മാതൃമരണങ്ങളിൽ ഇന്ത്യ രണ്ടാമത്; ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു മരണം
text_fieldsലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2023ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ. രാജ്യത്ത് പ്രതിദിനം 52 മാതൃമരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. 19,000 മരണങ്ങളാണ് 2023ൽ ഇന്ത്യയിലുണ്ടായത്. ലോകമെമ്പാടുമുള്ള മാതൃമരണ നിരക്ക് പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) റിപ്പോർട്ട് പുറത്തിറക്കിയത്.
മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (ഡി.ആർ.സി) ഏകദേശം 19,000 മരണങ്ങൾ രേഖപ്പെടുത്തി. പാകിസ്താനിൽ 11,000 മരണങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. 2023ൽ ആഗോളതലത്തിൽ നടന്ന മാതൃമരണങ്ങളിൽ പകുതിയോളം നൈജീരിയ, ഇന്ത്യ, കോംഗോ, പാകിസ്താൻ എന്നീ രാജ്യങ്ങളിലാണ് സംഭവിച്ചത്.
2023-ൽ ലോകമെമ്പാടുമായി 2.6 ലക്ഷം സ്ത്രീകൾ ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് മരിച്ചതായി കണക്കാക്കപ്പെടുന്നു. ഓരോ രണ്ട് മിനിറ്റിലും ഒരു മരണം എന്ന നിരക്കിലാണിത്. നൈജീരിയയിലാണ് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ (75,000) രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള എല്ലാ മാതൃമരണങ്ങളുടെയും നാലിലൊന്ന് വരുമിത് (28.7 ശതമാനം).
മിക്ക മാതൃമരണങ്ങളും തടയാവുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു. രക്തസ്രാവം, ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദ വൈകല്യങ്ങൾ, അണുബാധകൾ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
മാതൃമരണങ്ങൾ മൂലമുള്ള തടയാവുന്ന മരണങ്ങൾ ദാരിദ്ര്യത്തിലും അസമത്വത്തിലും ആഴത്തിൽ വേരൂന്നിയതാണെന്നും പരിഹാരങ്ങൾ നിലവിലുണ്ടങ്കിലും ഏറ്റവും ആവശ്യമുള്ളവരിലേക്ക് അവ എത്തുന്നില്ലെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
എത്യോപ്യ, അഫ്ഗാനിസ്താൻ, ടാൻസാനിയ, ഇന്തോനേഷ്യ, ചാഡ് എന്നീ രാജ്യങ്ങളിൽ 2023-ൽ 5000ത്തിലധികം മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് റുവാണ്ട, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ മിഡ്‌വൈഫറി സേവനങ്ങൾ വികസിപ്പിച്ചും ഗ്രാമീണ ആരോഗ്യ സംരക്ഷണ സൗകര്യം മെച്ചപ്പെടുത്തിയും മാതൃമരണ നിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്.
2000-ത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ മാതൃമരണനിരക്ക് 78 ശതമാനം കുറഞ്ഞതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഒരു ലക്ഷം പ്രസവങ്ങളിൽ മാതൃമരണങ്ങളുടെ എണ്ണം 2000-ൽ 362 ആയിരുന്നുവെങ്കിൽ 2023-ൽ അത് 80 ആയി കുറഞ്ഞു. ആരോഗ്യസേവനങ്ങൾ മെച്ചപ്പെട്ടതിനാൽ ആഗോളതലത്തിലും മാതൃമരണനിരക്ക് 40 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.