കണ്ണേ കൺമണിയേ; നേത്ര പരിപാലനം എത്ര പേർ ഗൗരവമായെടുക്കുന്നുണ്ട്?
text_fieldsപ്രതീകാത്മക ചിത്രം
കാഴ്ചയില്ലാത്ത ഒരു ദിവസം സങ്കൽപ്പിക്കാനാകുമോ? പ്രിയപ്പെട്ടവരുടെ മുഖങ്ങളും പ്രകൃതിഭംഗിയും മുന്നിലുള്ള അപകടങ്ങളും കാണാൻ കഴിയാത്ത അവസ്ഥ ചിന്തിക്കാനേ വയ്യ. ആരോഗ്യ സംരക്ഷണം ട്രെൻഡുകൂടിയായ ഇന്നത്തെ കാലത്ത് നേത്ര പരിപാലനം എത്രപേർ ഗൗരവമായെടുക്കുന്നുണ്ട്?
ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്ന് നാരായണ നേത്രാലയയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ചൈത്ര ജയദേവ് പറയുന്നു. ഇതിൽ ഭൂരിഭാഗവും ഉടനടി ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാനും അന്ധതക്കും കാരണമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. രാജ്യത്തെ എട്ടുകോടിയോളം ജനങ്ങൾ പ്രമേഹ രോഗികളാണെന്നത് ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ള പ്രമേഹ-നേത്ര സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
കാഴ്ചക്ക് സഹായിക്കുന്ന കണ്ണിലെ പ്രധാന ഭാഗമായ റെറ്റിനയെ ബാധിക്കുന്ന രോഗങ്ങൾ പലതും രോഗത്തിന്റെ ആരംഭ ഘട്ടത്തിൽ ലക്ഷണങ്ങളുണ്ടാക്കാറില്ല. കാഴ്ചശക്തി കുറഞ്ഞുതുടങ്ങുമ്പോഴായിരിക്കും ആളുകൾ ചികിത്സ തേടുക. പക്ഷേ, ഈ ഘട്ടത്തിൽ ചികിത്സ പലപ്പോഴും ഫലപ്രദമാകണമെന്നില്ല. രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിൽ വാർഷിക റെറ്റിന പരിശോധനകൾ നിർണായകമാണ്. പ്രമേഹരോഗികളിൽ 16.9 ശതമാനം പേർക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകുന്നെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ തന്നെ ഏകദേശം 3.6ശതമാനം പേർക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ലോകത്തിലെ കാഴ്ച വൈകല്യമുള്ള ജനസംഖ്യയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. പ്രധാന വില്ലൻ പ്രമേഹം തന്നെയാണ്. തുടക്കത്തിൽ ചെറിയ വാചകങ്ങൾ വായിക്കുന്നതിനോ, മുഖങ്ങൾ തിരിച്ചറിയുന്നതിനോ, മികച്ച കാഴ്ച ആവശ്യമുള്ള ജോലികൾ ചെയ്യുന്നതിനോ രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പ്രകാശത്തോടുള്ള സംവേദനക്ഷമത, രാത്രിയിൽ കാണാൻ ബുദ്ധിമുട്ട്, പെരിഫറൽ കാഴ്ച (ചുറ്റും കാണാനുള്ള കഴിവ്) നഷ്ടപ്പെടൽ എന്നിവ ഡ്രൈവിങ് പോലുള്ള കാര്യങ്ങൾ സുരക്ഷിതമല്ലാതാക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾക്കും വൈകാരിക സമ്മർദത്തിനും കാരണമാകും.
കാഴ്ച നഷ്ടപ്പെടുന്നത് തടയാനുള്ള ഏക മാർഗം പതിവായി റെറ്റിന പരിശോധന നടത്തുകയും സമയബന്ധിതമായ ചികിത്സ ലഭ്യമാക്കുകയുമാണ്. പ്രമേഹരോഗികളും നേത്ര രോഗ പാരമ്പര്യമുള്ളവരും വാർഷിക നേത്ര പരിശോധനകൾ നടത്തുന്നത് ലേസർ തെറപ്പി, കുത്തിവെപ്പുകൾ, ശസ്ത്രക്രിയ പോലുള്ള ചികിത്സകൾ കൂടുതൽ ഫലപ്രദമാകാൻ സഹായിക്കും. 40 വയസ്സിനു മുകളിലുള്ളവരും, അമിത രക്തസമ്മർദം, പുകവലി എന്നിവയുള്ളവരും പതിവായി റെറ്റിന പരിശോധനകൾക്ക് വിധേയരാകണമെന്ന് ഡോക്ടർമാർമാർ ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

