ക്ഷീണവും സന്ധിവേദനയും അവഗണിക്കരുത്; സ്ത്രീകളിൽ ഓട്ടോഇമ്മ്യൂൺ രോഗസാധ്യത കൂടുതൽ
text_fieldsലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എൺപതിലധികം വ്യത്യസ്ത തരം ഓട്ടോ ഇമ്മ്യൂൺ രോഗബാധിതരിൽ (സ്വയം രോഗപ്രതിരോധ രോഗങ്ങൾ) വലിയൊരു പങ്കും സ്ത്രീകളാണെന്ന് കണക്കുകൾ. ശരീരത്തിന്റെ സ്വന്തം രോഗപ്രതിരോധസംവിധാനം ആരോഗ്യകരമായ കോശങ്ങളെ തിരികെ ആക്രമിച്ച് നശിപ്പിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ.
ആഗോള ആരോഗ്യ കണക്കുകൾ പ്രകാരം, ലൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സോറിയാസിസ്, ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്, ഷോഗ്രെൻസ് സിൻഡ്രോം തുടങ്ങിയ ഗുരുതരമായ ഓട്ടോ ഇമ്മ്യൂൺ അവസ്ഥകളുമായി ജീവിക്കുന്നവരിൽ ഏകദേശം 80 ശതമാനവും സ്ത്രീകളാണ്. കഠിനമായ ക്ഷീണം, സന്ധി വേദന, മുടികൊഴിച്ചിൽ, ചർമ്മത്തിലെ തിണർപ്പുകൾ, തലച്ചോറിലെ മൂടൽ അവസ്ഥ, അല്ലെങ്കിൽ കാരണമില്ലാത്ത വിട്ടുമാറാത്ത പനി എന്നിവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ മിക്കപ്പോഴും ഇത്തരം ലക്ഷണങ്ങളെ സമ്മർദ്ദം, ഉറക്കക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയായി തെറ്റിദ്ധരിച്ച് സ്ത്രീകൾ അവഗണിക്കാറാണ് പതിവ്.
കൃത്യമായ രോഗനിർണ്ണയം സമയബന്ധിതമായി നടത്തിയില്ലെങ്കിൽ രോഗാവസ്ഥ മോശമാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനിതക ഘടകങ്ങൾ, ഹോർമോണുകൾ, പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്നിവയെല്ലാമാണ് ഓട്ടോഇമ്മ്യൂൺ പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ രോഗപ്രതിരോധ ശേഷി പൊതുവെ ശക്തമാണ്. ഇത് സാധാരണ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുമെങ്കിലും, രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറുകൾക്കുള്ള സാധ്യതയും സ്ത്രീകളിൽ വർധിപ്പിക്കുന്നു. വിട്ടുമാറാത്തതും ആവർത്തിച്ചുണ്ടാകുന്നതുമായ ലക്ഷണങ്ങൾ അവഗണിക്കാതെ എത്രയും വേഗം വൈദ്യ സഹായം തേടുന്നത് രോഗാവസ്ഥ കൂടുതൽ ഗുരുതരമാവുന്നതിനു മുന്നേ പൂർണമായും ബേദമാക്കാൻ സഹായിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

