കാപ്പിയിലെ കഫീൻ ഓകെ, കീടനാശിനിയിലെ കഫീൻ അപകടം’
text_fieldsകഫീൻ അടങ്ങിയ കാപ്പി നാം കാലങ്ങളായി കുടിക്കുന്നു. എന്നാൽ, അതേ കഫീൻ ചവച്ചിറക്കി കഴിച്ചാലോ? കഫീൻ അമിതമായി ശരീരത്തിലെത്തുന്നത് മനുഷ്യന് ഹാനികരമാണെന്നാണ് യൂറോപ്യൻ യൂനിയൻ പുറത്തിറക്കിയ പുതിയ സുരക്ഷാ മാനദണ്ഡത്തിൽ മുന്നറിയിപ്പ് നൽകുന്നത്.
ഹൃദയത്തിനും നാഡീവ്യവസ്ഥക്കുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുമെന്ന ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കഫീൻ, കീടനാശിനി ആയി ഉപയോഗിക്കുന്നതാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. കാർഷികാവശ്യങ്ങൾക്കായുള്ള ഉപയോഗത്തിൽ മാത്രമേ നിയന്ത്രണമുള്ളൂവെങ്കിലും ഭാവിയിൽ കഫീൻ അടങ്ങിയ പാനീയങ്ങൾക്കും നിയന്ത്രണം വരുമോ എന്നാണ് യൂറോപ്പ് നോക്കുന്നത്.
‘അമിത അളവിലുള്ള കഫീൻ മുതിർന്നവരിലും കുട്ടികളിലും ഗർഭിണികളിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. മിതമായ അളവിൽ ചായയിലും കാപ്പിയിലും അടങ്ങിയിട്ടുള്ള കഫീൻ പ്രശ്നക്കാരനല്ല. മറ്റ് വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ കഫീന്റെ അപകടസാധ്യത താരതമ്യേന കുറവാണ്.
അമിതമായി കഫീൻ കഴിക്കുന്നത് ഹൃദയമിടിപ്പ്, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവക്ക് കാരണമാകുമെങ്കിലും അത്, ഉപയോഗത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി വളരെ ഉയർന്ന ഉപഭോഗത്തിൽ മാത്രമേ ഇത് സംഭവിക്കൂ’ -യൂറോപ്യൻ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ, കാർഷികാവശ്യങ്ങൾക്കുള്ള ഉപയോഗം നിരോധിച്ച് യൂറോപ്യൻ കമീഷൻ അറിയിച്ചു.
അതേസമയം, ഉന്മേഷത്തിനും പാർക്കിൻസൺസ്, ടൈപ്പ് 2 ഡയബറ്റിസ് പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും മിതമായ കഫീൻ ഉപയോഗം സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. എന്നാൽ, അമിതമായ അളവിൽ കഫീൻ ചേർത്തിട്ടുള്ള എനർജി ഡ്രിങ്കുകളെ പുതിയ നിയമം ബാധിക്കുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

