വർധിക്കുന്ന കുഴഞ്ഞുവീണു മരണം: പ്രതിരോധം എങ്ങനെ?
text_fieldsദിനംപ്രതി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് കുഴഞ്ഞുവീണുള്ള അപ്രതീക്ഷിത മരണം. മുമ്പ് ഇത് അപൂർവമായി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോൾ ചെറുപ്പക്കാരിലും ആരോഗ്യവന്മാരെന്ന് കരുതുന്നവരിലും ഈ അപകടം വർധിച്ചുവരുന്നതായി കാണുന്നു. ഹൃദയത്തിന്റെ രക്തക്കുഴൽ അടഞ്ഞാൽ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു ഹൃദയം നിലക്കാം. ഹൃദയം നിലക്കുന്നത് മരണമാണെന്ന് പറയേണ്ടതില്ലല്ലോ. 90 ശതമാനം കുഴഞ്ഞു വീണു മരണത്തിലും ഇതാണ് പ്രശ്നം.
ഇലക്ട്രിക്കൽ പ്രശ്നങ്ങൾ (അറിത്മിയ ): ഹൃദയത്തിന് സാധാരണ താളം നഷ്ടപ്പെട്ടാൽ, വെന്റ്രിക്കുലർ ഫിബ്രിലേഷൻ പോലുള്ള അപകടകരമായ അറിത്മിയകൾ ഉണ്ടാകാം.
ജനിതക രോഗങ്ങൾ: ചിലർക്ക് പാരമ്പര്യമായി കിട്ടുന്ന ഹൃദയത്തിലെ ഘടനാപരമായ മാറ്റങ്ങൾ, അല്ലെങ്കിൽ വൈദ്യുതി പ്രവർത്തനത്തിലെ വ്യതിയാനങ്ങൾ.
മറ്റു ഘടകങ്ങൾ: പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി , മദ്യപാനം, വ്യായാമക്കുറവ്, മാനസിക സമ്മർദം എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു.
അപകട സൂചനകൾ
പെട്ടെന്ന് നെഞ്ചുവേദന, കഠിനമായ ശ്വാസ തടസ്സം, തലചുറ്റൽ, ബോധംകെട്ട് വീഴുക തുടങ്ങിയവ ചിലപ്പോൾ മുന്നറിയിപ്പ് നൽകിയേക്കാം. എന്നാൽ, പലപ്പോഴും ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കാം എന്നതാണ് ഭീഷണി.
പ്രതിരോധ മാർഗങ്ങൾ
- നിയമിത പരിശോധന: 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്, പ്രത്യേകിച്ച് കുടുംബചരിത്രമുള്ളവർക്ക് ഹൃദയപരിശോധന (ഇ.സി.ജി, ഇക്കോ, ട്രെഡ്മിൽ ടെസ്റ്റ്, കൊളസ്ട്രോൾ, ഷുഗർ ടെസ്റ്റ്) നിർബന്ധമാക്കുക.
- ജീവിതശൈലി മാറ്റങ്ങൾ: ആരോഗ്യകരമായ ഭക്ഷണം, എണ്ണ, പഞ്ചസാര നിയന്ത്രണം.
- ദിവസവും കുറഞ്ഞത് അരമണിക്കൂർ നടപ്പ് / വ്യായാമം, ധൂമപാനം, അമിത മദ്യപാനം ഒഴിവാക്കുക. മാനസിക സമ്മർദം കുറക്കുക
- മരുന്നുകൾ: ഡോക്ടറുടെ നിർദേശപ്രകാരം രക്തസമ്മർദത്തിനും കൊളസ്ട്രോളിനും പ്രമേഹത്തിനും മരുന്നുകൾ ശരിയായ രീതിയിൽ കഴിക്കുക.
- ജീവൻരക്ഷാ സൗകര്യങ്ങൾ: CPR (കൃത്രിമ ശ്വാസ-ഹൃദയ മസാജ്) പരിശീലനം, ഓട്ടോമാറ്റിക് ഡിഫിബ്രിലേറ്റർ (AED) എന്നിവ പൊതുസ്ഥലങ്ങളിൽ ഉണ്ടെങ്കിൽ പലർക്കും ജീവൻ രക്ഷിക്കാനാകും.
ഹൃദയസ്തംഭനം അപ്രതീക്ഷിതം ആയാലും അതിന്റെ കാരണം പ്രതിരോധിക്കാവുന്നതാണ്. ശരിയായ പരിശോധനയും ആരോഗ്യകരമായ ജീവിതശൈലിയുമാണ് മരണം തടയാനുള്ള പ്രധാന ആയുധം.“ഹൃദയം നിലക്കുന്നതിന് മുമ്പ്, ജീവിതം മാറ്റാം” – ഇന്നുതന്നെ കൃത്യമായ ആരോഗ്യപരിശോധന തുടങ്ങൂ.
ഡോ. കെ.പി. ബാലകൃഷ്ണൻ-ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, സീനിയർ കൺസൾട്ടന്റ്, ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്, ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ) (ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി ദേശീയ വൈസ് പ്രസിഡൻറ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

