പി.എം ശ്രീക്ക് കൈകൊടുത്താൽ എൻ.ഇ.പിയും നടപ്പാക്കണം
text_fieldsതിരുവനന്തപുരം: പി.എം ശ്രീ നടപ്പാക്കിയാലും ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അംഗീകരിക്കില്ലെന്നും രണ്ടും രണ്ടാണെന്നുമുള്ള സി.പി.എം വാദം പൊളിച്ച് പദ്ധതിയുടെ ധാരണപത്രം. പി.എം ശ്രീ കരാറിൽ ഒപ്പിടുന്ന സംസ്ഥാനങ്ങൾ എൻ.ഇ.പിയുടെ എല്ലാ വ്യവസ്ഥകളും പൂർണമായി നടപ്പാക്കണമെന്നതാണ് ധാരണപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാതൃക ചട്ടക്കൂട് 125 ാം പേജിൽ ചേർത്ത ധാരണപത്രത്തിന്‍റെ മാതൃകയിൽ ഇക്കാര്യം അടിവരയിടുന്നു. വസ്തുത ഇതായിരിക്കെ എങ്ങനെയും കരാർ ഒപ്പുവെക്കുന്നതിന് വസ്തുതാവിരുദ്ധ കാര്യങ്ങളാണ് സി.പി.എമ്മും വിദ്യാഭ്യാസ വകുപ്പും ആവർത്തിക്കുന്നത്.
പി.എം ശ്രീ നടപ്പാക്കുന്നതോടെ കാവിവത്കരണ അജണ്ടകൾ ഉൾക്കൊള്ളിച്ച് കേന്ദ്രസർക്കാർ തയാറാക്കിയ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ പാഠ്യപദ്ധതിയും പഠന രീതികളും ഉൾപ്പടെയുള്ളവ സംസ്ഥാനത്തും നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകും. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി വഴി ലഭിക്കേണ്ട കേന്ദ്രവിഹിതം തടഞ്ഞുവെച്ചാണ് സംസ്ഥാനങ്ങളെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുവിക്കാൻ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തുന്നത്. ആശയപരമായ ഈ ചതിക്കുഴി വ്യക്തമായിരിക്കെ സർക്കാർ എന്തിന് കരാറിന് അമിത താൽപര്യം കാട്ടുന്നുവെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
ബ്ലോക്ക് തലത്തിൽ രണ്ട് സ്കൂളുകളെ വീതം തിരഞ്ഞെടുത്ത് ഗുണനിലവാരം ഉയർത്തുന്ന പദ്ധതികളാണ് പി.എം ശ്രീ വഴി നടപ്പാക്കുക. ഇതിനായി ബന്ധപ്പെട്ട സ്കൂളിന്റെ പേര് തന്നെ മാറ്റണം.'സ്കൂളുകളുടെ പേരിന് മുന്നിൽ പി.എം ശ്രീ എന്ന് ചേർത്ത് ബോർഡും അതിൽ പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കണം. ഫലത്തിൽ സംസ്ഥാന സർക്കാർ മികച്ച നിലയിൽ നടത്തിക്കൊണ്ടുപോകുന്ന സ്കൂളുകളുടെ അക്കാദമിക നിയന്ത്രണം പൂർണമായി കേന്ദ്രസർക്കാറിന് വിട്ടുനൽകണം.
പദ്ധതിക്ക് കീഴിൽ വരുന്ന സ്കൂളുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നേട്ടങ്ങളുടെ പ്രദർശന കേന്ദ്രങ്ങൾ കൂടിയാക്കി മാറ്റണം. തുടക്കത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പദ്ധതിയെങ്കിൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. അതേസമയം, ഉന്നത വിദ്യാഭ്യാസ വകുപ്പ് പി.എം ഉഷ (പ്രധാനമന്ത്രി ഉച്ചതർ ശിക്ഷ അഭിയാൻ) എന്ന പേരിൽ സമാനമായ പദ്ധതി ഒപ്പിട്ടുവെന്ന ന്യായവാദവും പ്രതിരോധത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്. അതേസമയം, ഈ കരാർ ഒപ്പിട്ട സമയത്ത് കാര്യമായ ചർച്ച നടന്നില്ലെന്ന വിമർശനവുമുണ്ട്. ആരോടും ചർച്ച ചെയ്യാതെയാണ് പി.എം ഉഷ പദ്ധതിക്ക് ഒപ്പിട്ടതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

