മൂന്നു രാത്രി ഉറക്കം കുറഞ്ഞാൽപോലും ഹൃദയത്തെ ബാധിക്കും
text_fieldsഉറക്കക്കുറവ് ഹൃദയത്തിന് ദോഷമാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. എന്നാൽ, ഏതാനും ദിവസത്തെ മാത്രം ഉറക്കനഷ്ടം വലിയ അപകടങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഉറക്കനഷ്ടം എങ്ങനെയാണ് ഹൃദയത്തെ ബാധിക്കുന്നത് എന്നതു സംബന്ധിച്ച് സ്വീഡനിലെ അപ്പ്സല സർവകലാശാലയിൽ നടന്ന പഠനത്തിലാണ്, ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുകൾ പുറത്തുവന്നത്. നാലു മണിക്കൂറും അതിൽ കുറവും മാത്രം ഉറക്കം ലഭിച്ച മൂന്നുരാത്രികളുണ്ടായാൽ അത്തരക്കാരുടെ രക്തത്തിൽ ഹൃദയത്തിന് ദോഷകരമാകുന്ന മാറ്റങ്ങൾ സംഭവിക്കുമെന്ന് പഠനം പറയുന്നു.
ശരീര വീക്കവും ഉറക്കനഷ്ടവും
ഉറക്കക്കുറവുണ്ടായവരിലെ രക്തത്തിൽ, ശരീരവീക്കവുമായി ബന്ധപ്പെട്ട പ്രോട്ടീനുകൾ സജീവമായതായി ഗവേഷകർ പറയുന്നു. മാനസിക സമ്മർദം, രോഗം എന്നിവയുണ്ടാകുമ്പോൾ ശരീരം ഉൽപാദിപ്പിക്കുന്ന മോളിക്യൂളുകളാണിവ. ഈ പ്രോട്ടീനുകൾ കൂടുതൽ സമയം നിൽക്കുമ്പോൾ രക്തക്കുഴലുകൾക്ക് പരിക്കേൽക്കും. ഈ പരിക്ക് ഹൃദയാഘാതത്തിലേക്കും കൊറോണറി ഹൃദയ രോഗങ്ങൾക്കും മിടിപ്പ് പ്രശ്നങ്ങൾക്കുമെല്ലാം കാരണമായേക്കാം.
എട്ടര മണിക്കൂറും നാലര മണിക്കൂറും
ആരോഗ്യവാൻമാരായ 16 പുരുഷൻമാരെ ലാബ് അന്തരീക്ഷത്തിൽ നിരവധി ദിവസം നീരീക്ഷിച്ചായിരുന്നു പഠനം. രണ്ടു തരം ദിനചര്യകളായിരുന്നു ഇവർക്ക് നൽകിയത്. മൂന്നു രാത്രികളിൽ എട്ടര മണിക്കൂറുള്ള സാധാരണ ഉറക്കവും പിന്നെയുള്ള മൂന്നു രാത്രികളിൽ നാലര മണിക്കൂർ ഉറക്കവും അനുവദിച്ചു. ഓരോ ഘട്ടത്തിനു ശേഷവും കഠിനമായ സൈക്ലിങ് വർക്കൗട്ട് നൽകി. വർക്കൗട്ടിനു മുൻപും ശേഷവുമായി രക്തം പരിശോധിക്കുകയും ചെയ്തു. രക്തത്തിലെ 90 വിവിധ പ്രോട്ടീനുകളാണ് പഠനവിധേയമാക്കിയത്. ഹൃദയപ്രശ്നങ്ങളുണ്ടാക്കുന്ന, ശരീരവീക്കത്തിലേക്ക് നയിക്കുന്ന സൂചനകൾ ഉറക്കക്കുറവ് കാരണം ഉടലെടുക്കുന്നതായി ഈ പഠനത്തിൽ കണ്ടെത്തി.
അതേസമയം, വ്യായാമം വഴി ആരോഗ്യദായകമായ പ്രോട്ടീനുകൾ സജീവമാകുന്നതായും കണ്ടെത്തുകയുണ്ടായി. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്ന interleukin-6 , BDNF എന്നീ പ്രോട്ടീനുകളാണ് വ്യായാമം വഴി സജീവമാകുന്നത്. എന്നാൽ, ഉറക്കനഷ്ടമുണ്ടാകുമ്പോൾ ഈ സജീവത നഷ്ടപ്പെടുന്നു.
ചെറുപ്പക്കാരിൽപോലും
ഏതാനും ദിവസത്തെ ഉറക്കനഷ്ടം കൊണ്ടുപോലും, പ്രായം കുറഞ്ഞവരും ആരോഗ്യമുള്ളവരുമായ ചെറുപ്പക്കാരിൽവരെ ഈ മാറ്റം കണ്ടതായി ഗവേഷകർ പറയുന്നു. ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരടക്കം അനേകം പേർ സ്ഥിരമായി ഉറക്കനഷ്ടം അനുഭവപ്പെടുന്നരായതിനാൽ ഈ കണ്ടെത്തലുകൾ ആശങ്കപ്പെടുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

