ചിലപ്പോഴൊക്കെ അഗാധമായ ദുഃഖം അനുഭവപ്പെടാറുണ്ടോ? നിങ്ങൾക്ക് ‘ഗ്രീഫ് അറ്റാക്ക്’ ആവാം!
text_fieldsദുഃഖം അനുഭവപ്പെടുന്നതും അത്തരം സന്ദർഭങ്ങളിൽ നമ്മുടെ ശരീരം പ്രതികരിക്കുന്ന രീതികളും വ്യക്തികൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാൽ ചില ശാരീരിക പ്രതികരണങ്ങൾ മിക്കവരിലും സമാനമായിരിക്കും. അത്തരമൊരു അവസ്ഥയാണ് ഗ്രീഫ് അറ്റാക്ക്. ഗ്രീഫ് അറ്റാക്കിനെ പറ്റി മനസിലാക്കുന്നതും പ്രതിസന്ധി ഘട്ടങ്ങളിൽ ഈ അവസ്ഥയെ എങ്ങനെ മറികടക്കണമെന്ന് മനസിലാക്കുന്നതും ജീവിതത്തിൽ അനിവാര്യമാണ്.
എന്താണ് ഗ്രീഫ് അറ്റാക്ക്
ചില ഓർമകൾ, സ്ഥലങ്ങൾ, മണം, ചിന്തകൾ എന്നിവക്ക് നമ്മിൽ ആഴത്തിലുള്ള ദുഖമുണ്ടാക്കാൻ കഴിയും. ആകസ്മികമായിട്ടായിരിക്കും മിക്കപ്പോഴും ഇത് സംഭവിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഗ്രീഫ് അറ്റാക്കുകൾ സംഭവിക്കാറുണ്ട്. ഈ സങ്കട തിരമാലകൾക്ക് വളരെ പെട്ടെന്ന് തന്നെ നമ്മിൽ ഉത്കണ്ഠയും മാനസിക പിരിമുറക്കവും ചിലപ്പോൾ ശരീരവേദനയും സൃഷ്ടിക്കാൻ കഴിയും. ഈ അവസ്ഥയാണ് ഗ്രീഫ് അറ്റാക്ക്. ഇത് വ്യക്തികൾക്ക് ഭയവും അഗാധമായ ദുഃഖവും ശരീരത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നാനും കാരണമാകുന്നു. ഇത്തരം വൈകാരിക പ്രതികരണങ്ങളെ പരിശീലനത്തിലൂടെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും.
1. ഇത്തരം അവസ്ഥകളിൽ ആദ്യ ചെയ്യേണ്ടത് ഇതൊരു ഗ്രീഫ് അറ്റാക്ക് ആണെന്ന് തിരിച്ചറിയുയാണ്. ഈ ദുഃഖവും പരിഭ്രാന്തിയും താൽക്കാലികമാണെന്നും ഇതും കടന്നുപോകുമെന്നും സ്വയം ഓർമ്മിപ്പിക്കുക.
2. 4-7-8 ശ്വസന രീതി പരീക്ഷിക്കുക. നാല് സെക്കൻഡ് ശ്വസിക്കുക, ഏഴ് സെക്കൻഡ് പിടിച്ചുവയ്ക്കുക, എട്ട് സെക്കൻഡ് നിശ്വസിക്കുക. നാഡിവ്യവസ്ഥയെ നിയന്ത്രിക്കാൻ ഇത്തരം ശ്വസന രീതികൾ കൊണ്ട് സാധിക്കും.
3 സാധ്യമെങ്കിൽ ശാന്തമായ ഒരു സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. നിങ്ങൾക്ക് മരവിച്ചതായി തോന്നുന്നുവെങ്കിൽ, നടക്കുകയോ കൈകാലുകൾ ചലിപ്പിക്കാനോ ശ്രമിക്കുക. സ്വയം കെട്ടിപ്പിടിക്കുന്നതും ആശ്വാസം നൽകും.
4. നിങ്ങളുടെ ഇന്ദ്രിയങ്ങളെ സജീവമാക്കുക. മനസിന്‍റെ ശ്രദ്ധ മാറ്റാൻ തണുത്ത വെള്ളം കുടിക്കുകയോ ഐസ് ക്യൂബ് പിടിക്കുകയോ ചെയ്യുക. ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള സുഗന്ധങ്ങൾ മണത്തു നോക്കുക.
5. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക. ആവശ്യമെങ്കിൽ കരയുക. ദുഃഖം ഒഴിവാക്കാനുള്ള ഒരു സ്വാഭാവിക മാർഗമാണിത്. ചിന്തകളും അനുഭവങ്ങളും ജേണലിൽ എഴുതുന്നതും പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും.
6. ഞാൻ സുരക്ഷിതയാണ്, ഈ അവസ്ഥയും കടന്നുപോകും, എനിക്ക് ദുഃഖിക്കാൻ അവകാശമുണ്ട് തുടങ്ങിയ വാക്യങ്ങൾ ആവർത്തിച്ച് ഉരുവിടുക. വിശ്വാസികളാണെങ്കിൽ പ്രാർത്ഥന ചൊല്ലുന്നതും ആശ്വാസം നൽകും
7. പിന്തുണയ്‌ക്കായി വിശ്വസ്തനായ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ തെറാപ്പിസ്റ്റിനെയോ വിളിക്കുക.
8. ഗ്രീഫ് അറ്റാക്കിന് ശേഷമുള്ള സ്വയം പരിചരണം പരിശീലിക്കുക. വിശ്രമിക്കുക, വെള്ളം കുടിക്കുക, സംഗീതം കേൾക്കുക, ചൂട് വെള്ളത്തിൽ കുളിക്കുക തുടങ്ങി ആശ്വാസകരമായ എന്തെങ്കിലും ചെയ്യുക. വായന, ധ്യാനം അല്ലെങ്കിൽ ലഘു വ്യായാമം എന്നിവയും മനശാന്തി നൽകും.
കാലക്രമേണ, ഗ്രീഫ് അറ്റാക്കുകളുടെ തീവ്രത കുറയുകയും കൂടുതൽ നിയന്ത്രിക്കാവുന്നതുമായി മാറിയേക്കാം. പക്ഷേ അവ പതിവായി നിലനിൽക്കുകയോ ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ആരോഗ്യ വിദഗ്ധരുടെ പിന്തുണ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

