ഫോൺ തോണ്ടി നട്ടെല്ല് വളയ്ക്കല്ലേ
text_fieldsമണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിച്ചശേഷം കഴുത്ത് വേദന അനുഭവപ്പെടാറില്ലേ? ദിവസവും മൂന്നു മണിക്കൂറിലധികം സ്മാർട്ട് ഫോണുകളിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതും നട്ടെല്ലിന് വലിയ സമ്മർദം ചെലുത്തുന്ന രീതികളിൽ. അമിതമായ സ്ക്രീൻ ടൈമും അനാരോഗ്യകരമായ ഇരുത്തവും കണ്ണുകൾക്ക് മാത്രമല്ല മറിച്ച് നട്ടെല്ലിനും പണി തരുമെന്ന് ഓർത്തോപീഡിക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നതും മോശം പോസ്ചറും നട്ടെല്ലിനും അസ്ഥിക്കും തകരാറുകളുണ്ടാക്കുമെന്ന് ഫരീദാബാദിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക് ആൻഡ് ജോയന്റ് റീപ്ലേസ്മെന്റ് സർജനായ ഡോ. സുമിത് ബത്ര പറയുന്നു. തല മുന്നോട്ട് കുനിച്ച് കൈയിലുള്ള ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് നട്ടെല്ലിനും അനുബന്ധ പേശികൾക്കും ഞരമ്പുകൾക്കും അനാവശ്യ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഒരു ദിവസം അഞ്ചു മുതൽ ഏഴു മണിക്കൂർ വരെ തല ഫോണിലേക്ക് ചരിച്ച് വെക്കുന്നത് ഇപ്പോൾ ടെക്സ്റ്റ് നെക്ക് പ്രതിഭാസം എന്നാണ് അറിയപ്പെടുന്നത്. ഇതു കഴുത്തിലെ പേശികൾ, ഞരമ്പുകൾ, അസ്ഥികൾ എന്നിവക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും വിട്ടുമാറാത്ത വേദനക്കും കാരണമാവുന്നു. കാലക്രമേണ ഇത് ഡിസ്ക് ഡീജനറേഷൻ, നട്ടെല്ലിലെ സന്ധികളുടെ തേയ്മാനം, ഹെർണിയേറ്റഡ് ഡിസ്കുകൾ എന്നിവക്ക് കാരണമാകുന്നു. കൂടുതൽ സമയം കഴുത്ത് മുന്നോട്ട് ചരിച്ച് വെക്കുന്നത് കഴുത്തിന്റെ സ്വാഭാവിക വക്രത നഷ്ടപ്പെടാനും ഇതുവഴി തലവേദന, കൈകളിൽ തരിപ്പ് അനുഭവപ്പെടുക, നടക്കുമ്പോഴുള്ള അസന്തുലിതാവസ്ഥ എന്നിവക്കും കാരണമാകുന്നു.
കൗമാരക്കാരിലും ഉയരുന്ന രോഗസാധ്യത
നടുവേദന ഇന്ന് മുതിർന്നവരിൽ മാത്രം ഒതുങ്ങുന്ന ആരോഗ്യപ്രശ്നമല്ല. ശാരീരിക വ്യായാമങ്ങൾ കുറയുകയും വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നതുവഴിയുണ്ടാകുന്ന വൈറ്റമിൻ ഡിയുടെ കുറവ് പേശികൾ ദുർബലമാവാൻ കാരണമാകുന്നു. മോശം ശരീരനില, ഭാരമേറിയ ബാഗുകൾ ചുമക്കുന്നത്, ദീർഘനേരം ഫോണിൽ ചെലവഴിക്കുന്നത്, പോഷകാഹാരക്കുറവ്, അങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ, കഠിനമായ പുറം വേദനക്ക് കാരണമാകുന്ന നട്ടെല്ലിനെയും സാക്രോലിയാക്ക് സന്ധികളെയും ബാധിക്കുന്ന ഒരുതരം ആർത്രൈറ്റിസ് എന്നിവയും ഇതിന് കാരണമാകും.
എങ്ങനെ തടയാം
- വായിക്കുമ്പോഴോ എഴുതുമ്പോഴോ മേശയിലിരുന്ന് ജോലി ചെയ്യുമ്പോഴോ നല്ല പോസ്ചർ നിലനിർത്തുക.
- അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക.
- വൈറ്റമിൻ ഡിയുടെ കുറവ് ഒഴിവാക്കാൻ പതിവായി സൂര്യപ്രകാശം ഏൽക്കുക.
- പേശികൾ ശക്തിപ്പെടുത്തുന്നതിന് ദിവസവും വ്യായാമം ചെയ്യുക.
- ഒരേ സ്ഥാനത്ത് ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ശരീരഭാഗങ്ങൾ ഇടക്കിടെ ചലിപ്പിക്കുക
- മുന്നോട്ട് കുനിഞ്ഞ് ഭാരമുള്ള വസ്തുക്കൾ ഉയർത്തരുത്
- ലോങ് ഡ്രൈവുകളിൽ ബാക്ക് സപ്പോർട്ട് ഉപയോഗിക്കുക, ഇടവേളകൾ എടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

