ശ്വാസകോശാർബുദ സാധ്യത നേരത്തേ തിരിച്ചറിയാം; പുതിയ രക്തപരിശോധനയിൽ പ്രതീക്ഷ
text_fieldsശ്വാസകോശാർബുദം (ലങ് കാൻസർ) രോഗനിർണയം നടത്തുന്നതിന് അഞ്ച് വർഷത്തിലേറെ മുമ്പുതന്നെ രോഗസാധ്യത തിരിച്ചറിയാൻ കഴിയുന്ന പുതിയ രക്തപരിശോധന വികസിപ്പിച്ചതായി ഗവേഷകർ. രോഗം പൂർണമായി വികസിക്കുന്നതിന് മുമ്പുതന്നെ അപകടസാധ്യത കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ശാസ്ത്ര ജേർണലായ സെൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 48,000ത്തിലധികം രക്തസാമ്പിളുകൾ വിശകലനം ചെയ്തു. ഇതിലൂടെ ശ്വാസകോശാർബുദ സാധ്യത സൂചിപ്പിക്കുന്ന 14 പ്രോട്ടീനുകളുടെ പ്രത്യേക ‘ബ്ലഡ് സിഗ്നേച്ചർ’ ഗവേഷകർ തിരിച്ചറിഞ്ഞു. രോഗനിർണയത്തിന് ശരാശരി 5.6 വർഷം മുമ്പുതന്നെ ഈ സിഗ്നേച്ചർ അപകടസാധ്യത പ്രവചിക്കുന്നതായി പഠനം കണ്ടെത്തി.
ഈ പ്രോട്ടീൻ സിഗ്നേച്ചർ ട്യൂമറിൽ നിന്നല്ല, മറിച്ച് ശ്വാസകോശത്തിൽ കാൻസർ രൂപപ്പെടുന്നതിനുമുമ്പ് ഉണ്ടാകുന്ന ദീർഘകാല അണുബാധാപരമായ (inflammatory) മാറ്റങ്ങളുമായി ബന്ധപ്പെട്ടതാകാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ രോഗം ആരംഭിക്കുന്നതിന് മുമ്പുള്ള ഒരു ‘പ്രീ-ഡിസീസ്’ ഘട്ടം തിരിച്ചറിയാൻ കഴിയുമെന്നാണ് അവർ പറയുന്നത്.
ലോകത്ത് കാൻസർ മരണങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ശ്വാസകോശാർബുദം. നിലവിലെ സ്ക്രീനിങ് പദ്ധതികൾ പ്രധാനമായും ദീർഘകാല പുകവലി ചരിത്രമുള്ളവരിൽ കേന്ദ്രീകരിക്കുന്നതിനാൽ നിരവധി കേസുകൾ രോഗം പുരോഗമിച്ച ശേഷമാണ് കണ്ടെത്തപ്പെടുന്നത്. പുതിയ രക്തപരിശോധന വ്യാപകമായി ഉപയോഗിക്കാനായാൽ പുകവലിക്കാത്തവരിൽപോലും അപകടസാധ്യത നേരത്തേ കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
ആസ്ട്രേലിയയിലെ വാൾട്ടർ ആൻഡ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർചിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

