ആശുപത്രി സുരക്ഷ ഇനി ‘ഭദ്രം’
text_fieldsകൊച്ചി: സംസ്ഥാനത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ സുരക്ഷക്ക് ‘ഭദ്രം’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ അനുമതി നൽകി. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ പൊതുമേഖലയിലെ 1280ലധികം ആരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തി ശാസ്ത്രീയമായി പരിഹരിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ജൂലൈയിൽ കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിക്കാനിടയായതടക്കം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്, വിവിധ തലങ്ങളിലെ ചർച്ചകൾക്കുശേഷം ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ പദ്ധതി അംഗീകരിച്ചത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 12.57 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ സേവനങ്ങൾ തടസ്സപ്പെടാതെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രവർത്തനപദ്ധതി ആശുപത്രികൾക്കായി ആവിഷ്കരിക്കുക എന്നതാണ് ’ഭദ്ര’ത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഓരോ ആശുപത്രിയിൽനിന്നും ഒരു ടീമിനെ തെരഞ്ഞെടുത്ത് ദുരന്ത നിവാരണത്തിൽ പരിശീലനവും നൽകും. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിനാണ് ഇതിന്റെ ചുമതല. പദ്ധതിയുടെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളുടെയും സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷംതന്നെ പൂർത്തിയാക്കും.
ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ
പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിലാകും ആദ്യം പദ്ധതി നടപ്പാക്കുക. ഇതിലൂടെ കണ്ടെത്തുന്ന ന്യൂനതകൾകൂടി പരിഹരിച്ചശേഷം മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ജോയ് ഇളമൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
കെട്ടിടം, അഗ്നിപ്രതിരോധം എന്നിവയടക്കം ആശുപത്രികളിലെ നിലവിലെ സുരക്ഷാ പ്രശ്നങ്ങൾ എന്തെല്ലാം, ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ ഏതൊക്കെ, അടിയന്തരഘട്ടങ്ങൾ നേരിടാൻ വ്യക്തമായ പദ്ധതിയുണ്ടോ, ആവശ്യം വന്നാൽ രോഗികളെ ഐ.സി.യുവിൽനിന്നടക്കം ഒഴിപ്പിക്കാൻ സംവിധാനമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദ പരിശോധനയിലൂടെ കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിതലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അങ്ങനെത്തന്നെ ചെയ്യും. ആരോഗ്യ വകുപ്പിന്റെ ഇടപെടൽ വേണ്ട വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തും. അതിനുമപ്പുറമുള്ള പ്രശ്നങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ (എസ്.ഡി.എം.എഫ്) ഉൾപ്പെടുത്തി പരിഹാരം കാണും.
- സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ജോയ് ഇളമൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

