അൽപം മടിപിടിച്ചിരിക്കൂ, തലച്ചോറിന് നല്ലാതാണെന്ന് ന്യൂറോളജിസ്റ്റുകൾ!
text_fieldsഎപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം, ഒരു നിമിഷം ഒഴിവുകിട്ടിയാൽ ഫോണിൽ നോക്കണം… ഇന്നത്തെ ജീവിതത്തിൽ പലർക്കുമുള്ള ശീലമാണിത്. എന്നാൽ ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്ന സമയം പാഴാകുന്നതല്ലെന്നും തലച്ചോറിന് ആവശ്യമായ വിശ്രമവും ചിന്തകൾ ക്രമീകരിക്കാനുള്ള അവസരവുമാണെന്നും പ്രശസ്ത ന്യൂറോളജിസ്റ്റുകൾ പറയുന്നു. തുടർച്ചയായ ഡിജിറ്റൽ ഉത്തേജനങ്ങളിൽനിന്ന് മാറിനിൽക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഗുണകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇമെയിൽ പരിശോധിക്കുക, വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകുക, സമൂഹമാധ്യമങ്ങളിലെ റീലുകൾ കാണുക എന്നിങ്ങനെ തുടർച്ചയായി പ്രവർത്തനങ്ങൾ മാറിമാറി ചെയ്യുന്നത് തലച്ചോറിന്റെ ശ്രദ്ധയെയും ഏകാഗ്രതയെയും പലതവണ വഴിതിരിച്ചുവിടുന്നു. ഇത് മാനസികമായി തളർച്ചയും ക്ഷീണവും ഉണ്ടാക്കുന്നതിനും അനുഭവങ്ങളെയും ചിന്തകളെയും ആഴത്തിൽ വിലയിരുത്താനുള്ള അവസരം ഇല്ലാതാക്കാകുകയും ചെയ്യുന്നു. സാങ്കേതികവിദ്യ പൂർണമായി ഉപേക്ഷിക്കുകയല്ല വേണ്ടതെന്നും ഇടക്കെങ്കിലും അതിൽനിന്ന് മാറിനിൽക്കുകയാണ് പ്രധാനമെന്നും ന്യൂറോളജിസ്റ്റുകൾ നിർദേശിക്കുന്നു.
ഓർമകൾ, സ്വയം വിലയിരുത്തൽ, ഭാവിയെക്കുറിച്ചുള്ള ചിന്തകൾ എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ശൃംഖലയാണ് 'ഡിഫോൾട്ട് മോഡ് നെറ്റ്വർക്ക്' എന്നറിയപ്പെടുന്നത്. മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുമ്പോൾ ഈ ശൃംഖല സജീവമാകാം. അനുഭവങ്ങൾ മനസ്സിലാക്കാനും പുതിയ ആശയങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനും ഇത്തരം നിമിഷങ്ങൾ സഹായിക്കുമെന്ന് ന്യൂറോളജിസ്റ്റുകൾ വിശദീകരിക്കുന്നു. ബോറടിക്കുമ്പോഴെല്ലാം ഫോണിലേക്ക് കൈ നീട്ടുന്നത് തലച്ചോറിനെ വീണ്ടും നിരന്തരമായ ഉത്തേജനത്തിലേക്ക് തള്ളിവിടും. പകരം കുറച്ചുനേരം നിശ്ശബ്ദമായി ഇരിക്കുകയോ ചിന്തകൾക്ക് ഇടം നൽകുകയോ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങളില്ലാതെ നടക്കുകയോ ചെയ്യാം. കാത്തുനിൽക്കുമ്പോഴോ തനിച്ചിരിക്കുമ്പോഴോ ഉടൻ ഫോൺ പരിശോധിക്കാതിരിക്കുക, ജോലി സമയത്ത് കമ്പ്യൂട്ടറിൽനിന്ന് മാറി ഇടവേള എടുക്കുക, ഭക്ഷണം കഴിക്കുമ്പോൾ ഫോണിൽ നോക്കാതിരിക്കുക തുടങ്ങിയ ശീലങ്ങളും നല്ലതാണ്.
അതേസമയം, സ്മാർട്ട്ഫോൺ പൂർണമായി ഉപേക്ഷിക്കുകയോ കർശനമായ ഡിജിറ്റൽ ഡിറ്റോക്സ് പിന്തുടരുകയോ ചെയ്യേണ്ടതില്ല. തിരക്കിനിടയിൽ ചെറിയ ഇടവേളകൾ കണ്ടെത്തി തലച്ചോറിന് സ്വതന്ത്രമായി ചിന്തിക്കാനുള്ള സമയം നൽകുകയാണ് പ്രധാനം.

