Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂക്കടപ്പും തൊണ്ടവേദനയും അലട്ടുന്നുണ്ടോ? കാലാവസ്ഥ മാറുമ്പോൾ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയാം...

text_fields
bookmark_border
മൂക്കടപ്പും തൊണ്ടവേദനയും അലട്ടുന്നുണ്ടോ? കാലാവസ്ഥ മാറുമ്പോൾ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയാം...
cancel

കാലാവസ്ഥ മാറുന്നതിനൊപ്പം മൂക്കടപ്പ്, തൊണ്ടയിലെ അസ്വസ്ഥത, വരണ്ട ചുമ തുടങ്ങിയ പ്രശ്നങ്ങളും പലരെയും അലട്ടാറുണ്ട്. അന്തരീക്ഷത്തിലെ താപനില പെട്ടന്ന് കുറയുന്നതും, വായുമലിനീകരണം വർധിക്കുന്നതും ശ്വാസകോശത്തെ ബാധിച്ചേക്കാം. തണുത്തതും വരണ്ടതുമായ വായു മൂക്കിലെയും തൊണ്ടയിലെയും ശ്ലേഷ്മപാളികളിലെ ഈർപ്പം കുറക്കുന്നത് മൂക്കിലെ വശങ്ങളിൽ അസ്വസ്ഥതയുണ്ടാകാൻ കാരണമാവുന്നു. ഈ സമയത്ത് ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് തൊണ്ടയിലെ അസ്വസ്ഥത കുറക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ചൂടുള്ള പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് പ്രധാനം. സൂപ്പ്, പായസം പോലുള്ള ലഘുഭക്ഷണങ്ങൾ, ചൂടുള്ള ഹെർബൽ ചായ എന്നിവ തൊണ്ടക്ക് ആശ്വാസം നൽകും. തണുത്ത വെള്ളം കുടിക്കുന്നതിനു പകരം ദിവസം മുഴുവൻ ഇളംചൂടുള്ള വെള്ളം ഇടക്കിടെ കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകൾ ഒരു പരിധി വരെ കുറക്കാൻ സഹായിക്കും.

തുളസി, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്ത ചായ കുടിക്കുന്നതും നല്ലതാണ്. എണ്ണയിൽ വറുത്തതും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, അമിതമായി മധുരം ചേർത്ത ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കാൻ ശ്രദ്ധിക്കണം. പകരം ചൂടോടെ പാകം ചെയ്ത കഞ്ഞി, കിച്ചടി, പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതാണ് ഏറ്റവും പ്രധാനം. ഇളംചൂടുവെള്ളം, നാരങ്ങയും തേനും ചേർത്ത പാനീയം, സൂപ്പ് തുടങ്ങിയവ കുടിക്കുന്നത് തൊണ്ടയിലെ വരൾച്ച കുറക്കാൻ സഹായിക്കും. മഞ്ഞളിലും വെളുത്തുള്ളിയിലും അടങ്ങിയ ഘടകങ്ങൾക്ക് നീർവീക്കം കുറക്കാനും സൂക്ഷ്മാണുക്കൾക്കെതിരെ പ്രവർത്തിക്കാനും സഹായിക്കുന്ന ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇഞ്ചി നീരും ചേർത്ത മിശ്രിതവും തൊണ്ടയിലെ അസ്വസ്ഥതക്കും ചുമക്കും ആശ്വാസം നൽകും.

നെല്ലിക്ക, ഓറഞ്ച്, പേരക്ക തുടങ്ങിയ സീസണൽ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണകരമാണ്. ഇവയിൽ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുതിർത്ത് കഴിക്കുന്ന ബദാം, വാൾനട്ട് തുടങ്ങിയവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ലഭിക്കും. തൈര് ഉൾപ്പെടെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണക്കാനും സഹായിക്കും. കാലാവസ്ഥാ മാറ്റത്തിനൊപ്പം മൂക്കടപ്പോ തൊണ്ടവേദനയോ അനുഭവപ്പെടുമ്പോൾ ഭക്ഷണക്രമത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് ആശ്വാസം നൽകാം. എന്നാൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ കൂടുകയോ ചെയ്താൽ സ്വയം ചികിത്സക്ക് പകരം ഡോക്ടറുടെ നിർദേശം തേടണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Foods to Ease Cold and Sore Throat
Next Story