നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ രോഗികൾക്ക് സ്വയംതൊഴിൽ പദ്ധതിയുമായി പീപ്ൾസ് ഫൗണ്ടേഷൻ
text_fieldsമണ്ണാർക്കാട്: നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ പാരപ്ലീജിയ രോഗികളെ ചേർത്തുപിടിക്കൽ സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണെന്ന് എൻ. ഷംസുദ്ദീൻ എം.എൽ.എ. നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ രോഗികൾക്ക് ആശ്വാസവുമായി പീപ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘ഉയരെ’ സ്വയംതൊഴിൽ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും കുടുംബ സംഗമ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാരപ്ലീജിയ രോഗികൾക്കുവേണ്ടി പീപ്ൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച സ്വയംതൊഴിൽ പദ്ധതി വലിയ മാതൃകയാണ്. മണ്ണാർക്കാട് കൊമ്പത്ത് പീപ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കിയ പീപ്ൾസ് വില്ലേജ് പദ്ധതിയുടെ ഗുണഫലങ്ങൾ മണ്ണാർക്കാട്ടുകാർക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണെന്നും എം.എൽ.എ പറഞ്ഞു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ധാരാളം പാരപ്ലീജിയ രോഗികളുണ്ടെന്നും അവർക്ക് കൈത്താങ്ങാവുന്നതിനുവേണ്ടിയാണ് പീപ്ൾസ് ഫൗണ്ടേഷൻ ‘ഉയരെ’ പദ്ധതിക്ക് തുടക്കംകുറിച്ചതെന്നും മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി പറഞ്ഞു. പീപ്ൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമ്മർ ആലത്തൂർ പ്രോജക്ട് അവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രീത, മണ്ണാർക്കാട് നഗരസഭ ചെയർമാൻ പി. മുഹമ്മദ് ബഷീർ, മുൻസിപ്പൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫീക്ക് റഹ്മാൻ, വാർഡ് കൗൺസിലർ ഷറഫുന്നിസ, മണ്ണാർക്കാട് പെയ്ൻ ആൻഡ് പാലിയേറ്റിവ് സെക്രട്ടറി പി. മുഹമ്മദലി അൻസാരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് രമേശ് പൂർണിമ, സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു, വ്ലോഗർ മൊയ്നുദ്ദീൻ, അലനല്ലൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ ഇ. ശശിപാൽ, കുന്തിപ്പുഴ ലയൺസ് ക്ലബ് ഭാരവാഹി മോൻസി തോമസ്, എടത്തനാട്ടുകര പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ മുഹമ്മദ് സക്കീർ, കെ.സി. അബ്ദുറഹ്മാൻ, വോയ്സ് ഓഫ് മണ്ണാർക്കാട് പ്രതിനിധി വിജയേഷ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ് സമാപന പ്രഭാഷണം നടത്തി. പീപ്ൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ പി.എസ്. അബൂ ഫൈസൽ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ മുഹമ്മദ് പാക്കത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

