സവാളയിലെ കറുത്തപൊടി അപകടകാരിയോ? സൂക്ഷിക്കാം ഈ കാര്യങ്ങൾ
text_fieldsപലപ്പോഴും സവാള വാങ്ങിക്കുമ്പോൾ അതിന് മുകളിലെ കറുത്തപൊടി നമ്മുടെ ശ്രദ്ധയിൽപെടാറുണ്ട്. എന്നാൽ ഇവ അഴുക്ക് ആണെന്ന് കരുതി ശ്രദ്ധിക്കാതെ പോകരുത്. ആസ്‌പെർജില്ലസ് നൈഗർ എന്നറിയപ്പെടുന്ന ഒരു തരം ഫംഗസാണിത്. അടുത്തിടെ വിപണിയിൽ ഇത്തരം ഫംഗസ് നിറഞ്ഞ സവാളകളുടെ വ്യാപനത്തെക്കുറിച്ച് ഡോ. നന്ദിത അയ്യരുടെ സമൂഹ മാധ്യമ പോസ്റ്റ് വൈറലായിരുന്നു. ഇത് പിന്നീട് ഭക്ഷ്യസുരക്ഷ രീതികളെക്കുറിച്ചുള്ള പല ചർച്ചകൾക്കും വഴിവെച്ചിരുന്നു.
എല്ലാ ആപ്പിൽ നിന്നും/സൂപ്പർമാർക്കറ്റിൽ നിന്നും സവാള ഓർഡർ ചെയ്തിട്ടും ലഭിക്കുന്നത് കറുത്ത പൂപ്പലുള്ള സവാളകൾ മാത്രമാണ്. കറുത്ത പൂപ്പലില്ലാത്ത സവാളകൾ ഇതുവരെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറയേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ടെന്നുമായിരുന്നു ഡോ. നന്ദിതയുടെ പോസ്റ്റ്.
ഇതിനെ അനുകൂലിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ ഫംഗസിനെക്കുറിച്ചും അത്തരം സവാളകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുമുള്ള വിഡിയോ ഇവർ നേരത്തെ പങ്കുവെച്ചിട്ടുണ്ട്.
സവാളയിൽ കറുത്ത ഫംഗസ് വളരുന്നത് എന്തുകൊണ്ട്?
ഫംഗസ് ചൂടുള്ളതും ഈർപ്പമുള്ളതുമായ ഇടങ്ങളിലാണ് വളരുന്നത്. ഈർപ്പമുള്ള കാലാവസ്ഥ, പച്ചക്കറികളും പഴങ്ങളും സംഭരിക്കുന്നതിലെ വായുസഞ്ചാരത്തിന്‍റെ കുറവ്, കൂടുതൽ കാലം സൂക്ഷിച്ചുവെക്കുന്നത് എന്നിവയെല്ലാം ഫംഗസ് വളരുന്നതിന് കാരണമാകുന്നു.
ഇവ സൂക്ഷിക്കാം
- കറുത്ത പൊടി സവാളയുടെ പുറം പാളികളിൽ മാത്രമുള്ളതാണെങ്കിൽ അത്തരം സവാളകൾ കഴിക്കാം. സവാളയുടെ തൊലി കളയുകയും നന്നായി കഴുകിയ ശേഷം വേവിക്കുകയും ചെയ്യുക.
- ഫംഗസ് കൂടുതൽ പാളികളിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ ശുദ്ധമായ പിങ്ക് കലർന്ന വെളുത്ത ഭാഗം കാണുന്നത് വരെ തൊലി കളയണം.
- സവാളക്ക് ദുർഗന്ധമോ ഘടനയിൽ മാറ്റമോ ഉണ്ടെങ്കിൽ അത്തരം സവാളകൾ ഒഴിവാക്കുക.
ഈ ഫംഗസ് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കറുത്ത ഫംഗസ് ഉള്ള സവാള മുറിച്ചതിന് ശേഷം കൈകൾ, കത്തി, കട്ടിങ് ബോർഡ് എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക. അങ്ങനെ ചെയ്തില്ലെങ്കിൽ ഇവ മറ്റു വസ്തുക്കളിലേക്ക് പടരുന്നതിന് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

