തലവേദന മാറാൻ മീനിന്‍റെ പിത്താശയം പച്ചക്ക് വിഴുങ്ങി; ചൈനീസ് യുവതി മണിക്കൂറുകൾക്കുള്ളിൽ ഐ.സി.യുവിലായി
text_fieldsബീജിങ്: തുടർച്ചയായി അലട്ടുന്ന തലവേദന മാറാൻ പച്ച മീനിന്‍റെ പിത്താശയം വിഴുങ്ങിയ യുവതിയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ചൈനയിലാണ് സംഭവം. അമ്പതുകാരിയാണ് ആശുപത്രിയിലായത്.
പച്ച മീനിന്‍റെ പിത്താശയം കഴിക്കുന്നത് ശരീര താപനില കുറക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിൻ ഒഴിവാക്കാനും സഹായിക്കുമെന്ന പരമ്പരാഗത വിശ്വാസമാണ് യുവതി പിന്തുടർന്നിരുന്നതെന്ന് റിപ്പോർട്ടുണ്ട്.
2.5 കിലോഗ്രാം ഭാരമുള്ള ഗ്രാസ് കാർപ്പ് വിഭാഗത്തിൽപ്പെട്ട മീനിന്‍റെ പിത്താശയമാണ് യുവതി പച്ചക്ക് വിഴുങ്ങിയത്. വെറും രണ്ട് മണിക്കൂറിനുശേഷം കടുത്ത ഛർദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങിയതോടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയിൽ വിഷബാധയെ തുടർന്ന് കരളിന്‍റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ഡോക്ടർമാർ കണ്ടെത്തി. ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെടുകയായിരുന്നു.
മീനിന്‍റെ പിത്താശയം ആർസെനിക്കിനേക്കാൾ വിഷാംശം ഉള്ളതാണെന്ന് ചികിത്സിച്ച ഡോക്ടർ മുന്നറിയിപ്പ് നൽകി. കുറച്ച് ഗ്രാം മാത്രം കഴിക്കുന്നത് പോലും ഒരു വ്യക്തിയെ വിഷലിപ്തമാക്കും. അഞ്ച് കിലോഗ്രാമോ അതിൽ കൂടുതലോ ഭാരമുള്ള മത്സ്യങ്ങളുടെ പിത്താശയം മാരകമായേക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ കരളിനെയും വൃക്കകളെയും സാരമായി ബാധിക്കുമെന്നും അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിലക്കുന്നതിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഗുരുതര സന്ദർഭങ്ങളിൽ മരണം വരെ സംഭവിക്കാം.
മീനിന്‍റെ പിത്താശയം പാകം ചെയ്താലും വിഷാംശം നിലനിൽക്കും. ഇത്തരം രീതികൾ അവയുടെ ഔഷധമൂല്യം വർധിപ്പിക്കുമെന്നത് വെറും അവകാശ വാദങ്ങളാണ്. ചൈനയിലുടനീളമുള്ള ആശുപത്രികളിൽ മത്സ്യ പിത്താശയം പച്ചക്ക് കഴിച്ചതിന് ശേഷം നിരവധി രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്താനും കരളിനെ വിഷവിമുക്തമാക്കാനും ശരീരം ശുദ്ധീകരിക്കാനും ഇവയ്ക്ക് കഴിയുമെന്ന് പലരും വിശ്വസിക്കുന്നു.
പിത്താശയത്തിന്റെ കയ്പ്പ് അതിന്റെ ഔഷധ ഫലപ്രാപ്തിയുടെ തെളിവാണെന്ന് പോലും ചില രോഗികൾ അവകാശപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരം അന്ധവിശ്വാസപരമായ പ്രതിവിധികളെ വിശ്വസിക്കരുതെന്നും പകരം ശരിയായ വൈദ്യചികിത്സ തേടണമെന്നും ഡോക്ടർമാർ കർശന മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

