുന്നു.
ആധുനിക വൈദ്യ ശാസ്ത്രം എപ്പോഴും രോഗനിർണയത്തിന്‍റെ പ്രാഥമിക നടപടിയായി നാവ് പരിശോധന നടത്തുന്നത് മേൽപ്പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ്. നാവിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും രോഗ ലക്ഷണമാകണമെന്നില്ല. എന്നാൽ അസാധാരണ മാറ്റങ്ങൾ ഗൗരവത്തോടെ തന്നെ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

