തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുന്നുവോ?
text_fieldsശൈത്യകാലം കടുത്തതോടെ ഹൃദയാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. താപനില കുറയുന്നത് രക്തസമ്മർദം ഉയരാനും ഹൃദയത്തിന്റെ പ്രവർത്തനഭാരം വർധിക്കാനും കാരണമാകും. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവയുള്ളവർ ഇക്കാലത്ത് പ്രത്യേക ജാഗ്രത പാലിക്കണം.
ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, താപനില ഒരു ഡിഗ്രി സെൽഷ്യസ് കുറയുമ്പോൾ തുടർന്നുള്ള 28 ദിവസമുൾപ്പെടെയുള്ള കാലയളവിൽ ഹൃദയാഘാത സാധ്യതരണ്ടു ശതമാനം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84,000ത്തിലധികം കേസുകൾ പരിശോധിച്ചായിരുന്നു പഠനം.
തണുപ്പ് ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ?
ശരീരത്തിലെ ചൂട് നിലനിർത്തുന്നതിനായി തണുപ്പുകാലത്ത് രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇതോടെ രക്തസമ്മർദം ഉയരുകയും രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ അധ്വാനിക്കേണ്ടിവരുകയും ചെയ്യുന്നു. രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഹൃദയത്തിന്റെ ഓക്‌സിജൻ ആവശ്യകതയും വർധിക്കുന്നതും അപകടസാധ്യത കൂട്ടുന്നു.
വ്യായാമക്കുറവ്, അമിത ഭക്ഷണം, ശരീരഭാരം വർധിക്കൽ, ഇൻഫ്ലുവൻസ പോലുള്ള ശ്വാസകോശ അണുബാധകൾ എന്നിവയും ശൈത്യകാലത്ത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
നെഞ്ചുവേദന, നെഞ്ചിൽ ഭാരം അനുഭവപ്പെടുക, മുറുക്കം
കൈകൾ, തോളുകൾ, കഴുത്ത്, താടിയെല്ല്, പുറം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന വേദന
പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം
അമിതമായി വിയർക്കുക, തലകറക്കം, ഛർദി
അസാധാരണമായ ക്ഷീണവും തളർച്ചയും
സ്ത്രീകൾ, വയോധികർ, പ്രമേഹരോഗികൾ എന്നിവരിൽ ശക്തമായ നെഞ്ചുവേദനയില്ലാതെയും ഹൃദയാഘാതം സംഭവിക്കാം.
ഹൃദയത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പതിവായി പരിശോധിക്കുക.
തണുപ്പിൽ പുറത്തിറങ്ങുമ്പോൾ ശരീരത്തിന് ആവശ്യമായ ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കുക.
അതികഠിനമായ വ്യായാമം ഒഴിവാക്കുക.
ഉപ്പ്, പൂരിത കൊഴുപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുക.
പുകവലി ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക.
ഡോക്ടർ നിർദേശിച്ച മരുന്നുകൾ മുടക്കമില്ലാതെ കഴിക്കുക.
ചികിത്സ വൈകിക്കരുത്
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ അസിഡിറ്റിയോ തണുപ്പുമൂലമുള്ള അസ്വസ്ഥതയോ ആയി തെറ്റിദ്ധരിക്കരുത്. ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ അടിയന്തര വൈദ്യസഹായം തേടണം. സ്വയം വാഹനം ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതും ഒഴിവാക്കണം. നേരത്തേയുള്ള ചികിത്സ ഹൃദയപേശികൾക്ക് സ്ഥിരമായ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറക്കുമെന്ന് ബി.എം. ബിർള ഹാർട്ട് ആശുപത്രിയിലെ കാർഡിയോളജി ഡയറക്ടർ ഡോ. അഞ്ജൻ സിയോട്ടിയ ചൂണ്ടിക്കാട്ടുന്നു.

