മിനി സ്ട്രോക്ക്; സ്ട്രോക്കിന് മുമ്പുള്ള അവസാന മുന്നറിയിപ്പ്
text_fieldsതലച്ചോറിലേക്കുള്ള രക്തപ്രവാഹം താൽക്കാലികമായി തടസ്സപ്പെടുന്ന അവസ്ഥയാണ് മിനി സ്ട്രോക്ക്. ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് എന്നറിയപ്പെടുന്ന ഇവക്ക് സാധാരണ സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഉണ്ടാവുക. പക്ഷേ, കുറച്ച് സമയത്തേക്ക് മാത്രമാണെന്ന് മാത്രം. എന്നാൽ ഭാവിയിൽ വരാനിരിക്കുന്ന സ്ട്രോക്കിന്റെ മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം. കാരണം മിനിസ്ട്രോക്ക് വന്നവരിൽ മൂന്നിലൊരാൾക്ക് വലിയ സ്ട്രോക്ക് വരാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
മിനി സ്ട്രോക്കിലൂടെ തടസ്സപ്പെടുന്ന രക്തയോട്ടം തനിയെ പുനസ്ഥാപിക്കപ്പെടുകയും പൂർവ സ്ഥിതിയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ഇവയുടെ ലക്ഷണങ്ങൾ പത്ത് മുതൽ 60 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാകും. എന്നാൽ ലക്ഷണങ്ങൾ മാറിയല്ലോ എന്ന് കരുതി ചികിത്സിക്കാതിരിക്കുന്നത് അപകടമാണ്. കാരണം, ഇത്തരക്കാർക്ക് തൊട്ടടുത്ത മൂന്ന് മാസത്തിനുള്ളിൽ വലിയ സ്ട്രോക്ക് വരാൻ സാധ്യതയുണ്ട്.
ലക്ഷണങ്ങൾ
മുഖം കോടിപ്പോവുക: ചിരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ മുഖത്തിന്റെ വശം കോടിപ്പോവുക.
തളർച്ച: ശരീരത്തിന്റെ ഒരു വശത്തെ കൈക്കോ കാലിനോ പെട്ടന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക.
സംസാരിക്കാൻ ബുദ്ധിമുട്ട്: സംസാരിക്കാൻ പ്രയാസമോ അല്ലെങ്കിൽ അവ്യക്തതയോ അനുഭവപ്പെടുക.
കാഴ്ച മങ്ങുക: ഒരു കണ്ണിലോ രണ്ട് കണ്ണിലോ പെട്ടെന്ന് കാഴ്ച കുറയുകയോ മങ്ങലോ തോന്നുക.
തലകറക്കം: നടക്കുമ്പോഴും എണീക്കുമ്പോഴോ ബാലൻസ് നഷ്ടപ്പെടുകയോ കഠിനമായ തലവേദനയോ ഉണ്ടാവുന്നത്.
മിനിസ്ട്രോക്കിന്റെ കാരണങ്ങൾ
♦ ഉയർന്ന രക്തസമർദം
♦ പ്രമേഹം
♦ കൊളസ്ട്രോൾ
♦ ഹൃദ്രോഗങ്ങൾ
♦ പുകവലി, മദ്യപാനം
വലിയൊരു സ്ട്രോക്ക് വരുന്നതിന് മുമ്പ് ശരീരം നൽകുന്ന അവസാനത്തെ മുന്നറിയിപ്പാണിത്. മിനി സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് മാറിപ്പോകുമെങ്കിലും ഇത് അവഗണിക്കരുത്. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും നിർണായകമായ ഘടകം സമയമാണ്. സ്ട്രോക്ക് എന്ന അവസ്ഥ മൂലം തലച്ചോറിന്റെ കോശങ്ങൾ ഓരോ മിനിറ്റിലും നശിച്ചുകൊണ്ടിരിക്കും. അതിനാൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും വേഗത്തിൽ പ്രതികരിക്കാനും സാധിക്കണം. ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറുടെ സേവനം തേടുകയും ആശുപത്രികളിൽ നിന്നും കൃത്യമായ പരിശോധനകൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

