കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 600 ആയി; ശമ്പളമില്ലാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ സമരത്തിൽ
text_fieldsകിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (ഡി.ആർ.സി) ഭീതിയിലാഴ്ത്തി എബോള വൈറസ് ബാധ അതിവേഗം പടരുന്നു. രാജ്യത്ത് എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 600 കടന്നതായി സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 1,759 ആയി ഉയർന്നതായും ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നുണ്ട്. തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളിൽ മാത്രം 51 പുതിയ കേസുകളും 20 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് സാഹചര്യത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
ചോപ്പോ പ്രവിശ്യയുടെ തലസ്ഥാനവും കോംഗോയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നുമായ കിസംഗാനിയിൽ രോഗലക്ഷണങ്ങളോടെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ പൂർണ്ണമായി സ്ഥിരീകരിക്കാത്തതിനാൽ നിലവിലെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിശോധനാ ഫലം പുറത്തുവരുന്നതോടെ ഇവയും ഔദ്യോഗിക ലിസ്റ്റിൽ ചേർക്കും.
ഇതിൽ ഒരു കേസിന് രോഗബാധയുടെ പ്രഭവകേന്ദ്രമായ ഇത്വൂരി പ്രവിശ്യയിലെ നിയ-നിയ ഗ്രാമവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ കേസിന് കിസംഗാനിക്ക് പുറത്തുള്ള മറ്റ് രോഗബാധിത പ്രദേശങ്ങളുമായി യാതൊരുവിധ ഭൂമിശാസ്ത്രപരമായ ബന്ധവുമുള്ളതായി കാണുന്നില്ല എന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. രോഗം പുതിയ മേഖലകളിലേക്ക് പടരുന്നതിന്റെ സൂചനയാണിത്.
രോഗവ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ ജോലി ബഹിഷ്കരിക്കുന്നത് കോംഗോയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. എബോള ഏറ്റവും കൂടുതൽ നാശം വിതച്ച ഇത്വൂരി പ്രവിശ്യയിലെ ആരോഗ്യപ്രവർത്തകരാണ് ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.
ദേശീയ-പ്രവിശ്യാ അധികാരികൾക്ക് നൽകിയ ഔദ്യോഗിക നോട്ടീസിൽ, 24 മണിക്കൂറിനകം ശമ്പളം നൽകിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മുൻനിര എബോള പ്രതിരോധ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഔദ്യോഗികമായി സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചൊവ്വാഴ്ചയോടെ തന്നെ പലയിടങ്ങളിലും ജീവനക്കാർ ജോലി നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്.
മേയ് 15ന് എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിച്ചതു മുതൽ തങ്ങൾക്ക് ശമ്പളമോ ബോണസോ ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരും മറ്റ് ജീവനക്കാരും പരാതിപ്പെടുന്നത്. ജീവൻ പണയം വെച്ച് ജോലി ചെയ്യുമ്പോഴും തങ്ങൾക്ക് ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്നും, അധികാരികളുടെയും റെസ്പോൺസ് ടീമുകളുടെയും ഭാഗത്തുനിന്ന് കടുത്ത വിവേചനമാണ് നേരിടുന്നതെന്നും അവർ ആരോപിക്കുന്നു.
രോഗവ്യാപനത്തിന് കാരണമായ 'ബുന്ദിബുഗ്യോ' വൈറസ് വകഭേദത്തിനായുള്ള ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുന്ന ഘട്ടത്തിലാണ് ഈ സമരം വില്ലനായി എത്തിയിരിക്കുന്നത്. എബോളയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ബുന്ദിബുഗ്യോ തീവ്രത കുറഞ്ഞതാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, നിലവിൽ ഇതിനെതിരെ അംഗീകൃത വാക്സിനുകളൊന്നും ലഭ്യമല്ല. അതിനാൽ തന്നെ പുതിയ ക്ലിനിക്കൽ ട്രയലുകൾ എത്രയും വേഗം പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.
മേയ് മാസത്തിൽ ലോകാരോഗ്യ സംഘടന ഈ എബോള വ്യാപനത്തെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനും ആഴ്ചകൾക്ക് മുമ്പ് തന്നെ ഖനന നഗരങ്ങളായ മോങ്ബ്‌വാലു, റ്യാംപാര, ബുനിയ എന്നിവിടങ്ങളിൽ വൈറസ് പടർന്നുപിടിച്ചിരുന്നു. ഖനികളിലെ തൊഴിലാളികളിലൂടെയും മറ്റും അതീവ രഹസ്യമായി പടർന്ന വൈറസ് പിന്നീട് സമീപ പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യപ്രവർത്തകരുടെ സമരം തുടർന്നാൽ വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

