ട്രംപിനെ വെട്ടി യൂറോപ്യൻ യൂനിയൻ മെഡിസിൻസ്; ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നത് സുരക്ഷിതമെന്ന്
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ‘ടൈലനോൾ’ എന്നറിയപ്പെടുന്ന പാരസെറ്റമോൾ ഗർഭകാലത്ത് ഉപയോഗിക്കുന്നതിനുള്ള നിലവിലെ ശിപാർശകളിൽ മാറ്റങ്ങൾ വരുത്തേണ്ട പുതിയ തെളിവുകളൊന്നുമില്ലെന്ന് യൂറോപ്യൻ മെഡിസിൻ ഏജൻസി.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓട്ടിസത്തെ കുട്ടിക്കാലത്തെ വാക്സിൻ ഉപയോഗവുമായും ഗർഭിണിയായിരിക്കുമ്പോൾ സ്ത്രീകൾ വേദനസംഹാരിയായ ടൈലനോൾ കഴിക്കുന്നതുമായും ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലാത്ത അവകാശവാദങ്ങൾ യു.എസ് ആരോഗ്യ നയത്തിന്റെ ഭാഗമാക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് വിമർശനമുയർന്നിരുന്നു.
‘ലഭ്യമായ തെളിവുകൾവെച്ച് ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നതും ഓട്ടിസവും തമ്മിൽ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ല’ എന്ന് ഇ.എം.എ പ്രസ്താവനയിൽ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആവശ്യമുള്ളപ്പോൾ ഏറ്റവും കുറഞ്ഞ ഫലപ്രദമായ അളവിലും ആവൃത്തിയിലും ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗവും ഓട്ടിസവും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ പൊരുത്തമില്ലാത്തതായി തുടരുന്നുവെന്നും ജീവൻ രക്ഷിക്കുന്ന വാക്സിനുകളുടെ മൂല്യം ചോദ്യം ചെയ്യരുതെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

