ആർത്തവ സമയത്തെ രക്തദാനം; മിഥ്യയും വസ്‍തുതയും അറിയാം
text_fieldsരക്തദാനം ജീവൻ രക്ഷിക്കുമെന്ന വസ്തുത ഉണ്ടായിരുന്നിട്ടും ആർത്തവ സമയത്തെ രക്തദാനത്തെ കുറിച്ച് സമൂഹത്തിൽ നിരവധി മിഥ്യാധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. രക്തദാതാവിന്റെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നത് രക്തദാതാക്കളെ രക്തം ദാനം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതെല്ലാം വസ്തുതയാണോ? ആർത്തവസമയത്ത് രക്തം ദാനം ചെയ്യാൻ സാധിക്കില്ലേ? മിഥ്യകൾക്കപ്പുറം ഇതിലുള്ള വസ്തുതകൾ എന്തൊക്കെയാണ്?
ആർത്തവ സമയത്ത് രക്തദാനത്തെക്കുറിച്ചുള്ള പൊതുവെയുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതുകയാണ് ബംഗളൂരു ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡയറക്ടർ ഡോ. ലാവണ്യ കിരൺ. ആർത്തവ സമയത്ത് രക്തം ദാനം ചെയ്യുന്നത് അപകടമല്ല. ആർത്തവ സമയത്ത് സാധാരണയായി 30–80 മില്ലി രക്തമാണ് നഷ്ടപ്പെടുന്നത്. അതേസമയം രക്തദാനത്തിൽ നഷ്ടപ്പെടുന്നത് ഏകദേശം 500 മില്ലി രക്തമാണ്. ആരോഗ്യമുള്ള ശരീരത്തിന് ഇത് വേഗത്തിൽ നിറക്കാൻ സാധിക്കുന്ന അളവാണ്. ആവശ്യത്തിന് ഹീമോഗ്ലോബിൻ അടങ്ങിയിട്ടുണ്ടെങ്കിൽ ആർത്തവ സമയത്ത് രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണ്.
ദാനം ചെയ്യുന്ന രക്തം ഗർഭാശയത്തിൽ നിന്നല്ല സിരകളിൽ നിന്നാണ് എടുക്കുന്നത്. രക്തം എടുക്കുന്നതിന് മുന്നേ ഗുണനിലവാരത്തിനും സുരക്ഷക്കും വേണ്ടി കർശനമായ പരിശോധനക്ക് വിധേയമാക്കാറുണ്ട്. അതുകൊണ്ട് ദാനം ചെയ്യുന്ന രക്തത്തിന്റെ ഉപയോഗക്ഷമതയെയോ സുരക്ഷയെയോ ആർത്തവം ബാധിക്കില്ല. ആർത്തവമുള്ള സ്ത്രീകൾ രക്തം ദാനം ചെയ്യുന്നത് നിരോധിക്കുന്ന ഒരു നയവും നിലവിലില്ല. ഹീമോഗ്ലോബിൻ, പൊതുവായ ക്ഷേമം തുടങ്ങിയ മൊത്തത്തിലുള്ള ആരോഗ്യ സൂചകങ്ങളാണ് രക്തദാനത്തിന്റെ യോഗ്യത.
അമിതമായ രക്തസ്രാവം അനുഭവിക്കുന്ന സ്ത്രീകൾക്ക് പൊതുവേ ഹീമോഗ്ലോബിൻ അളവ് കുറവായിരിക്കും. അത്തരം സന്ദർഭങ്ങളിൽ രക്തസ്രാവം കുറയുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതം. എന്നാൽ നേരിയതോ മിതമായതോ ആയ രക്തസ്രാവം ഒരു പ്രശ്നമല്ല. രക്തദാനത്തിന് ശേഷം ജലാംശം നിലനിർത്തുന്നതും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും സുഗമമായ വീണ്ടെടുക്കലിന് സഹായിക്കും. ആർത്തവ സമയത്തോ അതിനു തൊട്ടുപിന്നാലെയോ സ്ത്രീകൾക്ക് രക്തം ദാനം ചെയ്യാമെന്നാണ് രക്തദാന കേന്ദ്രങ്ങൾ പൊതുവെ സ്ഥിരീകരിക്കുന്നത്. എങ്കിലും രക്തദാനത്തിന് ഒരാളുടെ ശരീരം ശ്രദ്ധിക്കുന്നത് പ്രധാനമാണ്.
ഇത്തരം തെറ്റിദ്ധാരണകൾ മാറ്റുന്നതിലൂടെ കൂടുതൽ സ്ത്രീകളെ രക്തദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കാനും ദാതാക്കളുടെ വിടവ് നികത്താനും കഴിയും. രക്തം ദാനം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുക, ജലാംശം നിലനിർത്തുക, വിളർച്ച ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക എന്നിവ പ്രധാനമാണ്. ആരോഗ്യമുള്ള വ്യക്തികൾക്ക് ആർത്തവ രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

