സെറ്റാവാൻ 7000 സ്റ്റെപ് നടത്തം
text_fieldsഅവധിയൊന്നും എടുക്കാതെ ദിവസം 7000 ചുവട് നടക്കുന്നതിന്റെ ആരോഗ്യ നേട്ടങ്ങൾ വിശദീകരിക്കുകയാണ് വിദഗ്ധർ. നടത്തത്തിനൊപ്പം ശരിയായ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും മതിയായ വിശ്രമം ലഭിക്കുകയും ചെയ്താൽ മികച്ച ആരോഗ്യ നേട്ടങ്ങൾ കൈവരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ദിവസവും 7000 ചുവട്, രണ്ടു മാസം തുടർച്ചയായി ചെയ്താൽ മാറ്റം ദൃശ്യമാകുമെന്ന് മുംബൈ വോക്ക്ഹാർട്ട് ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ഫിസിഷ്യൻ ഡോ. റിതുജ യുഗാൽമുഗ്ലെ അഭിപ്രായപ്പെടുന്നു. ‘‘ഇത് കാർഡിയോ വാസ്കുലാർ ആരോഗ്യം വർധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും മാനസികാരോഗ്യവും മൊത്തത്തിൽ ഉന്മേഷം വർധിപ്പിക്കാനും സഹായിക്കും’’ -ഡോ. റിതുജ പറയുന്നു.
പതിവായുള്ള നടത്തം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു, രക്തസമ്മർദം കുറക്കുന്നു, ജോയന്റുകൾക്കും മസിലുകൾക്കും ആരോഗ്യം നൽകുന്നു. അവധിയില്ലാതെ ആഴ്ചയിൽ മുഴുവൻ ദിവസവും ചെയ്യുന്നതാണ് ഉത്തമമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. 5000 ചുവടുകൾക്ക് താഴെയാണ് ഒരു ദിവസത്തെ നടത്തമെങ്കിൽ വ്യായാമമില്ലായ്മ എന്നാണ് കണക്കാക്കേണ്ടത്.
ഏറ്റവും മികച്ചത് 10,000 ആണ്. 7000 എങ്കിലും വേണം. ‘‘നടത്തം ഇൻസുലിൻ പ്രശ്നങ്ങൾ പരിഹരിക്കും. എൽ.ഡി.എൽ കൊളസ്ട്രോൾ കുറക്കുന്നതടക്കമുള്ള ഗുണങ്ങളുമുണ്ടാകും’’ -മണിപ്പാൽ ഹോസ്പിറ്റൽ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. എം. സുധാകർ റാവു പറയുന്നു. താരതമ്യേന എളുപ്പമായ ഇങ്ങനെയൊരു തുടക്കത്തിലൂടെ ജീവിതശൈലി രോഗ റിസ്കുകൾ കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്നും ഡോ. റാവു വിശദീകരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.