Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

40 വയസ്സ് കഴിഞ്ഞോ? ഹൃദയാരോഗ്യം അറിയാൻ ഈ മൂന്ന് പരിശോധനകൾ

text_fields
bookmark_border
40 വയസ്സ് കഴിഞ്ഞോ? ഹൃദയാരോഗ്യം അറിയാൻ ഈ മൂന്ന് പരിശോധനകൾ
cancel

പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും ഹൃദയാഘാതവും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങളും വർധിച്ചുവരുന്നത് ആശങ്കയാകുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, അമിതവണ്ണം, മാനസിക സമ്മർദം, പാരമ്പര്യഘടകങ്ങൾ എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ പലരും ഹൃദയാരോഗ്യത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കാറില്ല. ഈ സാഹചര്യത്തിൽ 40 വയസ്സ് പിന്നിട്ടവർ മൂന്ന് പ്രധാന ആരോഗ്യ പരിശോധനകൾ പതിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

രക്തസമ്മർദ പരിശോധന

ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന പ്രധാന അപകടഘടകങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. പലരിലും പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് രക്തസമ്മർദം ഉയരുന്നത്. അതിനാൽ 40 വയസ്സിന് മുകളിലുള്ളവർ വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദം പരിശോധിക്കണം. ആരോഗ്യസ്ഥിതിയും നിലവിലുള്ള രോഗസാധ്യതകളും പരിഗണിച്ച് ചിലർക്ക് മൂന്നുമാസത്തിലൊരിക്കൽ പരിശോധന ആവശ്യമായി വന്നേക്കാമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മർദത്തിലെ വ്യതിയാനങ്ങൾ നേരത്തേ കണ്ടെത്തുന്നത് ആവശ്യമായ ചികിത്സ സ്വീകരിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

ലിപിഡ് പ്രൊഫൈൽ പരിശോധന

രക്തത്തിലെ കൊളസ്ട്രോളിന്റെയും മറ്റ് കൊഴുപ്പുകളുടെയും അളവ് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ. ടോട്ടൽ കൊളസ്ട്രോൾ, എൽ.ഡി.എൽ (ചീത്ത കൊളസ്ട്രോൾ), എച്ച്.ഡി.എൽ (നല്ല കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവാണ് ഇതിലൂടെ പരിശോധിക്കുന്നത്. പ്രത്യേകിച്ച് എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് നിസ്സാരമായി കാണരുതെന്ന് ഡോ. ഗംഭീർ മുന്നറിയിപ്പ് നൽകുന്നു. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കുമുള്ള സാധ്യത ഇത് വർധിപ്പിക്കാം.

രക്തത്തിലെ പഞ്ചസാരയുടെ പരിശോധന

പ്രമേഹവും ഹൃദ്രോഗവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ, 40 വയസ്സിന് മുകളിലുള്ളവർ പ്രമേഹമോ പ്രീഡയബറ്റിസോ ഉണ്ടോയെന്ന് അറിയാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. സാധാരണ നിലയേക്കാൾ രക്തത്തിലെ പഞ്ചസാര ഉയർന്നതും എന്നാൽ, പ്രമേഹമായി കണക്കാക്കാനുള്ള പരിധിയിലെത്താത്തതുമായ അവസ്ഥയാണ് പ്രീഡയബറ്റിസ്. ഇത് നേരത്തേ കണ്ടെത്തിയാൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയും വ്യായാമം ശീലമാക്കിയും ശരീരഭാരം നിയന്ത്രിച്ചും ടൈപ്പ് 2 പ്രമേഹത്തിലേക്കുള്ള സാധ്യത കുറക്കാൻ കഴിയും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - herat check ups
Next Story