കഫീൻ തലവേദന നിയന്ത്രിക്കുമോ?
text_fieldsകഫീൻ തലവേദന നിയന്ത്രിക്കുമോ? തലവേദനയുടെ കാര്യത്തിൽ കഫീൻ ഒരു ഇരുതല മൂർച്ചയുള്ള വാളാണ് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ ഇത് ആശ്വാസം നൽകുമെങ്കിലും അമിതമായാൽ വേദന കൂടാൻ സാധ്യതയുണ്ട്. ഏകദേശം 100 മുതൽ 150 മില്ലിഗ്രാം വരെ കഫീൻ (ഒരു ചെറിയ കപ്പ് കാപ്പിയിൽ ഉള്ളത്രയും) തലവേദന കുറക്കാൻ സഹായിക്കുമെന്ന് 'ദി ജേണൽ ഓഫ് ഹെഡേക്ക് ആൻഡ് പെയിൻ' എന്ന ഗവേഷണത്തിൽ പറയുന്നു. മൈഗ്രേൻ പോലെയുള്ള തലവേദനകൾ ഉണ്ടാകുമ്പോൾ തലച്ചോറിലെ രക്തക്കുഴലുകൾ വികസിക്കും. കഫീന് ഈ രക്തക്കുഴലുകളെ ചുരുക്കാൻ കഴിവുണ്ട്. ഈ പ്രവർത്തനം ടെൻഷൻ തലവേദനകൾക്കും മൈഗ്രേനിനും താൽക്കാലികമായി ആശ്വാസം നൽകുന്നു.
കൂടുതൽ അളവിൽ കഫീൻ ഉപയോഗിക്കുന്നത് വിപരീത ഫലം നൽകുകയും തലവേദനയുടെ ആവൃത്തി വർധിപ്പിക്കുകയും ചെയ്യാം. ഇത് കഫീൻ അമിതോപയോഗം മൂലമുള്ള തലവേദന എന്ന അവസ്ഥയിലേക്ക് നയിക്കും. കഫീൻ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാൾ അത് പെട്ടെന്ന് നിർത്തുന്നത് വിത്‌ഡ്രോവൽ തലവേദനക്ക് കാരണമാകും. വൈകുന്നേരങ്ങളിലും രാത്രിയിലും കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഉറക്ക ചക്രത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ടെൻഷൻ, മൈഗ്രേൻ തലവേദനകൾക്ക് കഫീൻ സഹായകമാവാമെങ്കിലും, എല്ലാത്തരം തലവേദനകൾക്കും ഇത് ഫലപ്രദമല്ല.
കഫീൻ കാപ്പിയിൽ മാത്രമല്ല അടങ്ങിയിരിക്കുന്നത്. കട്ടൻ ചായയിലും ഗ്രീൻ ടീയിലും കഫീൻ ഉണ്ട്. കോള പോലുള്ള പല പാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ട്. എനർജി ഡ്രിങ്കുകളിൽ കഫീന്റെ അളവ് വളരെ കൂടുതലായിരിക്കും. ചില വേദന സംഹാരികളിലും കഫീൻ ചേർക്കാറുണ്ട്. മൂക്കിലെ സൈനസുകളിലെ മർദ്ദത്തിന്റെ അസന്തുലിതാവസ്ഥ മൂലമാണ് സൈനസ് തലവേദന ഉണ്ടാകുന്നത്. അതിനാൽ കഫീൻ ഈ അവസ്ഥയിൽ സഹായകമല്ല. തലവേദന സ്ഥിരമായി വരികയാണെങ്കിലോ, തീവ്രത കൂടുകയാണെങ്കിലോ തീർച്ചയായും ഒരു ഡോക്ടറെ കാണുകയും ശരിയായ ചികിത്സ തേടുകയും വേണം. ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പ് കഫീൻ കഴിക്കുന്നത് ഒഴിവാക്കുക. ഇത് നല്ല ഉറക്കത്തിന് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

