''ഇൻജക്ഷനുകൾ സൗന്ദര്യവർധക വസ്തുക്കളല്ല': ബ്യൂട്ടി ക്ലിനിക്കുകളിലെ ചികിത്സകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ
text_fieldsന്യൂഡൽഹി: പ്രായം കുറക്കാനും ചർമത്തിന്റെ ഭംഗി കൂട്ടാനുമെന്ന പേരിൽ ശരീരത്തിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വ്യാപകമായി കുത്തിവെക്കുന്നതിനെതിരെ കർശന നിയന്ത്രണങ്ങളുമായി അധികൃതർ. നടപടിയെ തുടർന്ന് ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബ്യൂട്ടി ക്ലിനിക് വ്യവസായം നിരീക്ഷണത്തിലായിരിക്കുകയാണ്. സൗന്ദര്യവർധക വസ്തുക്കൾ മനുഷ്യശരീരത്തിലേക്ക് കുത്തിവെക്കാൻ പാടില്ല എന്നാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വ്യക്തമാക്കിയിരിക്കുന്നത്.
1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം, ശരീരം വൃത്തിയാക്കാനോ ഭംഗിയാക്കാനോ വേണ്ടി ചർമത്തിൽ തിരുമ്മുവാനോ, ഒഴിക്കുവാനോ, സ്പ്രേ ചെയ്യുവാനോ ഉദ്ദേശിച്ചുള്ള ഉൽപ്പന്നങ്ങളാണ് സൗന്ദര്യവർധക വസ്തുക്കൾ എന്ന് ഡ്രഗ് റെഗുലേറ്റർ വ്യക്തമാക്കി. കുത്തിവെപ്പിലൂടെ ശരീരത്തിനുള്ളിലേക്ക് നൽകുന്ന ഒരു ഉൽപ്പന്നവും ഈ നിർവചനത്തിൽ പെടില്ലെന്ന് സി.ഡി.എസ്.സി.ഒ ഊന്നിപ്പറഞ്ഞു.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ, വൻതോതിലുള്ള പരസ്യങ്ങളിലൂടെ ബ്യൂട്ടി ക്ലിനിക്കുകളും വെൽനസ് സെന്ററുകളും ഗ്ലൂട്ടത്തയോൺ ഇഞ്ചക്ഷനുകൾ, ആന്റി-ഏജിംഗ് കോക്ടെയിലുകൾ, സ്കിൻ ബ്രൈറ്റനിംഗ് ചികിത്സകൾ എന്നിവ നൽകുന്നതിൽ വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ വ്യക്തത വരുത്തൽ.
ഉപഭോക്താക്കൾക്കോ, പ്രഫഷണലുകൾക്കോ, ബ്യൂട്ടി ക്ലിനിക്കുകൾക്കോ യാതൊരുവിധ സൗന്ദര്യവർധക വസ്തുക്കളും ഇഞ്ചക്ഷൻ രൂപത്തിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് റെഗുലേറ്റർ ചൂണ്ടിക്കാണിച്ചു. ഇവ ബാഹ്യമായ ഉപയോഗത്തിന് മാത്രമുള്ളതാണെന്നും രോഗശാന്തിക്കോ ചികിത്സക്കോ ഉള്ളതല്ലെന്നും ആവർത്തിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയും നിരോധിത ചേരുവകൾ സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതിനെതിരെയും ഉത്തരവ് മുന്നറിയിപ്പ് നൽകുന്നു.
സൗന്ദര്യ വർധക ഉൽപ്പന്നങ്ങളുടെ ലേബലുകളിലോ നിർമാതാക്കളുടെ വിവരങ്ങളിലോ മാറ്റം വരുത്തുന്നത് നിരോധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ട്രെൻഡുകൾ, സെലിബ്രിറ്റികളുടെ പരസ്യങ്ങൾ, യുവാക്കൾക്കിടയിൽ പ്രായം കുറക്കുന്നതിനുള്ള ചികിത്സകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവ കാരണം കഴിഞ്ഞ ഒരു ദശകത്തിനിടെ നഗരങ്ങളിൽ വ്യാപകമായ കോസ്മെറ്റിക് ബിസിനസുകളെ നടപടി സാരമായി ബാധിക്കുമെന്നാണ് നിരീക്ഷണം.
സുരക്ഷിതത്വം സംബന്ധിച്ച് ആരോഗ്യ മേഖലയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും ചർമത്തിന് നിറം വർധിപ്പിക്കുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനുമുള്ള ഒരു ചികിത്സയിൽ ഗ്ലൂട്ടത്തയോൺ ഇഞ്ചക്ഷനുകൾക്ക് വലിയ പ്രചാരമാണ് ഉള്ളത്. അതുപോലെ, പ്രായം കുറക്കുന്നതിനുള്ള ഇഞ്ചക്ഷൻ ചികിത്സകൾ ആശുപത്രികൾക്ക് പുറത്ത്, അടിയന്തര പരിചരണ സംവിധാനങ്ങൾ പോലുമില്ലാത്ത ക്ലിനിക്കുകളിലാണ് ഇപ്പോൾ വ്യാപകമായി നൽകിവരുന്നത്. കോസ്മെറ്റിക് വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങൾ ഇഞ്ചക്ഷനായി ഉപയോഗിക്കുകയോ ചികിത്സാപരമായ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുകയോ ചെയ്താൽ അത്തരം രീതികൾ ഇനിമുതൽ കടുത്ത പരിശോധനക്ക് വിധേയമാകും എന്ന് സി.ഡി.എസ്.സി.ഒ മുന്നറിയിപ്പ് നൽകുന്നു.
"കോസ്മെറ്റിക് ഇഞ്ചക്ഷനുകൾ ദോഷമില്ലാത്ത സൗന്ദര്യവർധക മാർഗ്ഗങ്ങളാണെന്നാണ് ഉപഭോക്താക്കളെ ധരിപ്പിച്ചിരിക്കുന്നത്, എന്നാൽ പല ഉൽപ്പന്നങ്ങളും നിയമപ്രകാരം അംഗീകരിക്കാത്ത രീതിയിലാണ് ഉപയോഗിക്കുന്നത്," ഡെർമറ്റോളജിസ്റ്റ് ഡോ. കബീർ സർദാന പറയുന്നു.
ഇത്തരം ഇഞ്ചക്ഷൻ ചികിത്സകൾ അലർജി, അണുബാധ മുതൽ കരൾ, വൃക്ക തകരാറുകൾ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ ചികിത്സാ മാനദണ്ഡങ്ങളുടെ അഭാവവും യോഗ്യതയില്ലാത്ത വ്യക്തികൾ ചികിത്സിക്കുന്നതുമാണ് ആശങ്കകൾ വർധിപ്പിക്കുന്നത്. പ്രഫഷണലുകൾക്കോ വ്യക്തികൾക്കോ സൗന്ദര്യവർധക വസ്തുക്കൾ ചികിത്സയ്ക്കായി ഉപയോഗിക്കാൻ അനുമതിയില്ലെന്ന് വ്യക്തമാക്കിയ റെഗുലേറ്റർ അതോറിറ്റി അംഗീകൃത മരുന്നുകളും കോസ്മെറ്റിക് ഉൽപ്പന്നങ്ങളും തമ്മിലുള്ള വ്യത്യാസം വീണ്ടും ഊന്നിപ്പറഞ്ഞു. മുമ്പ് ഉന്നത നിലവാരമുള്ള ഡെർമറ്റോളജി സെന്ററുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഇത്തരം സേവനങ്ങൾ ഇപ്പോൾ മാളുകളിലും സലൂണുകളിലും ഓൺലൈൻ വെൽനസ് ശൃംഖലകളിലും വ്യാപകമായി ലഭ്യമാകുന്ന തരത്തിൽ ഇന്ത്യയിലെ സൗന്ദര്യവർധക ചികിത്സാ വിപണി അതിവേഗം വളരുന്ന സമയത്താണ് ഈ കർശന നടപടി ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

