പാൽപല്ലുകളുടെ സംരക്ഷണം
text_fieldsകുഞ്ഞിന്റെ ആദ്യ ചിരി, അത് അമ്മയുടെ ഹൃദയത്തിൽ എന്നും പതിഞ്ഞുനിൽക്കുന്ന ഓർമയാണ്. ആ ചെറുചിരിയിൽ തെളിയുന്ന പാൽപ്പല്ലുകൾ പലരും ‘ഇത് പോകും, പിന്നാലെ സ്ഥിരം പല്ലുകൾ വരും’ എന്ന് കരുതാറുണ്ട്.
പക്ഷേ, പാൽപ്പല്ലുകൾ വെറും താൽക്കാലികമല്ല, കുട്ടിയുടെ ആരോഗ്യത്തിനും ആത്മവിശ്വാസത്തിനുമുള്ള അടിത്തറയാണ്. പാൽപ്പല്ലുകൾ ശ്രദ്ധിക്കാതെ പോയാൽ, പിന്നീട് വരുന്ന സ്ഥിരം പല്ലുകൾ തെറ്റായി വളരാം, പല്ല് കൊള്ളുകയും കടുത്ത വേദനയുണ്ടാകുകയും ചെയ്യാം. ചെലവേറിയ ചികിത്സയും വേണ്ടിവരും. അതുകൊണ്ടുതന്നെ പാൽപ്പല്ലുകൾ സംരക്ഷിക്കുന്നത് വലിയ കടമയാണ്.
പാൽപ്പല്ലുകളുടെ പ്രാധാന്യം
ഭക്ഷണം ശരിയായി കഴിക്കാൻ
കുഞ്ഞ് പാൽപ്പല്ലുകൾകൊണ്ട് ഭക്ഷണം നന്നായി ചവച്ച് തിന്നുമ്പോഴാണ് ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നത്. പല്ല് നഷ്ടപ്പെട്ടാൽ, കുഞ്ഞ് വിഴുങ്ങി ഭക്ഷണം കഴിക്കാൻ തുടങ്ങും. അതുകൊണ്ട് പോഷകക്കുറവ്, ശരീരഭാരം കുറവ് മുതലായ പ്രശ്നങ്ങൾ വരാം.
സംസാരശൈലി
പ, ട, സ, ശ പോലുള്ള ചില അക്ഷരങ്ങൾ ശരിയായി ഉച്ചരിക്കാൻ പല്ലുകൾ ആവശ്യമാണ്. പാൽപ്പല്ലുകൾ നേരത്തേ പോയാൽ കുട്ടി തെറ്റായി ഉച്ചരിക്കാൻ തുടങ്ങും. പിന്നീടത് ശരിയാക്കാൻ ബുദ്ധിമുട്ടും.
ചിരി, ആത്മവിശ്വാസം
ചിരിയാണ് കുട്ടിയുടെ ആത്മവിശ്വാസത്തിന്റെയും സുഹൃത്തുക്കളുമായി ഇടപഴകുന്നതിന്റെയും അടിത്തറ. മുന്നിലെ പല്ലുകൾ ഇല്ലാത്ത കുട്ടികൾ പലപ്പോഴും ചിരിക്കാൻ മടിക്കും.
സ്ഥിരം പല്ലുകൾക്ക് വഴികാട്ടി
പാൽപ്പല്ലുകൾ ഇല്ലാതായാൽ, സ്ഥിരം പല്ലുകൾക്ക് വേണ്ട ഇടം നഷ്ടപ്പെടും. പിന്നെ പല്ലുകൾ തിരക്കിട്ട് വളരും. പിന്നീട് വലിയ ചികിത്സ വേണ്ടിവരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദിനേന രണ്ടുതവണ പല്ലുതേക്കുക, രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും.
- അമിതമായി മധുരം കുട്ടികൾക്ക് കൊടുക്കുന്നത് ഒഴിവാക്കുക. മിഠായി, ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്ക്സ്, പാക് ചെയ്ത ജ്യൂസ് എന്നിവ കുറക്കുക.
- പോഷകസമൃദ്ധമായ ഭക്ഷണം കൊടുക്കുക. പഴം, പച്ചക്കറി, പാൽ, കാത്സ്യം കൂടുതലുള്ള ഭക്ഷണം.
- കുഞ്ഞിനെ പതിയെ സ്വയം പല്ലുതേക്കാൻ പഠിപ്പിക്കുക.
- രണ്ടു വയസ്സാകുമ്പോഴേക്കും ആദ്യമായി പല്ല് പരിശോധിക്കാൻ കൊണ്ടുപോകുക. പിന്നെ വർഷത്തിൽ ഒരു പ്രാവശ്യം.
- പാലു കുടിച്ച് ഉറങ്ങുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് മുമ്പ് വായ കഴുകണം.
- കുഞ്ഞിനൊപ്പം ഇരുന്ന് പല്ലുതേക്കുക.
- ജങ്ക് ഭക്ഷണത്തിന് പകരം ആരോഗ്യകരമായ പലഹാരം കൊടുക്കുക.
- ആറു മാസത്തിലൊരിക്കൽ ഡോക്ടറുടെ പരിശോധന പതിവാക്കുക.
- പാൽപ്പല്ലുകൾ ചെറുതാണെങ്കിലും, അവയുടെ പ്രാധാന്യം വലുതാണ്. കുഞ്ഞിന്റെ വളർച്ച, ആരോഗ്യം, പഠനശേഷി, ആത്മവിശ്വാസം എല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

